Biblia Todo Logo
Bìoball air-loidhne

- Sanasan -

വിലാപങ്ങൾ 3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


അനുതാപവും പ്രത്യാശയും

1 ഞാൻ അവന്‍റെ കോപത്തിന്‍റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു.

2 അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്.

3 അതേ, അവിടുത്തെ കരം എന്‍റെ നേരെ തിരിക്കുന്നു ഇടവിടാതെ എന്‍റെ നേരെ തിരിക്കുന്നു.

4 എന്‍റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്‍റെ അസ്ഥികളെ തകർത്തിരിക്കുന്നു.

5 അവിടുന്ന് എന്നെ ആക്രമിച്ച്, കയ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു.

6 പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു

7 പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്‍റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.

8 ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്‍റെ പ്രാർത്ഥന തടുത്തുകളയുന്നു.

9 വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്‍റെ വഴി അടച്ച്, എന്‍റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു.

10 അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്‍ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.

11 അവിടുന്ന് എന്‍റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.

12 അവിടുന്ന് വില്ലു കുലച്ച് എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു.

13 തന്‍റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്‍റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു.

14 ഞാൻ എന്‍റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.

15 അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു.

16 അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.

17 അങ്ങ് എന്‍റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.

18 എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.

19 അങ്ങ് എന്‍റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ.

20 എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു.

21 ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും.

22 നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ;

23 അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു.

24 യഹോവ എന്‍റെ ഓഹരി എന്നു എന്‍റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു.

25 തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ.

26 യഹോവയുടെ രക്ഷക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്.

27 ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്.

28 അവിടുന്ന് അത് അവന്‍റെമേൽ വച്ചിരിക്കുക കൊണ്ടു അവൻ ഏകനായി മിണ്ടാതിരിക്കട്ടെ.

29 അവൻ തന്‍റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.

30 തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.

31 കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.

32 അവിടുന്ന് ദുഃഖിപ്പിച്ചാലും തന്‍റെ മഹാദയയ്ക്ക് ഒത്തവണ്ണം അവിടുത്തേയ്ക്ക് കരുണ തോന്നും.

33 മനസ്സോടെയല്ലല്ലോ അവിടുന്ന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്.

34 ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ട് മെതിക്കുന്നതും

35 അത്യുന്നതന്‍റെ സന്നിധിയിൽ മനുഷ്യന്‍റെ ന്യായം മറിച്ചുകളയുന്നതും

36 അവന്‍റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ?

37 കർത്താവ് കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്?

38 അത്യുന്നതനായ ദൈവത്തിന്‍റെ വായിൽനിന്ന് നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?

39 ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്? ഓരോരുത്തൻ താന്താന്‍റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ.

40 നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധനചെയ്ത് യഹോവയുടെ അടുക്കലേക്ക് തിരിയുക.

41 നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തുക.

42 ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല.

43 അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, കരുണ കൂടാതെ കൊന്നുകളഞ്ഞു.

44 ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം അങ്ങ് സ്വയം മേഘംകൊണ്ട് മറച്ചു.

45 അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.

46 ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു.

47 പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു.

48 എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു.

49 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം

50 എന്‍റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല.

51 എന്‍റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്‍റെ പ്രാണനെ വ്യസനിപ്പിക്കുന്നു.

52 കാരണംകൂടാതെ എന്‍റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.

53 അവർ എന്‍റെ ജീവനെ കുഴിയിൽ ഇട്ടു നശിപ്പിച്ച്, എന്‍റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു.

54 വെള്ളം എന്‍റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.

55 യഹോവേ, ഞാൻ ആഴമുള്ളകുഴിയിൽ നിന്ന് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.

56 ‘എന്‍റെ നെടുവീർപ്പിനും എന്‍റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ എന്ന എന്‍റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു.

57 ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.

58 കർത്താവേ, അങ്ങ് എന്‍റെ വ്യവഹാരം നടത്തി, എന്‍റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.

59 യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; എന്‍റെ വ്യവഹാരം തീർത്ത് തരേണമേ.

60 അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു.

61 യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും

62 എന്‍റെ ശത്രുക്കളുടെ വാക്കുകളും ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു.

63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.

64 യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം അവർക്ക് പകരം ചെയ്യേണമേ;

65 അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; അങ്ങേയുടെ ശാപം അവർക്ക് വരട്ടെ.

66 അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan