ന്യായാധിപന്മാർ 14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംശിംശോന്റെ വിവാഹം 1 അനന്തരം ശിംശോൻ തിമ്ന ഗ്രാമത്തിലേക്ക് ചെന്നു, അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. 2 അവൻ വന്ന് തന്‍റെ അപ്പനോടും അമ്മയോടും പറഞ്ഞു: “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ട് എടുക്കേണം.” 3 അവന്‍റെ അപ്പനും അമ്മയും അവനോട്: “അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്ന് ഒരു ഭാര്യയെ എടുക്കാൻ തക്കവണ്ണം നിന്‍റെ സഹോദരന്മാരുടെ പുത്രിമാരിലും നമ്മുടെ സകലജനത്തിലും ആരുമില്ലയോ?” എന്നു ചോദിച്ചു. അതിന് ശിംശോൻ തന്‍റെ അപ്പനോട്: “അവളെ എനിക്ക് ഭാര്യയായി വേണം; അവളെ എനിക്ക് ഇഷ്ടമായിരിക്കുന്നു” എന്നു പറഞ്ഞു. 4 ഇത് യഹോവയാൽ വന്നതാണെന്ന് അവന്‍റെ അപ്പനും അമ്മയും അറിഞ്ഞിരുന്നില്ല; ആ കാലത്ത് യിസ്രായേലിന്‍റെ മേൽ ഫെലിസ്ത്യർക്ക് ആധിപത്യം ഉണ്ടായിരുന്നതിനാൽ, യഹോവ അവർക്കെതിരെ അവസരം അന്വേഷിക്കയായിരുന്നു. 5 അങ്ങനെ ശിംശോൻ അവന്‍റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി. തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്‍റെനേരെ അലറിവന്നു. 6 അപ്പോൾ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്നു; അവന്‍റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു. താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല. 7 പിന്നെ അവൻ ചെന്നു ആ സ്ത്രീയോട് സംസാരിച്ചു; അവളെ ശിംശോന് ഇഷ്ടമായി. 8 കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിക്കുവാൻ തിരികെ പോയപ്പോൾ, സിംഹത്തിന്‍റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്‍റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. 9 അവൻ കുറച്ച് തേൻ കയ്യിൽ എടുത്ത് തിന്നുകൊണ്ട് നടന്ന്, അപ്പന്‍റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു; അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്‍റെ ഉടലിൽനിന്ന് എടുത്തതാണെന്ന് അവൻ അവരോട് പറഞ്ഞില്ല. 10 അങ്ങനെ അവന്‍റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു. ശിംശോൻ അവിടെ ഒരു വിരുന്ന് കഴിച്ചു. യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു. 11 അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. 12 ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്‍റെ ഏഴു ദിവസത്തിനകം നിങ്ങൾ അതിന്‍റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം. 13 ഉത്തരം നിങ്ങൾക്ക് പറവാൻ കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം” എന്നു പറഞ്ഞു. അവർ അവനോട്: “നിന്‍റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ” എന്നു പറഞ്ഞു. 14 അവൻ അവരോട്: “ഭോക്താവിൽനിന്ന് ഭോജനവും മല്ലനിൽനിന്ന് മധുരവും പുറപ്പെട്ടു” എന്നു പറഞ്ഞു. എന്നാൽ ഉത്തരം പറവാൻ മൂന്നു ദിവസത്തോളം അവർക്ക് കഴിഞ്ഞില്ല. 15 ഏഴാം ദിവസത്തിലോ അവർ ശിംശോന്‍റെ ഭാര്യയോട്: “ഞങ്ങൾക്ക് ഉത്തരം പറഞ്ഞുതരുവാൻ തക്കവണ്ണം നിന്‍റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്‍റെ പിതൃഭവനത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങൾക്കുള്ളത് കൈവശപ്പെടുത്തേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചുവരുത്തിയത്” എന്നു പറഞ്ഞു. 16 ശിംശോന്‍റെ ഭാര്യ അവന്‍റെ മുമ്പിൽ കരഞ്ഞുകൊണ്ട്: “നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്‍റെ സ്വജനത്തിലെ യൗവനക്കാരോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അത് പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു. അവൻ അവളോട്: “എന്‍റെ അപ്പനോടും അമ്മയോടും ഞാൻ അത് പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്ക് പറഞ്ഞുതരുമോ?” എന്നു പറഞ്ഞു. 17 വിരുന്നിന്‍റെ ഏഴു ദിവസവും അവൾ അവന്‍റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട്, ഏഴാം ദിവസം അവൻ അവൾക്കും, അവൾ ആ യൗവനക്കാർക്കും ഉത്തരം പറഞ്ഞു കൊടുത്തു. 18 ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോട്: “തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത്?” എന്നു പറഞ്ഞു. അതിന് അവൻ അവരോട്: ”നിങ്ങൾ എന്‍റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ എന്‍റെ കടം വീട്ടുകയില്ലായിരുന്നു” എന്നു പറഞ്ഞു. 19 പിന്നെ, യഹോവയുടെ ആത്മാവ് അവന്‍റെമേൽ ശക്തമായി വന്നു; അവൻ അസ്കലോന്‍ പട്ടണത്തിലേക്ക് ചെന്നു മുപ്പതു പേരെ കൊന്ന്, അവരുടെ ഉടുപ്പൂരി ഉത്തരം പറഞ്ഞവർക്ക് കൊടുത്തു. അവന്‍റെ കോപം ജ്വലിച്ചു; അവൻ തന്‍റെ അപ്പന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയി. 20 ശിംശോന്‍റെ ഭാര്യ അവന്‍റെ കൂട്ടുകാരനായിരുന്ന തോഴന് ഭാര്യയായിയ്തീർന്നു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.