Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 “ആ കാലത്ത് അവർ യെഹൂദാ രാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെ അസ്ഥികളും പ്രവാചകന്മാരുടെ അസ്ഥികളും യെരൂശലേം നിവാസികളുടെ അസ്ഥികളും ശവക്കുഴികളിൽനിന്നെടുത്ത്,

2 അവർ സ്നേഹിച്ചതും സേവിച്ചതും പിന്തുടർന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവ്വസൈന്യത്തിനും മുമ്പിൽ അവ നിരത്തിവക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല; അവ നിലത്തിനു വളമായിത്തീരും” എന്നു യഹോവയുടെ അരുളപ്പാടു.

3 “ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്നവർ എല്ലാവരും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നെ, ജീവനല്ല മരണം തന്നെ തിരഞ്ഞെടുക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.


പാപവും അതിന്‍റെ ശിക്ഷയും

4 “നീ അവരോടു പറയേണ്ടത്: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരുത്തൻ വീണാൽ എഴുന്നേല്ക്കുകയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരുകയില്ലയോ?

5 യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്?

6 ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല; “അയ്യോ ഞാൻ എന്താണ് ചെയ്തത്?” എന്നു പറഞ്ഞ് ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; കുതിര യുദ്ധത്തിനായി പായുന്നതുപോലെ ഓരോരുത്തൻ അവനവന്‍റെ വഴിക്കു തിരിയുന്നു.

7 ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.”

8 “ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്” എന്നു നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.

9 ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിക്കപ്പെടും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവരിൽ എന്ത് ജ്ഞാനമാണുള്ളത്?

10 അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

11 സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം സമാധാനം’ എന്നു പറഞ്ഞ് അവർ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.

12 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും” എന്നു യഹോവ അരുളിച്ചെയ്യുന്നു.

13 “ഞാൻ അവരെ കൂട്ടിവരുത്തും” എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.”

14 “നാം അനങ്ങാതിരിക്കുന്നതെന്ത്? കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോകുക; നാം യഹോവയോടു പാപം ചെയ്യുകകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു.

15 നാം സമാധാനത്തിനായി കാത്തിരുന്നു; എന്നാൽ ഒരു നന്മയും വന്നില്ല; രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതിമാത്രം!”

16 അവന്‍റെ കുതിരകളുടെ മുക്കുറ ശബ്ദം ദാനിൽനിന്നു കേൾക്കുന്നു; അവന്‍റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു ദേശമെല്ലാം വിറയ്ക്കുന്നു; അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

17 “ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; അവ നിങ്ങളെ കടിക്കും” എന്നു യഹോവയുടെ അരുളപ്പാടു.


യിരെമ്യാവിൻ്റെ ദുഃഖം

18 “അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു; എന്‍റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു.

19 കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി: “സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെ ഇല്ലയോ” എന്നു നിലവിളിക്കുന്നു. അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടും അന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”

20 കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാമോ രക്ഷിക്കപ്പെട്ടതുമില്ല.

21 എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവ് നിമിത്തം ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.

22 ഗിലെയാദിൽ ഔഷധം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്‍റെ ജനത്തിൻ പുത്രിക്ക് രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan