യെശയ്യാവ് 52 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയെരൂശലേമിന്റെ മോചനം 1 സീയോനേ, ഉണരുക, ഉണരുക, നിന്‍റെ ബലം ധരിച്ചുകൊള്ളുക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക; ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല. 2 പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, എഴുന്നേറ്റ് ഇരിക്കുക; ബദ്ധയായ സീയോൻ പുത്രീ, നിന്‍റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക. 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.” 4 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ ജനം പണ്ടു പരദേശവാസം ചെയ്യുവാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു. 5 ഇപ്പോൾ എന്‍റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കുകകൊണ്ടു ഞാൻ ഇവിടെ എന്ത് ചെയ്യേണ്ടു” എന്നു യഹോവ അരുളിച്ചെയ്യുന്നു; “അവരുടെ അധിപതിമാർ പരിഹസിക്കുന്നു; എന്‍റെ നാമം ഇടവിടാതെ എല്ലായ്‌പ്പോഴും ദുഷിക്കപ്പെടുന്നു” എന്നും യഹോവ അരുളിച്ചെയ്യുന്നു. 6 “അതുകൊണ്ട് എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ട് ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.” 7 സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: “നിന്‍റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന സുവാർത്താദൂതന്‍റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! 8 നിന്‍റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും. 9 യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. 10 സകലജനതകളും കാൺകെ യഹോവ തന്‍റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും. 11 വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ. 12 നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല; യഹോവ നിങ്ങൾക്ക് മുമ്പായി നടക്കും; യിസ്രായേലിന്‍റെ ദൈവം നിങ്ങൾക്ക് പിൻപട ആയിരിക്കും. ദാസന്‍റെ കഷ്ടതയും മഹത്ത്വവും 13 എന്‍റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും. 14 അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കുകകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ, 15 അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.