Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 37 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 ഇതിനാൽ എന്‍റെ ഹൃദയം വിറച്ചു അതിന്‍റെ സ്ഥലത്തുനിന്ന് പാളിപ്പോകുന്നു.

2 ദൈവത്തിന്‍റെ ശബ്ദത്തിന്‍റെ മുഴക്കവും അവിടുത്തെ വായിൽനിന്ന് പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾക്കുവിൻ.

3 അവിടുന്ന് അത് ആകാശത്തിൻ കീഴിൽ എല്ലായിടത്തും അതിന്‍റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു.

4 അതിന്‍റെശേഷം ഒരു മുഴക്കം കേൾക്കുന്നു; അവിടുന്ന് തന്‍റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; അവിടുത്തെ നാദം കേൾക്കുമ്പോൾ അതിനെ നിയന്ത്രിക്കുന്നില്ല.

5 ദൈവം തന്‍റെ ശബ്ദം അതിശയകരമായി മുഴക്കുന്നു; നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു.

6 “അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്നു കല്പിക്കുന്നു; അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.

7 താൻ സൃഷ്ടിച്ച മനുഷ്യരെല്ലാം അവിടുത്തെ പ്രവൃത്തി അറിയുവാൻ വേണ്ടി അവിടുന്ന് സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.

8 കാട്ടുമൃഗം ഒളിസ്ഥലത്ത് ചെല്ലുകയും തന്‍റെ ഗുഹയിൽ കിടക്കുകയും ചെയ്യുന്നു.

9 ദക്ഷിണമണ്ഡലത്തിൽനിന്ന് കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്ന് കുളിരും വരുന്നു.

10 ദൈവത്തിന്‍റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു; വെള്ളങ്ങളുടെ ഉപരിതലം ലോഹം പോലെ ഉറയ്ക്കുന്നു.

11 അവിടുന്ന് കാർമേഘത്തെ ഈർപ്പം കൊണ്ടു കനപ്പിക്കുന്നു; തന്‍റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.

12 അവിടുന്ന് അവയോട് കല്പിക്കുന്നതെല്ലാം ഭൂമിയുടെ ഉപരിഭാഗത്ത് ചെയ്യേണ്ടതിന് അവിടുത്തെ നിർദ്ദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.

13 ശിക്ഷയ്ക്കായിട്ടോ ദേശത്തിന്‍റെ നന്മയ്ക്കായിട്ടോ ദയയ്ക്കായിട്ടോ അവിടുന്ന് അത് വരുത്തുന്നു.

14 “ഇയ്യോബേ, ഇത് ശ്രദ്ധിച്ചുകൊള്ളുക; മിണ്ടാതിരുന്നു ദൈവത്തിന്‍റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ളുക.

15 ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്‍റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?

16 മേഘങ്ങൾ എങ്ങനെ ആകശത്തിൽ പൊങ്ങി ഒഴുകുന്നു എന്നും ജ്ഞാനസമ്പൂർണ്ണനായവന്‍റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?

17 തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്‍റെ വസ്ത്രത്തിന് ചൂടുണ്ടാകുന്നത് എങ്ങനെ?

18 ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു ദൈവത്തോടുകൂടി നിവർത്തി വെക്കാമോ?

19 അവിടുത്തോട് എന്ത് പറയണമെന്ന് ഞങ്ങൾക്ക് ഉപദേശിച്ചു തരിക; മനസ്സിന്‍റെ അന്ധകാരം നിമിത്തം ഞങ്ങൾക്ക് ഒന്നും പ്രസ്താവിക്കുവാൻ കഴിവില്ല.

20 എനിക്ക് സംസാരിക്കേണം എന്നു അവിടുത്തോട് ബോധിപ്പിക്കണമോ? നാശത്തിന് ഇരയായയിത്തീരുവാൻ ആരെങ്കിലും ഇച്ഛിക്കുമോ?

21 ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നത് കാണുന്നില്ല; എങ്കിലും കാറ്റ് കടന്നുപോയി അതിനെ തെളിവാക്കുന്നു.

22 വടക്കുനിന്ന് സ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്‍റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്.

23 സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവിടുന്ന് ശക്തിയിൽ അത്യുന്നതനാകുന്നു; അവിടുന്ന് ന്യായത്തിനും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.

24 അതുകൊണ്ട് മനുഷ്യർ അവിടുത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്ന് ഭാവിക്കുന്നവരെ അവിടുന്ന് കടാക്ഷിക്കുന്നില്ല.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan