Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 39 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 “പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?

2 അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?

3 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.

4 അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു; അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.

5 “കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍? വനഗർദ്ദഭത്തെ കെട്ടഴിച്ചതാര്‍?

6 ഞാൻ മരുഭൂമിയെ അതിനു വീടും ഉവർന്നിലത്തെ അതിനു പാർപ്പിടവുമാക്കി.

7 അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്‍റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.

8 മലനിരകൾ അതിന്‍റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു അന്വേഷിച്ചു നടക്കുന്നു.

9 “കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ? അതു നിന്‍റെ പുല്‍തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?

10 കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ? അത് നിന്‍റെ പിന്നാലെ നിലം നിരത്തുമോ?

11 അതിന്‍റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്‍റെ വേല നീ അതിനു ഭരമേല്പിച്ചു കൊടുക്കുമോ?

12 അതു നിന്‍റെ വിത്ത് കൊണ്ടുവരുമെന്നും നിന്‍റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

13 “ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?

14 അതു നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു; അവയെ പൊടിയിൽ വച്ചു വിരിയിക്കുന്നു.

15 കാൽ കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.

16 അത് തന്‍റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്‍റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്നു ഭയപ്പെടുന്നില്ല.

17 ദൈവം അതിന് ജ്ഞാനമില്ലാതാക്കി വിവേകം അതിനു നല്കിയിട്ടുമില്ല.

18 അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.

19 “കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്‍റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?

20 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം.

21 അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിർക്കുന്നു.

22 അത് കൂസാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോട് പിൻവാങ്ങുന്നതുമില്ല.

23 അതിന് എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

24 അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.

25 കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്നു ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.

26 “നിന്‍റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?

27 നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?

28 അതു പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.

29 അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്‍റെ കണ്ണ് ദൂരത്തേക്കു കാണുന്നു.

30 അതിന്‍റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan