Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


വരൾച്ച, ക്ഷാമം, വാൾ

1 വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.

2 “യെഹൂദാ വിലപിക്കുന്നു; അതിന്‍റെ വാതിലുകൾ തളരുന്നു; അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു.

3 അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു; അവർ കുളങ്ങളുടെ അടുത്തുചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങിവരുന്നു; അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു.

4 ദേശത്തു മഴയില്ലാതെ നിലം ഉണങ്ങി വിണ്ടിരിക്കുന്നതിനാൽ, ഉഴവുകാർ ലജ്ജിച്ച് തല മൂടുന്നു.

5 മാൻപേട വയലിൽ പ്രസവിച്ചിട്ട് പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.

6 കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട് കുറുനരികളെപ്പോലെ കിതയ്ക്കുന്നു; സസ്യങ്ങൾ ഇല്ലാത്തതുകൊണ്ട് അതിന്‍റെ കണ്ണ് മങ്ങിപ്പോകുന്നു.

7 യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ അവിടുത്തെ നാമം നിമിത്തം പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ അങ്ങേയോട് പാപം ചെയ്തിരിക്കുന്നു.

8 യിസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്ത് അവന്‍റെ രക്ഷകനുമായുള്ള യഹോവേ, അവിടുന്ന് ദേശത്ത് ഒരു അപരിചിതനെപ്പോലെയും ഒരു രാത്രി പാർക്കുവാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?

9 പരിഭ്രാന്തനായ പുരുഷനെപ്പോലെയും രക്ഷിക്കുവാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്; അവിടുത്തെ നാമം വിളിച്ചിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ!

10 അവർ ഇങ്ങനെ അലഞ്ഞുനടക്കുവാൻ ഇഷ്ടപ്പെട്ട്, കാൽ അടക്കിവച്ചതുമില്ല” എന്നു യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ട് യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവിടുന്ന് ഇപ്പോൾതന്നെ അവരുടെ അകൃത്യത്തെ ഓർത്തു അവരുടെ പാപങ്ങളെ സന്ദർശിക്കും.”

11 യഹോവ എന്നോട്: “നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കരുത്;

12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കുകയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും” എന്നു അരുളിച്ചെയ്തു.

13 അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്ക് നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു” എന്നു പറഞ്ഞു.

14 യഹോവ എന്നോട് അരുളിച്ചെയ്തത്: “പ്രവാചകന്മാർ എന്‍റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല; അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.”

15 അതുകൊണ്ട് യഹോവ: ”ഞാൻ അയയ്ക്കാതെ എന്‍റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;

16 അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്‍റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെ മേൽ പകരും.

17 നീ ഈ വചനം അവരോടു പറയേണം: എന്‍റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.

18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ അവർ അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നു.


ജനത്തിന്‍റെ അഭയയാചന

19 അവിടുന്ന് യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? അങ്ങേക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ? ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു എന്നാൽ ഇതാ, കഷ്ടത!

20 യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ അങ്ങേയോടു പാപം ചെയ്തിരിക്കുന്നു.

21 അങ്ങേയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; അങ്ങേയുടെ മഹത്വമുള്ള സിംഹാസനത്തിനു അപമാനം വരുത്തരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കേണമേ; അതിന് ഭംഗം വരുത്തരുതേ.

22 ജനതകളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുവാൻ കഴിയുന്നവർ ഉണ്ടോ? അല്ല, ആകാശമോ മഴ നല്കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അത് അങ്ങ് തന്നെയല്ലയോ? അങ്ങേയ്ക്കായി ഞങ്ങൾ കാത്തിരിക്കും; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത് അവിടുന്നാണല്ലോ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan