ലൂക്കൊസ് 20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയേശുവിന്റെ അധികാരം ചോദ്യംചെയ്യപ്പെടുന്നു 1 ഒരു ദിവസം അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതരും ശാസ്ത്രികളും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്: 2 ”നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക” എന്നു പറഞ്ഞു. 3 അതിന് അവൻ ഉത്തരമായി: ഞാനും നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ. 4 യോഹന്നാന്‍റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത് എന്നു ചോദിച്ചു. 5 അവർ തമ്മിൽ ആലോചിച്ചു: ”സ്വർഗ്ഗത്തിൽനിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു യേശു ചോദിക്കും. 6 മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ യോഹന്നാൻ ഒരു പ്രവാചകൻ എന്നു ജനം വിശ്വസിച്ചിരിക്കുന്നതുകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്: 7 എവിടെ നിന്നെന്ന് ഞങ്ങൾ അറിയുന്നില്ല” എന്നു ഉത്തരം പറഞ്ഞു. 8 യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നതു എന്ത് അധികാരം കൊണ്ടാകുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു. ദുഷ്ടന്മാരായ പാട്ടക്കാർ 9 പിന്നീട് അവൻ ജനത്തോടു ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി. അവൻ അത് കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് കുറേക്കാലം അന്യദേശത്ത് പോയി പാർത്തു. 10 സമയമായപ്പോൾ കുടിയാന്മാരോട് മുന്തിരിത്തോട്ടത്തിന്‍റെ ഫലം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു. 11 അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. 12 അവൻ മൂന്നാമതു ഒരാളെയും കൂടെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. 13 അപ്പോൾ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥൻ: ഞാൻ ഇനി എന്ത് ചെയ്യും? എന്‍റെ പ്രിയപുത്രനെ അയയ്ക്കാം; ഒരുപക്ഷേ അവർ അവനോട് ആദരവ് കാണിച്ചേക്കും എന്നു പറഞ്ഞു. 14 കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി ആകുന്നു; നമുക്കു അവനെ കൊന്നുകളയാം. അപ്പോൾ അവകാശം നമുക്കു ലഭിക്കും എന്നു അവർ തമ്മിൽ ആലോചിച്ചു. 15 കുടിയാന്മാർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്‍റെ ഉടമസ്ഥൻ അവരോട് എന്ത് ചെയ്യും? 16 അവൻ വന്നു ആ കുടിയാന്മാരെ കൊല്ലുകയും തോട്ടം മറ്റുള്ളവർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അത് കേട്ടിട്ടു അവർ: ”ദൈവമേ, അങ്ങനെ ഒരുനാളും സംഭവിക്കരുതേ!” എന്നു പറഞ്ഞു. 17 അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നത് എന്തിനാണ്? 18 ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അത് അവനെ നശിപ്പിക്കും എന്നു പറഞ്ഞു. 19 ഈ ഉപമ തങ്ങളെക്കുറിച്ച് പറഞ്ഞു എന്നു ശാസ്ത്രികളും മഹാപുരോഹിതന്മാരും മനസ്സിലാക്കിയിട്ട് അപ്പോൾ തന്നെ അവനെ ബന്ധിയ്ക്കുവാൻ നോക്കി; എങ്കിലും ജനങ്ങളെ ഭയപ്പെടുന്നതു കൊണ്ടു അത് ചെയ്തില്ല. 20 പിന്നെ അവർ നീതിമാന്മാർ എന്നു സ്വയം ഭാവിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി. അങ്ങനെ ഗവർണ്ണറുടെ നിയന്ത്രണത്തിലും അധികാരത്തിലും ഏല്പിക്കുവാൻ ശ്രമിച്ചു. 21 അവർ അവനോട്: ”ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കുകയും, ആരുടെയും പക്ഷം നോക്കാതെ ദൈവത്തിന്‍റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. 22 നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ?” എന്നു ചോദിച്ചു. 23 യേശു അവരുടെ ഉപായം മനസ്സിലാക്കിയിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിക്കുക എന്നു പറഞ്ഞു; 24 അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത്? എന്നു ചോദിച്ചതിന്: കൈസരുടേത് എന്നു അവർ പറഞ്ഞു. 25 എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു. 26 അങ്ങനെ അവർ ജനത്തിന്‍റെ മുമ്പിൽവെച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്‍റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു. 27 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്: 28 ”ഗുരോ, ഒരുവന്‍റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്‍റെ സഹോദരൻ അവന്‍റെ ഭാര്യയെ പരിഗ്രഹിച്ച് സഹോദരന് സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. 29 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് മക്കളില്ലാതെ മരിച്ചുപോയി. 30 രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. 31 അപ്രകാരം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. 32 അവസാനം സ്ത്രീയും മരിച്ചു. 33 എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ആരുടെ ഭാര്യയാകും? അവൾ ഏഴു പേർക്കും ഭാര്യയായിരുന്നുവല്ലോ.” 34 അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്‍റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹത്തിന് മക്കളെ കൊടുക്കുകയും ചെയ്യുന്നു. 35 എന്നാൽ ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിക്കുവാനും കഴിയുകയില്ല. 36 അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു. 37 മോശെ മുൾപ്പടർപ്പിനെ കുറിച്ച് പറയുന്ന ഭാഗത്ത് കർത്താവിനെ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു പറയുന്നു. അതിനാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നു മോശെയും സൂചിപ്പിച്ചിരിക്കുന്നു. 38 ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവനു ജീവിച്ചിരിക്കുന്നുവല്ലോ. 39 അതിന് ചില ശാസ്ത്രിമാർ: ”ഗുരോ, നീ പറഞ്ഞത് ശരി” എന്നു ഉത്തരം പറഞ്ഞു. 40 പിന്നെ അവനോട് അവർ ഒന്നും ചോദിച്ചില്ല. 41 എന്നാൽ അവൻ അവരോട്: ക്രിസ്തു ദാവീദിന്‍റെ പുത്രൻ എന്നു പറയുന്നത് എങ്ങനെ? 42 “കർത്താവ് എന്‍റെ കർത്താവിനോട്: ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം എന്‍റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” 43 എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നെ പറയുന്നുവല്ലോ. 44 ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്‍റെ പുത്രൻ ആകുന്നത് എങ്ങനെ? എന്നു ചോദിച്ചു. 45 എന്നാൽ ജനം ഒക്കെയും കേൾക്കെ യേശു തന്‍റെ ശിഷ്യന്മാരോട്: 46 നിലയങ്കികളോടെ നടക്കുവാൻ ആഗ്രഹിക്കുകയും അങ്ങാടിയിൽ വന്ദനവും പള്ളിയിലും അത്താഴത്തിലും പ്രധാനസ്ഥലവും ഇഷ്ടപ്പെടുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ. 47 അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.