യോവേൽ 2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംവെട്ടുക്കിളികളുടെ ഒരു സൈന്യം 1 സീയോനിൽ കാഹളം ഊതുവിൻ; എന്‍റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; യഹോവയുടെ ദിവസം വരുന്നു! അത് എത്രയും അടുത്തിരിക്കുന്നു. സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ. 2 ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ പെരുപ്പവും ബലവും ഉള്ള ഒരു ജനത; അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല. 3 അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി; അവരുടെ കയ്യിൽനിന്ന് യാതൊന്നും രക്ഷപ്പെടുകയില്ല. 4 അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു. 5 അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ. 6 അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു; 7 അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ അവനവന്‍റെ വഴിയിൽ നടക്കുന്നു. 8 അവർ തമ്മിൽ തിക്കിതിരക്കാതെ അവനവന്‍റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. 9 അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. 10 അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. 11 യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്‍റെ പാളയം അത്യന്തം വലുതും അവന്‍റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് ആർക്ക് സഹിക്കുവാൻ കഴിയും? അനുതാപത്തിനായുള്ള ആഹ്വാനം 12 “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടി എങ്കലേക്ക് തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്. 13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും. 14 നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് തനിക്കു ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം? 15 സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ; സഭായോഗം വിളിക്കുവിൻ! 16 ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിക്കുവിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ. 17 യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്‍റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്: “യഹോവേ, നിന്‍റെ ജനത്തോടു ക്ഷമിക്കേണമേ; ജനതകൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്‍റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; ‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?” എന്നിങ്ങനെ പറയട്ടെ. 18 അങ്ങനെ യഹോവ തന്‍റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച് തന്‍റെ ജനത്തെ ആദരിച്ചു. 19 യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്: “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദാവിഷയമാക്കുകയുമില്ല. 20 വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി, അവന്‍റെ മുൻപടയെ കിഴക്കെ കടലിലും അവന്‍റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് അവന്‍റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം പരക്കുകയും ചെയ്യും.” 21 ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു. 22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു. 23 സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! അവന്‍റെ നീതിനിമിത്തം നിങ്ങൾക്ക് മുൻമഴ തരുന്നു; അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു. 24 അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും. 25 ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരം ഞാൻ നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും. 26 നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല. 27 ഞാൻ യിസ്രായേലിന്‍റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ; മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല. യഹോവയുടെ ദിവസം 28 അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും. 29 ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ എന്‍റെ ആത്മാവിനെ പകരും. 30 ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും: രക്തവും തീയും പുകത്തൂണുകളും തന്നെ. 31 യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 32 എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണം ഉണ്ടാകും. ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിക്കുവാനുള്ളവരും ഉണ്ടാകും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.