Biblia Todo Logo
Bìoball air-loidhne

- Sanasan -

ലേവ്യപുസ്തകം 19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


വിവിധ നിയമങ്ങൾ

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2 “നീ യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.

3 “നിങ്ങൾ ഓരോരുത്തനും താന്താന്‍റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്‍റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

4 “വിഗ്രഹങ്ങളുടെ അടുക്കലേക്ക് തിരിയരുത്; ദേവന്മാരെ നിങ്ങൾക്ക് വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5 “യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അർപ്പിക്കേണം.

6 “അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അത് ഭക്ഷിക്കാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.

7 മൂന്നാംദിവസം ഭക്ഷിച്ചു എന്നു വരികിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല.

8 അത് ഭക്ഷിക്കുന്നവൻ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

9 “നിങ്ങളുടെ നിലത്തിലെ ധാന്യവിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്‍റെ അരികു തീർത്തു കൊയ്യരുത്; നിന്‍റെ കൊയ്ത്തിൽ കാലാ പെറുക്കുകയും അരുത്.

10 നിന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്‍റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കുകയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

11 “മോഷ്ടിക്കരുത്, ചതിക്കരുത്, ഒരുവനോട് ഒരുവൻ ഭോഷ്കുപറയരുത്.

12 “എന്‍റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.

13 “കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവനെ കൊള്ളയടിക്കുകയും അരുത്; കൂലിക്കാരന്‍റെ കൂലി പിറ്റേന്നു രാവിലെവരെ നിന്‍റെ പക്കൽ ഇരിക്കരുത്.

14 “ചെകിടനെ ശപിക്കരുത്; കുരുടന്‍റെ മുമ്പിൽ തടസ്സം വെക്കരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു.

15 “ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്‍റെ മുഖം നോക്കാതെയും വലിയവൻ്റെ മുഖം ആദരിക്കാതെയും നിന്‍റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം.

16 “നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്‍റെ കൂട്ടുകാരന്‍റെ ജീവനെതിരായി നീ നിലപാടെടുക്കരുത്; ഞാൻ യഹോവ ആകുന്നു.

17 “സഹോദരനെ നിന്‍റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്‍റെ പാപം നിന്‍റെമേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.

18 “നിന്‍റെ ജനത്തിന്‍റെ മക്കളോടു പക വെക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം; ഞാൻ യഹോവ ആകുന്നു.

19 “നിങ്ങൾ എന്‍റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിന്‍റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്.

20 ഒരു പുരുഷന് നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടി ഒരുവൻ ശയിച്ചാൽ അവരെ ശിക്ഷിക്കണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായതുകൊണ്ട് അവരെ കൊല്ലരുത്;

21 അവൻ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം.

22 അവൻ ചെയ്ത പാപത്തിനായി പുരോഹിതൻ അകൃത്യയാഗത്തിന്‍റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്ത പാപം അവനോട് ക്ഷമിക്കും.

23 “നിങ്ങൾ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധ വൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അത് മൂന്നു വർഷത്തേക്ക് നിഷിദ്ധമായത് പോലെ ആയിരിക്കേണം; അത് ഭക്ഷിക്കരുത്.

24 നാലാം വർഷത്തിൽ അതിന്‍റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കണം.

25 അഞ്ചാം വർഷത്തിൽ നിങ്ങൾക്ക് അതിന്‍റെ ഫലം ഭക്ഷിക്കാം; അങ്ങനെ അതിന്‍റെ അനുഭവം നിങ്ങൾക്ക് വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

26 “രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്;

27 നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്.

28 മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്; ശരീരത്തിന്മേൽ പച്ചകുത്തരുത്; ഞാൻ യഹോവ ആകുന്നു.

29 ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്‍റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.

30 “നിങ്ങൾ എന്‍റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്‍റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു.

31 വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

32 “നരച്ചവൻ്റെ മുമ്പാകെ എഴുന്നേല്ക്കുകയും വൃദ്ധന്‍റെ മുഖം ബഹുമാനിക്കയും നിന്‍റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.

33 “പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്.

34 നിങ്ങളോടുകൂടി പാർക്കുന്ന പരദേശി നിങ്ങൾക്ക് സ്വദേശിയെപ്പോലെ ആയിരിക്കേണം; അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം; നിങ്ങളും മിസ്രയീമിൽ പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

35 “ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്.

36 ശരിയായ തുലാസ്സും ശരിയായ കട്ടിയും ശരിയായ പറയും ശരിയായ ഇടങ്ങഴിയും നിങ്ങൾക്ക് ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

37 “നിങ്ങൾ എന്‍റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് അനുസരിക്കണം; ഞാൻ യഹോവ ആകുന്നു.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan