Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യെരൂശലേമിന്മേലുള്ള ഉപരോധം

1 “ബെന്യാമീൻമക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.

2 സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും.

3 അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; അവർ ഓരോരുത്തൻ അവനവന്‍റെ സ്ഥലത്തു മേയിക്കും.”

4 “അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകിപ്പോയല്ലോ; നിഴൽ നീണ്ടുവരുന്നു.

5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്‍റെ അരമനകളെ നശിപ്പിക്കുക!”

6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: “വൃക്ഷങ്ങൾ മുറിക്കുവിൻ! യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ; അതിന്‍റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു.

7 കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; എന്‍റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു.

8 യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക.”

9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്‍റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്‍റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.

10 അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു? കാതുകൾ അടഞ്ഞു പോകയാൽ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല; യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല.

11 ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ച് ഞാൻ തളർന്നുപോയി; ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും.

12 അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്ക് ആയിപ്പോകും; ഞാൻ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” എന്നു യഹോവയുടെ അരുളപ്പാടു.

13 “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.

14 സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്നു അവർ പറഞ്ഞ്, എന്‍റെ ജനത്തിന്‍റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.

15 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും” എന്നു യഹോവയുടെ അരുളപ്പാടു.

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വഴിയരികിൽ ചെന്നു നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും.” അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്നു പറഞ്ഞു.

17 ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി: “കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു; എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു.

18 “അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക.”

19 “ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്‍റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെ മേൽ വരുത്തും.”

20 “ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല.”

21 ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്‍റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും.”

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.

23 അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോൻ പുത്രീ, അവർ നിന്‍റെനേരെ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.”

24 ”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവുകിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.

25 നിങ്ങൾ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കുകയുമരുത്; അവിടെ ശത്രുവിന്‍റെ വാൾ നിമിത്തം ചുറ്റും ഭയം ഉണ്ട്.”

26 എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും നമ്മുടെനേരെ വരും.

27 “നീ എന്‍റെ ജനത്തിന്‍റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന് ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു.

28 അവരെല്ലാവരും മഹാമത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; അവർ ചെമ്പും ഇരിമ്പും തന്നെ; അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു.

29 ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.

30 യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan