Biblia Todo Logo
Bìoball air-loidhne

- Sanasan -

യോവേൽ 1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 പെഥൂവേലിന്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു:


വെട്ടുക്കിളിയുടെ ആക്രമണം

2 മൂപ്പന്മാരേ, ഇതുകേൾക്കുവിൻ; സകല ദേശനിവാസികളുമേ, ശ്രദ്ധിയ്ക്കുവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?

3 ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയണം.

4 തുള്ളൻ തിന്നു ശേഷിപ്പിച്ചത് വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചത് വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചത് പച്ചപ്പുഴു തിന്നു നശിപ്പിച്ചു.

5 മദ്യപന്മാരേ, ഉണർന്നു കരയുവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമേ, പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ കരഞ്ഞ് മുറയിടുവിൻ.

6 ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ ഒരു ജനതകളുടെ സൈന്യം എന്‍റെ ദേശത്തിന്‍റെ നേരെ വന്നിരിക്കുന്നു; അതിന്‍റെ പല്ല് സിംഹത്തിന്‍റെ പല്ല്; സിംഹിയുടെ അണപ്പല്ല് അതിനുണ്ട്.

7 അത് എന്‍റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കി എന്‍റെ അത്തിവൃക്ഷം ഒടിച്ചുകളഞ്ഞു; അത് മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു; അതിന്‍റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു.

8 യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്ത് കരയുന്ന കന്യകയെപ്പോലെ വിലപിക്കുക.

9 ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽ ഇല്ലാതെയായിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ ദുഃഖിക്കുന്നു.

10 വയൽ വിലപിക്കുന്നു. ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ ദേശം ദുഃഖിക്കുന്നു.

11 കർഷകരേ, ലജ്ജിക്കുവിൻ; മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; വയലിലെ വിളവ് നശിച്ചുപോയല്ലോ.

12 മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി; മാതളം, ഈന്തപ്പന, നാരകം മുതലായ തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ.

13 പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ; യാഗപീഠത്തിന്‍റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; എന്‍റെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കകൊണ്ട് നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ.

14 ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ. സഭായോഗം വിളിക്കുവിൻ; മൂപ്പന്മാരെയും സകല ദേശനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോട് നിലവിളിക്കുവിൻ;

15 ആ ഭയങ്കര ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അത് സർവ്വശക്തനായ ദൈവത്തിന്‍റെ പക്കൽനിന്ന് സംഹാരത്തിനായി വരുന്നു.

16 നമ്മുടെ കണ്ണിന് മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ.

17 വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ പാണ്ടികശാലകൾ ശൂന്യമായും കളപ്പുരകൾ ഇടിഞ്ഞും പോകുന്നു.

18 മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു; ആടുകൾ വേദന അനുഭവിക്കുന്നു.

19 യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും ഇരയായിത്തീർന്നുവല്ലോ.

20 നീർത്തോടുകൾ വറ്റിപ്പോകുകയും മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് വയലിലെ മൃഗങ്ങളും കിതച്ചുകൊണ്ട് നിന്നെ നോക്കുന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan