Biblia Todo Logo
Bìoball air-loidhne

- Sanasan -

യോഹന്നാൻ 10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


നല്ല ഇടയനും അവന്‍റെ ആടുകളും

1 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.

2 വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.

3 അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്‍റെ ശബ്ദം കേൾക്കുന്നു; തന്‍റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.

4 തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്‍റെ ശബ്ദം അറിയുന്നതുകൊണ്ട് അവനെ അനുഗമിക്കുന്നു.

5 അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ ഒരു അപരിചിതനെ അനുഗമിക്കുകയില്ല മറിച്ച് അവനെ വിട്ടു ഓടിപ്പോകും.

6 ഈ ഉപമ യേശു അവരോട് പറഞ്ഞു; എന്നാൽ തങ്ങളോട് പറഞ്ഞ ഈ കാര്യങ്ങൾ എന്തെന്ന് അവർ ഗ്രഹിച്ചില്ല.

7 യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.

8 എനിക്ക് മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; എന്നാൽ ആടുകൾ അവരെ ചെവിക്കൊണ്ടില്ല.

9 ഞാൻ വാതിൽ ആകുന്നു; ആരെങ്കിലും എന്നിലൂടെ അകത്ത് കടന്നാൽ അവൻ രക്ഷപെടും; അവൻ അകത്ത് വരികയും പുറത്തു പോകയും മേച്ചൽസ്ഥലം കണ്ടെത്തുകയും ചെയ്യും.

10 മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.

11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു.

12 ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നത് കണ്ടു ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.

13 അവൻ കൂലിക്കാരനും ആടുകളെക്കുറിച്ച് വിചാരമില്ലാത്തവനുമായതുകൊണ്ട് അവൻ ഓടിപോകുന്നു.

14 ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു.

15 ആടുകൾക്ക് വേണ്ടി ഞാൻ എന്‍റെ ജീവനെ കൊടുക്കുന്നു.

16 ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു; അവ എന്‍റെ ശബ്ദം കേൾക്കും; അങ്ങനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.

17 എന്‍റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു.

18 ആരും അതിനെ എന്നിൽനിന്ന് എടുത്തുകളയുന്നില്ല; ഞാൻ തന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുക്കുവാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും എടുക്കുവാനും എനിക്ക് അധികാരം ഉണ്ട്; ഈ കല്പന എന്‍റെ പിതാവിങ്കൽ നിന്നു എനിക്ക് ലഭിച്ചിരിക്കുന്നു.

19 ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.

20 അവരിൽ പലരും; “അവനു ഭൂതം ഉണ്ട്; അവൻ ഭ്രാന്തൻ ആകുന്നു; അവന്‍റെ വാക്ക് കേൾക്കുന്നത് എന്തിന്?“ എന്നു പറഞ്ഞു.

21 മറ്റുചിലർ: “ഇതു ഭൂതഗ്രസ്ൻ്റെ വാക്കല്ല; ഭൂതത്തിന് കുരുടന്മാരുടെ കണ്ണ് തുറപ്പാൻ കഴിയുമോ?“എന്നു പറഞ്ഞു.


യെഹൂദന്മാർ യേശുവിനെ അവിശ്വസിക്കുന്നു

22 അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം വന്നു; അന്നു ശീതകാലമായിരുന്നു.

23 യേശു ദൈവാലയത്തിൽ ശലോമോന്‍റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.

24 അപ്പോൾ യെഹൂദന്മാർ അവനെ വളഞ്ഞു: “നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ വ്യക്തമായി ഞങ്ങളോടു പറക“ എന്നു അവനോട് പറഞ്ഞു.

25 യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്‍റെ പിതാവിന്‍റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എന്നെക്കുറിച്ചുള്ള സാക്ഷ്യം നൽകുന്നു.

26 എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾ എന്‍റെ ആടുകളല്ല.

27 എന്‍റെ ആടുകൾ എന്‍റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.

28 ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്‍റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.

29 അവയെ തന്നിരിക്കുന്ന എന്‍റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്‍റെ കയ്യിൽ നിന്നു അവയെ പിടിച്ചുപറിപ്പാൻ ആർക്കും കഴിയുകയില്ല

30 ഞാനും പിതാവും ഒന്നാകുന്നു.

31 അപ്പോൾ യെഹൂദന്മാർ അവനെ എറിയുവാൻ പിന്നെയും കല്ല് എടുത്തു.

32 യേശു അവരോട്: പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തി നിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.

33 യെഹൂദന്മാർ അവനോട്: “ഒരു നല്ലപ്രവൃത്തി നിമിത്തവുമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത്“ എന്നു ഉത്തരം പറഞ്ഞു.

34 യേശു അവരോട്: ‘നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?

35 ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന് നീക്കം വരികയില്ലല്ലോ -

36 ഞാൻ ദൈവത്തിന്‍റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ?

37 ഞാൻ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ട;

38 ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ.

39 അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.

40 അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്നു അവിടെ പാർത്തു.

41 അനേകർ അവന്‍റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ച് യോഹന്നാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.

42 അവിടെ അനേകർ യേശുവിൽ വിശ്വസിച്ചു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan