Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ഇയ്യോബ് ഉത്തരം പറയുന്നു

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2 “അത് അങ്ങനെ തന്നെ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?

3 ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല.

4 അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്‍?

5 അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.

6 അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്‍റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.

7 അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; അത് ഉദിക്കാതെയിരിക്കുന്നു; അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു.

8 അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു.

9 അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.

10 യഹോവ അറിഞ്ഞുകൂടാത്ത വൻകാര്യങ്ങളും എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു.

11 അവിടുന്ന് എന്‍റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല; അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല.

12 അവിടുന്ന് പറിച്ചെടുക്കുന്നു; ആര്‍ അവിടുത്തെ തടുക്കും? ‘നീ എന്ത് ചെയ്യുന്നു’ എന്നു ആര്‍ ചോദിക്കും?

13 ”ദൈവം തന്‍റെ കോപം പിൻവലിക്കുന്നില്ല; രഹബിന്‍റെ സഹായികൾ അവിടുത്തെ വണങ്ങുന്നു.

14 പിന്നെ ഞാൻ അങ്ങേയോട് ഉത്തരം പറയുന്നതും അങ്ങേയോട് വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?

15 ഞാൻ നീതിമാനായിരുന്നാലും അങ്ങേയോട് ഉത്തരം പറഞ്ഞുകൂടാ; എന്‍റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും.

16 ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും എന്‍റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കുകയില്ല.

17 കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്‍റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു.

18 ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ട് എന്‍റെ വയറ് നിറയ്ക്കുന്നു.

19 ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആര്‍ എനിക്ക് അവധി നിശ്ചയിക്കും?

20 ഞാൻ നീതിമാനായാലും എന്‍റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിക്കു കുറ്റം ആരോപിക്കും.

21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്‍റെ പ്രാണനെ കരുതുന്നില്ല; എന്‍റെ ജീവനെ ഞാൻ നിരസിക്കുന്നു.

22 അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

23 ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ നിർദ്ദോഷികളുടെ നിരാശ കണ്ടു അവിടുന്ന് ചിരിക്കുന്നു.

24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്‍?

25 ”എന്‍റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു; അത് നന്മ കാണാതെ ഓടിപ്പോകുന്നു.

26 അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു.

27 ഞാൻ എന്‍റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്, പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,

28 ഞാൻ എന്‍റെ വ്യസനം എല്ലാം ഓർത്തു ഭയപ്പെടുന്നു; അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു.

29 എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?

30 ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും സോപ്പുകൊണ്ട് എന്‍റെ കൈ വെടിപ്പാക്കിയാലും

31 അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്‍റെ വസ്ത്രംപോലും എന്നെ വെറുക്കും.

32 ഞാൻ അങ്ങേയോട് പ്രതിവാദിക്കേണ്ടതിനും ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.

33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.

34 ദൈവം തന്‍റെ വടി എന്നിൽനിന്ന് നീക്കട്ടെ; അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;

35 അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്‍റെ സ്ഥിതി അങ്ങനെയല്ലല്ലോ.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan