Biblia Todo Logo
Bìoball air-loidhne

- Sanasan -

ലൂക്കൊസ് 4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യേശുവിനുണ്ടായ പരീക്ഷകൾ

1 യേശു സ്നാനത്തിന് ശേഷം പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി; എന്നാൽ പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.

2 ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവനു വിശന്നു.

3 അപ്പോൾ പിശാച് അവനോട്: “നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്ക“ എന്നു പറഞ്ഞു.

4 യേശു അവനോട്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്നു തിരുവചനത്തിൽ എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

5 പിന്നെ പിശാച് അവനെ ഉയർന്ന ഒരു സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ഒരു നിമിഷം കൊണ്ടു അവനെ കാണിച്ചു:

6 “ഈ അധികാരം ഒക്കെയും അതിന്‍റെ മഹത്വവും നിനക്കു തരാം; അത് എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്ക് താത്പര്യം ഉള്ളവർക്ക് ഞാൻ ഇതു കൊടുക്കുന്നു.

7 നീ എന്നെ നമസ്കരിച്ച് ആരാധിച്ചാൽ അതെല്ലാം നിനക്കു തരാം“ എന്നു അവനോട് പറഞ്ഞു.

8 യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു തിരുവചനത്തിൽ എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

9 പിന്നെ അവൻ യേശുവിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ട് പോയി ദൈവാലയത്തിന്‍റെ മുകളിൽ ഏറ്റവും ഉയരം കൂടിയ സ്ഥാനത്ത് നിർത്തി അവനോട്: “നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.

10 “നിന്നെ സംരക്ഷിക്കുവാൻ അവൻ തന്‍റെ ദൂതന്മാരോട് നിന്നെക്കുറിച്ച് കല്പിക്കുകയും

11 നിന്‍റെ കാൽ കല്ലിനോട് തട്ടാതെ അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു തിരുവചനത്തിൽ എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

12 യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും തിരുവെഴുത്തിൽ എഴുതിയിരിക്കുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.

13 അങ്ങനെ പിശാച് സകല പരീക്ഷയും പൂർത്തിയാക്കിയ ശേഷം കുറെ സമയത്തേക്ക് അവനെ വിട്ടുമാറി.


യേശു നസറെത്തിൽ തിരസ്കരിക്കപ്പെടുന്നു

14 യേശു ആത്മാവിന്‍റെ ശക്തിയോടെ ഗലീലയ്ക്കു തിരികെ പോയി; അവനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പ്രസിദ്ധമായി.

15 അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.

16 അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്‍റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിക്കുവാൻ എഴുന്നേറ്റുനിന്നു.

17 യെശയ്യാപ്രവാചകന്‍റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം തുറന്നു:

18 “ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്‍റെ ആത്മാവ് എന്‍റെ മേൽ ഉണ്ട്; തടവുകാ‍ർക്ക് വിടുതലും, അന്ധർക്ക് കാഴ്ചയും നൽകുമെന്ന് പ്രസംഗിക്കുവാനും, മർദ്ദിതരെ വിടുവിച്ചയയ്ക്കുവാനും,

19 ജനങ്ങളോട് കാരുണ്യം കാട്ടുവാൻ കർത്താവിന്‍റെ വർഷം എത്തിയിരിക്കുന്നു എന്നു പ്രസംഗിക്കുവാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.

20 പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന് തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരും യേശുവിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു.

21 അവൻ അവരോട്: ഇന്ന് നിങ്ങൾ എന്‍റെ വചനം കേൾക്കുന്നത് കൊണ്ടു ഈ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു എന്നു പറഞ്ഞുതുടങ്ങി.

22 എല്ലാവരും അവനെ പുകഴ്ത്തി, അവന്‍റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു; “ഇവൻ യോസേഫിന്‍റെ മകൻ അല്ലയോ?“ എന്നു പറഞ്ഞു.

23 യേശു അവരോട്: വൈദ്യാ, നിന്നെത്തന്നെ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ല് പോലെ കഫർന്നഹൂമിൽ ചെയ്തത് എല്ലാം ഈ നിന്‍റെ പിതാവിന്‍റെ നഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോട് പറയും നിശ്ചയം.

24 ഒരു പ്രവാചകനെയും തന്‍റെ പിതൃനഗരത്തിൽ സ്വീകരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

25 ഏലീയാവിന്‍റെ കാലത്ത് മൂന്നു ആണ്ടും ആറു മാസവും മഴയില്ലാതെ ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.

26 എന്നാൽ സീദോനിലെ സരെപ്തയിൽ ഉള്ള ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലിയാവിനെ അയച്ചില്ല.

27 അതുപോലെ എലീശാപ്രവാചകൻ്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സിറിയക്കാരനായ നയമാൻ അല്ലാതെ വേറെ ആരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു.

28 പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപിച്ച് എഴുന്നേറ്റ്

29 അവനെ പട്ടണത്തിൽനിന്നു വെളിയിലാക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ അറ്റത്ത് കൊണ്ടുപോയി തലകീഴായി തള്ളിയിടാം എന്നു വിചാരിച്ചു.

30 യേശുവോ അവരുടെ നടുവിൽകൂടി കടന്നുപോയി.

31 പിന്നീട് അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു. ഒരു ശബ്ബത്തിൽ അവരെ ഉപദേശിക്കുകയായിരുന്നു.

32 അവൻ വചനം അധികാരത്തോടെ ഉപദേശിക്കുകയാൽ അവർ വിസ്മയിച്ചു.

33 അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

34 “അവൻ നസറായനായ യേശുവേ, നീ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് എന്തിനാണ്? ഞങ്ങളെ നശിപ്പിക്കുവാനാണോ നീ വന്നിരിക്കുന്നത്? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്‍റെ പരിശുദ്ധൻ തന്നെ“ എന്നു ഉറക്കെ നിലവിളിച്ചു.

35 മിണ്ടരുത്; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ട് ഒരു ഉപദ്രവവും വരുത്താതെ വിട്ടുപോയി.

36 എല്ലാവരും ആശ്ചര്യപ്പെട്ട്: ഈ വചനങ്ങൾ എത്ര അത്ഭുതകരം ആണ്. അവൻ അധികാരത്തോടും ശക്തിയോടുംകൂടെ അശുദ്ധാത്മാക്കളോട് കല്പിക്കുന്നു; അവ ഇറങ്ങിപ്പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.

37 അവനെക്കുറിച്ചുള്ള വാർത്ത നാടെങ്ങും പരന്നു.

38 അവൻ പള്ളിയിൽനിന്ന് ഇറങ്ങി ശിമോന്‍റെ വീട്ടിൽ ചെന്നു. ശിമോന്‍റെ അമ്മാവിയമ്മ കഠിനമായ പനി കൊണ്ടു ബുദ്ധിമുട്ടിയിരിക്കുക ആയിരുന്നു. അവർ അവളെ സഹായിക്കേണം എന്നു യേശുവിനോടു അപേക്ഷിച്ചു.

39 അവൻ അവളെ കുനിഞ്ഞുനോക്കി, പനി വിട്ടു പോകാൻ ആജ്ഞാപിച്ചു; അത് അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റ് അവനു ശുശ്രൂഷചെയ്തു.

40 സൂര്യൻ അസ്തമിക്കുമ്പോൾ പലതരം അസുഖം ഉണ്ടായിരുന്നവരെ എല്ലാം അവന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവരുടെ മേൽ കൈവച്ചു അവരെ സൗഖ്യമാക്കി.

41 പലരിൽനിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ട് ഇറങ്ങി പോയി; താൻ ക്രിസ്തു എന്നു അവ അറിയുകകൊണ്ട് മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.

42 പ്രഭാതമായപ്പോൾ അവൻ ആരും ഇല്ലാത്ത ഒരു സ്ഥലത്തേയ്ക്ക് പോയി. പുരുഷാരം അവനെ അന്വേഷിച്ച് അവന്‍റെ അരികത്തുവന്ന് തങ്ങളെ വിട്ടു പോകാതിരിക്കുവാൻ അവനെ തടഞ്ഞു.

43 യേശു അവരോട്: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനു വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത് എന്നു പറഞ്ഞു.

44 അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan