Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 34 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


രാഷ്ട്രങ്ങൾക്കെതിരേയുള്ള ന്യായവിധി

1 ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്‍റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ.

2 യഹോവയ്ക്കു സകലജനതകളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.

3 അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും.

4 ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.

5 എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും ന്യായവിധിക്കായി ഇറങ്ങിവരും.

6 യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.

7 അവയോടുകൂടി കാട്ടുപോത്തുകളും കാളകളോടുകൂടി മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.

8 അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന വർഷവും ആകുന്നു.

9 ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.

10 രാവും പകലും അത് കെടുകയില്ല; അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അത് ശൂന്യമായി കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല.

11 വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്‍റെ നൂലും ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും.

12 അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും.

13 അതിന്‍റെ അരമനകളിൽ മുള്ളും അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അത് കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.

14 മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രമം പ്രാപിക്കുകയും ചെയ്യും.

15 അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും.

16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; അവിടുത്തെ വായല്ലയോ കല്പിച്ചത്; അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.

17 അവിടുന്ന് അവക്കായി ചീട്ടിട്ടു, അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ വസിക്കും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan