Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 59 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


പാപം, അനുതാപം, വീണ്ടെടുപ്പ്

1 രക്ഷിക്കുവാൻ കഴിയാത്തവിധം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾക്കുവാൻ കഴിയാത്തവിധം അവന്‍റെ ചെവി മന്ദമായിട്ടുമില്ല.

2 നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാത്തവിധം അവന്‍റെ മുഖത്തെ നിങ്ങൾക്ക് മറയ്ക്കുമാറാക്കിയത്.

3 നിങ്ങളുടെ കൈകൾ രക്തംകൊണ്ടും നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങൾ ഭോഷ്ക് സംസാരിക്കുന്നു; നിങ്ങളുടെ നാവ് നീതികേട് ജപിക്കുന്നു.

4 ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു; അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.

5 അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവൻ മരിക്കും; പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.

6 അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല; അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്.

7 അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു; അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.

8 സമാധാനത്തിന്‍റെ വഴി അവർ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല.

9 അതുകൊണ്ട് ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു; നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു.

10 ഞങ്ങൾ കുരുടന്മാരെപ്പോലെ ഭിത്തി തപ്പിനടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങൾ നട്ടുച്ചയ്ക്ക് ഇടറുന്നു; ശക്തരായവരുടെ മദ്ധ്യത്തിൽ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.

11 ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷക്കായി കാത്തിരിക്കുന്നു; എന്നാൽ അത് ഞങ്ങളോട് അകന്നിരിക്കുന്നു.

12 ഞങ്ങളുടെ അതിക്രമങ്ങൾ നിന്‍റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു.

13 അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.

14 അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടക്കുവാൻ കഴിയുന്നതുമില്ല.

15 സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; യഹോവ അത് കണ്ടിട്ട് ന്യായം ഇല്ലായ്കനിമിത്തം അവിടുത്തേക്കു അനിഷ്ടം തോന്നുന്നു.

16 ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി, അവിടുത്തെ നീതി അവനെ താങ്ങി.

17 അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു, രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു; അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.

18 അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും; അവിടുത്തെ വൈരികൾക്കു ക്രോധവും അവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ; ദ്വീപുവാസികളോട് അവിടുന്ന് പകരംവീട്ടും.

19 അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.

20 എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും അവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാടു.

21 “ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു: “നിൻ്റെമേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാൻ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan