Biblia Todo Logo
Bìoball air-loidhne

- Sanasan -

ഹോശേയ 9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യിസ്രായേൽ ശിക്ഷിക്കപ്പെടും

1 യിസ്രായേലേ, നീ ആനന്ദിക്കരുത്; മറ്റു ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; നിന്‍റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. ധാന്യക്കളങ്ങളിൽ എല്ലാം നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ ആഗ്രഹിച്ചത്.

2 ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.

3 അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകുകയും അശ്ശൂരിൽവച്ച് മലിനമായത് തിന്നുകയും ചെയ്യും.

4 അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല; അവർ അർപ്പിക്കുന്ന അപ്പം അവർക്ക് വിലാപത്തിന്‍റെ അപ്പം പോലെ ആയിരിക്കും; അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല.

5 സഭായോഗ ദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും?

6 അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും മിസ്രയീം അവരെ ഒരുമിച്ച് കൂട്ടും; മോഫ് അവരെ അടക്കം ചെയ്യും; വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.

7 ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്‍റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്ന് യിസ്രായേൽ അറിയും.

8 എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്‍റെ കെണിയും ദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും.

9 ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപത്തിന് ശിക്ഷ നൽകും.

10 മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടിരുന്നു; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി.

11 പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ എഫ്രയീമിന്‍റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.

12 അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം!

13 ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു; എങ്കിലും എഫ്രയീം തന്‍റെ മക്കളെ ഘാതകന്‍റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും.

14 യഹോവേ, അവർക്ക് കൊടുക്കേണമേ; നീ അവർക്ക് എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കേണമേ.

15 അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു; അവിടെവച്ച് ഞാൻ അവരെ വെറുത്തു; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്‍റെ ആലയത്തിൽനിന്ന് നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു.

16 എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവർ ഫലം കായിക്കുകയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും.

17 അവർ എന്‍റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് യഹോവ അവരെ തള്ളിക്കളയും; അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan