Biblia Todo Logo
Bìoball air-loidhne

- Sanasan -

എബ്രായർ 10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


പാപപരിഹാരത്തിനായുള്ള ക്രിസ്തുവിന്‍റെ ഏകയാഗം

1 ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴൽ എന്നല്ലാതെ, കാര്യങ്ങളുടെ യഥാർത്ഥ രൂപമല്ലാത്തതുകൊണ്ട്, ആണ്ടുതോറും ആവർത്തിക്കുന്ന അതേ യാഗങ്ങൾ കൊണ്ടു അടുത്തുവരുന്നവർക്ക് സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.

2 അല്ലായെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിൻ്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഉണ്ടാകാത്തതിനാൽ യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ?

3 ഇപ്പോഴോ ആണ്ടുതോറും യാഗങ്ങളാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.

4 കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ.

5 ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു: “ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.

6 സർവ്വാംഗഹോമങ്ങളിലും പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല.

7 അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.

8 ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടുകളും സർവ്വാംഗ ഹോമങ്ങളും പാപപരിഹാര യാഗങ്ങളും നീ ഇച്ഛിച്ചില്ല, അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:

9 ഇതാ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിക്കുവാൻ ഒന്നാമത്തെ ആചാരങ്ങളെ നീക്കിക്കളയുന്നു.

10 ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽ, അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

11 വാസ്തവമായും ഏത് പുരോഹിതനും ദിവസേന ശുശ്രൂഷിച്ചിട്ടും ഒരുനാളും പാപങ്ങളെ പരിഹരിപ്പാൻ കഴിയാത്ത അതേ യാഗങ്ങളെ വീണ്ടുംവീണ്ടും അർപ്പിച്ചും കൊണ്ടു നില്ക്കുന്നു.

12 ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലത്തുഭാഗത്ത്,

13 ശത്രുക്കൾ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.

14 ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.

15 അത് പരിശുദ്ധാത്മാവും നമ്മോട് സാക്ഷീകരിക്കുന്നു.

16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോട് ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്‍റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:

17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നുകൂടി അരുളിച്ചെയ്യുന്നു.

18 ആകയാൽ പാപങ്ങളുടെ മോചനം നടന്നിരിക്കുന്നതിനാൽ, ഇനി മേൽ പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല.


പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക

19 അതുകൊണ്ട് സഹോദരന്മാരേ, യേശുവിന്‍റെ രക്തത്താൽ നാം ധൈര്യത്തോടെ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതിനായി,

20 യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കുവേണ്ടി ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തു.

21 കൂടാതെ ദൈവഭവനത്തിൽ നമുക്ക് ഒരു മഹാപുരോഹിതനേയും ലഭിച്ചിരിക്കുന്നതിനാൽ,

22 നാം ദുർമ്മനസ്സാക്ഷി നീങ്ങിയവരായി തളിച്ചു ശുദ്ധീകരിച്ച ഹൃദയത്തോടെയും ശുദ്ധവെള്ളത്താൽ കഴുകപ്പെട്ട ശരീരത്തോടെയും വിശ്വാസത്തിന്‍റെ പൂർണ്ണനിശ്ചയം പൂണ്ട് പരമാർത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക.

23 പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.

24 സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം പ്രോൽസാഹിപ്പിക്കുവാൻ ശ്രദ്ധിക്കുക.

25 ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, കർത്താവിന്‍റെ നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.


മനഃപൂർവ്വ പാപങ്ങൾക്കെതിരായ ഗൗരവമായ മുന്നറിയിപ്പ്

26 സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപപരിഹാരത്തിന് വേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല.

27 മറിച്ച് ഭയങ്കരമായ ന്യായവിധിയേയും ദൈവത്തെ എതിർക്കുന്നവരെ ദഹിപ്പിക്കുവാനുള്ള ക്രോധാഗ്നിയേയും ആകുന്നു നേരിടേണ്ടി വരിക.

28 മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നവന് കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ മരണശിക്ഷ കല്പിക്കുന്നുവല്ലോ.

29 ദൈവപുത്രനെ ചവിട്ടിക്കളയുകയും തന്നെ വിശുദ്ധീകരിച്ച നിയമ രക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകും എന്നു നിങ്ങൾ ചിന്തിച്ചു നോക്കുവിൻ.

30 “പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം ചെയ്യും” എന്നും “കർത്താവ് തന്‍റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.

31 ജീവനുള്ള ദൈവത്തിന്‍റെ കയ്യിൽ വീഴുന്നത് ഭയങ്കരം.

32 നിങ്ങൾക്ക് പ്രകാശനം ലഭിച്ചശേഷം, പരസ്യമായ നിന്ദകളാലും പീഢകളാലും നിങ്ങൾ കഷ്ടതയനുഭവിച്ചു.

33 കൂടാതെ, ആ വക കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.

34 തടവുകാരോട് നിങ്ങൾ സഹതാപം കാണിച്ചു. കൂടാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ് സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.

35 അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്.

36 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കുവാൻ നിങ്ങൾക്ക് സഹിഷ്ണത ആവശ്യം.

37 “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവൻ തീർച്ചയായും വരും, താമസിക്കയുമില്ല.”

38 എന്നാൽ “എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല” എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ?

39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan