Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ഭൂമിയിലെ അക്രമത്തെക്കുറിച്ച് ഇയ്യോബ് പരാതിപ്പെടുന്നു

1 “സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?

2 ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു.

3 ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു; ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.

4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.

5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു; അവരുടെ മക്കൾക്കുള്ള ആഹാരം അവര്‍ക്ക് ശൂന്യപ്രദേശത്ത് ലഭിക്കുന്നു.

6 അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു; ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.

7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.

8 അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.

9 “ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു കുട്ടികളെ പണയം വാങ്ങുന്നു.

10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.

11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.

12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നില്ല

13 “ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു; അതിന്‍റെ വഴികളെ അറിയുന്നില്ല; അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല.

14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.

15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു; അവൻ മുഖം മറച്ചു നടക്കുന്നു. “ഒരു കണ്ണും എന്നെ കാണുകയില്ല” എന്നു പറയുന്നു.

16 ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.

17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.

18 “വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.

19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.

20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കുകയില്ല; നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും.

21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.

22 “ദൈവം തന്‍റെ ശക്തിയാൽ കരുത്തന്മാരെ നിലനില്‍ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.

23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു; എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.

24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.

25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്‍റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്‍?“

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan