Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യഹോവയുടെ പർവ്വതം

1 ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.

2 വരും കാലങ്ങളില്‍ യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.

3 അനേകവംശങ്ങളും ചെന്നു: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും.

4 അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; അവർ അവരുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.


യഹോവയുടെ ദിവസം

5 യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.

6 എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു.

7 അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.

8 അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു.

9 മനുഷ്യൻ വണങ്ങുന്നു, പുരുഷൻ ലജ്ജിക്കപ്പെടുന്നു ജനങ്ങള്‍ മാനഹീനരാകുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ.

10 യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്ളുക.

11 മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ ന്യായവിധി നാളിൽ ഉന്നതനായിരിക്കും.

12 സൈന്യങ്ങളുടെ യഹോവയുടെ നാൾ അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും.

13 ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും

14 ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും

15 ഉന്നതമായ സകലഗോപുരത്തിന്മേലും ഉറപ്പുള്ള എല്ലാ മതിലിന്മേലും

16 എല്ലാ തർശ്ശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും.

17 അപ്പോൾ മനുഷ്യന്‍റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.

18 വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.

19 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്‍റെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും.

20 അവർ നമസ്കരിക്കുവാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.

21 യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്‍റെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും അവർ പാറകളുടെ പിളർപ്പുകളിലും ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും

22 മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; അവനെ എന്ത് വിലമതിക്കുവാനുള്ളു?

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan