യിരെമ്യാവ് 25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംഎഴുപതുവർഷം പ്രവാസത്തിൽ 1 യോശീയാവിന്‍റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ ഒന്നാം ആണ്ടിൽത്തന്നെ, സകല യെഹൂദാജനത്തെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാടു. 2 അത് യിരെമ്യാപ്രവാചകൻ സകല യെഹൂദാജനത്തോടും സകല യെരൂശലേം നിവാസികളോടും പ്രസ്താവിച്ചത് എങ്ങനെയെന്നാൽ: 3 “ആമോന്‍റെ മകനായി യെഹൂദാ രാജാവായ യോശീയാവിന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു വര്‍ഷം യഹോവയുടെ വചനം എനിക്കുണ്ടാകുകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കുകയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല. 4 “യഹോവ പ്രവാചകന്മാരായ തന്‍റെ സകലദാസന്മാരെയും വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കുവാൻ നിങ്ങളുടെ ചെവി ചായിച്ചതുമില്ല. 5 നിങ്ങൾ ഓരോരുത്തനും അവനവന്‍റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിയുവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ എന്നേക്കും വസിക്കും. 6 അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുകയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർത്ഥം വരുത്തുകയില്ല” എന്നു അവർ നിങ്ങളോടു പറഞ്ഞു. 7 “എങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിക്കുവാൻ വേണ്ടി എന്‍റെ വാക്കു കേൾക്കാതിരുന്നു” എന്നു യഹോവയുടെ അരുളപ്പാടു. 8 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്‍റെ വചനങ്ങൾ അനുസരിക്കാതിരിക്കുകകൊണ്ട്, 9 ഞാൻ ആളയച്ച് വടക്കുള്ള സകലവംശങ്ങളെയും, എന്‍റെ ദാസൻ ബാബേൽരാജാവ് നെബൂഖദ്നേസരിനെയും ഈ ദേശത്തിൻ്റെയും, അതിലെ നിവാസികളുടെയും, ചുറ്റും വസിക്കുന്ന ഈ സകലജനതകളുടെ നേരെയും വരുത്തി നിശ്ശേഷം നശിപ്പിച്ച് അവരെ സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യവുമാക്കിത്തീർക്കും. 10 ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്‍റെ ശബ്ദവും വിളക്കിൻ്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും. 11 ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനവിഷയവും ആകും; ഈ ജനതകൾ ബാബേൽരാജാവിനെ എഴുപത് വര്‍ഷം സേവിക്കും” എന്നു യഹോവയുടെ അരുളപ്പാടു. 12 “എഴുപത് വര്‍ഷം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജനതയെയും കൽദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ നിത്യശൂന്യമാക്കിത്തീർക്കും” എന്നു യഹോവയുടെ അരുളപ്പാടു. 13 “അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും യിരെമ്യാവ് സകലജനതകളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലവചനങ്ങളും ഞാൻ അതിന് വരുത്തും. 14 അനേകം ജനതകളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്ക് പകരം ചെയ്യും.” ദൈവക്രോധത്തിൻ്റെ പാനപാത്രം 15 യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്‍റെ കൈയിൽനിന്നു വാങ്ങി ഞാൻ നിന്നെ അയയ്ക്കുന്ന ജനതകളെയെല്ലാം കുടിപ്പിക്കുക. 16 അവർ കുടിക്കുകയും ഞാൻ അവരുടെ ഇടയിൽ അയയ്ക്കുന്ന വാൾ നിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരുകയും ചെയ്യും.” 17 അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കൈയിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകലജനതകളെയും കുടിപ്പിച്ചു. 18 ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന് യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും 19 പ്രഭുക്കന്മാരെയും മിസ്രയീം രാജാവായ ഫറവോനെയും അവന്‍റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും 20 സകലപ്രജകളെയും സർവ്വസമ്മിശ്രജനതയെയും ഊസ് ദേശത്തിലെ സകല രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകല രാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും 21 ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും സകല സോർ രാജാക്കന്മാരെയും 22 സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും 23 ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെ ഒക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും 24 മരുവാസികളായ സമ്മിശ്രജനതയുടെ സകല രാജാക്കന്മാരെയും 25 സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന 26 എല്ലാ വടക്കെ രാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നെ; ശേശക്ക് രാജാവ് അവർക്ക് ശേഷം കുടിക്കണം. 27 നീ അവരോടു പറയേണ്ടത്: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ച് ഛർദ്ദിച്ച്, ഞാൻ നിങ്ങളുടെ ഇടയിൽ അയയ്ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്ക്കാത്തവിധം വീഴുവിൻ. 28 എന്നാൽ പാനപാത്രം നിന്‍റെ കൈയിൽനിന്നു വാങ്ങി കുടിക്കുവാൻ അവർക്ക് മനസ്സില്ലാതിരുന്നാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 29 “നിങ്ങൾ കുടിച്ചേ മതിയാവൂ. എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിനു ഞാൻ അനർത്ഥം വരുത്തുവാൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയുംമേൽ വാളിനെ വിളിച്ചുവരുത്തും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. 30 “ആയതുകൊണ്ട് നീ ഈ വചനങ്ങൾ ഒക്കെയും അവരോട് പ്രവചിച്ചു പറയുക: “യഹോവ ഉയരത്തിൽനിന്ന് ഗർജ്ജിച്ച്, തന്‍റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവിടുന്ന് തന്‍റെ മേച്ചില്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്ക് ചവിട്ടുന്നവരെപ്പോലെ അവിടുന്ന് സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു. 31 ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവയ്ക്ക് ജനതകളോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് സകലജഡത്തോടും വ്യവഹരിച്ച് ദുഷ്ടന്മാരെ വാളിന് ഏല്പിക്കും” എന്നു യഹോവയുടെ അരുളപ്പാടു. 32 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അനർത്ഥം ജനതയിൽനിന്നു ജനതയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു വലിയ കൊടുങ്കാറ്റ് ഇളകിവരും. 33 അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ വീണുകിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; അവരെ ആരും കുഴിച്ചിടുകയില്ല; അവർ നിലത്തിനു വളമായിത്തീരും. 34 ഇടയന്മാരേ, മുറയിട്ടു കരയുവിൻ! ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടച്ചുകളയും; നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും; 35 ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും. 36 യഹോവ മേച്ചില്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ട് ഇടയന്മാരുടെ നിലവിളിയും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരുടെ വിലാപവും കേൾക്കുവിൻ. 37 സമാധാനമുള്ള മേച്ചില്പുറങ്ങൾ യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു. 38 അവിടുന്ന് ഒരു ബാലസിംഹമെന്നപോലെ തന്‍റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാൾകൊണ്ടും, തന്‍റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു.” |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.