Biblia Todo Logo
Bìoball air-loidhne

- Sanasan -

ഉൽപത്തി 49 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യാക്കോബ് പുത്രന്മാരെ അനുഗ്രഹിക്കുന്നു

1 അനന്തരം യാക്കോബ് തന്‍റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്ക് സംഭവിക്കാനുള്ളത് ഞാൻ നിങ്ങളെ അറിയിക്കും.

2 യാക്കോബിന്‍റെ പുത്രന്മാരേ: കൂടിവന്നു കേൾക്കുവിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്‍റെ മൊഴിക്കു ചെവിതരുവിൻ!

3 രൂബേനേ, നീ എന്‍റെ ആദ്യജാതൻ, എന്‍റെ വീര്യവും എന്‍റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്‍റെ വൈശിഷ്ട്യവും തന്നെ.

4 വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല; നീ അപ്പന്‍റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്‍റെ ശയ്യമേൽ അവൻ കയറിയല്ലോ.

5 ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിൻ്റെ ആയുധങ്ങൾ.

6 എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; അവരുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു.

7 അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും.

8 യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്‍റെ മക്കൾ നിന്‍റെ മുമ്പിൽ നമസ്കരിക്കും.

9 യെഹൂദാ ഒരു വലിയസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?

10 ശീലോഹ് വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡ് അവന്‍റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജനതകളുടെ അനുസരണം അവനോട് ആകും.

11 അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്‍റെ ഉടുപ്പും മുന്തിരിച്ചാറിൽ തന്‍റെ വസ്ത്രവും അലക്കുന്നു.

12 അവന്‍റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്‍റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; അവന്‍റെ അതിർത്തി സീദോൻ വരെ ആകും.

14 യിസ്സാഖാർ കരുത്തുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.

15 വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും കണ്ടു, അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു.

16 ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും.

17 ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.

18 യഹോവേ, ഞാൻ നിന്‍റെ രക്ഷക്കായി കാത്തിരിക്കുന്നു.

19 ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയംപ്രാപിക്കും.

20 ആശേരോ, അവന്‍റെ ആഹാരം പുഷ്ടിയുള്ളത്; അവൻ രാജകീയസ്വാദുഭോജനം നല്കും.

21 നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യ വാക്കുകൾ സംസാരിക്കുന്നു.

22 യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്‍റെ ശാഖകൾ മതിലിന്മേൽ പടരുന്നു.

23 വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോട് പൊരുതി.

24 അവന്‍റെ വില്ല് ഉറപ്പോടെ നിന്നു; അവന്‍റെ ഭുജം യാക്കോബിൻ വല്ലഭൻ്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്‍റെ പാറയായ ഇടയന്‍റെ നാമത്താൽ തന്നെ.

25 നിന്‍റെ പിതാവിന്‍റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നെ അവൻ മീതെ ആകാശത്തിന്‍റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്‍റെ അനുഗ്രഹങ്ങളാലും മുലയുടെയും ഗർഭത്തിൻ്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.

26 എൻ പിതാവിന്‍റെ അനുഗ്രഹങ്ങൾ എൻ പൂര്‍വ്വ പിതാക്കന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്‍റെ തലയിലും തന്‍റെ സഹോദരന്മാരിൽ പ്രഭുവായവൻ്റെ നെറുകയിലും വരും.

27 ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.”

28 യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതുതന്നെ; അവൻ അവരിൽ ഓരോ മകനും അവനവന് ഉചിതമായ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.


യാക്കോബിന്‍റെ മരണം

29 അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: “ഞാൻ എന്‍റെ ജനത്തോടു ചേരുമ്പോൾ ഹിത്യനായ എഫ്രോൻ്റെ നിലത്തിലെ ഗുഹയിൽ എന്‍റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ സംസ്കരിക്കേണം.

30 കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.

31 അവിടെ അവർ അബ്രാഹാമിനെയും അവന്‍റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്‍റെ ഭാര്യയായ റിബെക്കായെയും സംസ്കരിച്ചു; അവിടെ ഞാൻ ലേയായെയും സംസ്കരിച്ചു.

32 ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.”

33 യാക്കോബ് തന്‍റെ പുത്രന്മാരോട് ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്‍റെ ജനത്തോടു ചേർന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan