Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ബാബേലിനെതിരേയുള്ള പ്രവചനം

1 ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:

2 മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ.

3 ഞാൻ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, എന്‍റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ ഞാൻ എന്‍റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.

4 ബഹുജനത്തിന്‍റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്‍റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജനതകളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ ഒന്നിച്ചുകൂട്ടുന്നു.

5 അവര്‍ ദൂരദേശത്തുനിന്നും ആകാശത്തിന്‍റെ അറ്റത്തുനിന്നും യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ വരുന്നു.

6 യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു.

7 അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.

8 അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്ക് പിടിപെടും; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.

9 ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും യഹോവയുടെ ദിവസം ക്രൂരമായി ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു.

10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശം തരുകയില്ല; സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.

11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

12 ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും.

13 അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും;

14 ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ അവനവന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് തിരിയും; ഓരോരുത്തൻ അവനവന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.

15 കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; പിടിപെടുന്നവനെല്ലാം വാളാൽ വീഴും.

16 അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.

17 ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്ക് താത്പര്യവുമില്ല.

18 അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; ഗർഭഫലത്തോട് അവർക്ക് കരുണ തോന്നുകയില്ല; പൈതങ്ങളെയും അവർ ആദരിക്കുകയില്ല.

19 രാജ്യങ്ങളുടെ മഹത്ത്വവും കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും.

20 അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.

21 മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും; ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും.

22 അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓരിയിടും; അതിന്‍റെ സമയം അടുത്തിരിക്കുന്നു; അതിന്‍റെ കാലം ദീർഘിച്ചുപോവുകയുമില്ല.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan