Biblia Todo Logo
Bìoball air-loidhne

- Sanasan -

ഗലാത്യർ 6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


എല്ലാവർക്കും നന്മ ചെയ്യുക

1 സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക.

2 തമ്മിൽതമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവർത്തിപ്പിൻ.

3 താൻ നിസ്സാരനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുവൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.

4 ഓരോരുത്തൻ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; അപ്പോൾ അവൻ തന്‍റെ പ്രശംസ മറ്റൊരുത്തനുമായി താരതമ്യം ചെയ്യാതെ തന്നിൽ തന്നെ അടക്കി വെയ്ക്കും.

5 ഓരോരുത്തൻ താന്താന്‍റെ ചുമട് ചുമക്കുമല്ലോ.

6 വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാനന്മയിലും ഓഹരി കൊടുക്കേണം.

7 വഞ്ചിക്കപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതയ്ക്കുന്നത് തന്നെ കൊയ്യും.

8 തന്‍റെ ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും; എന്നാൽ ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവനെ കൊയ്യും.

9 നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്ത് നാം കൊയ്യും.

10 ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.

11 നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്ക് സ്വന്ത കൈപ്പടയിൽതന്നെ എഴുതിയിരിക്കുന്നു.

12 ജഡത്തിൽ പ്രകടനം കാണിക്കുവാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്‍റെ ക്രൂശ് നിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന് മാത്രം നിങ്ങളെ പരിച്ഛേദന ഏൽക്കുവാൻ നിർബ്ബന്ധിക്കുന്നു.

13 പരിച്ഛേദനക്കാർ തന്നെയും ന്യായപ്രമാണം പാലിക്കുന്നില്ലല്ലോ; എന്നാൽ നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കണം എന്നുവച്ച് നിങ്ങൾ പരിച്ഛേദന ഏല്ക്കുവാൻ അവർ ഇച്ഛിക്കുന്നതേയുള്ളൂ.

14 എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശിൽ അല്ലാതെ പ്രശംസിക്കുവാൻ ഇടവരരുത്; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

15 പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.

16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.

17 ഇനി ആരും എനിക്ക് പ്രയാസം വരുത്തരുത്; ഞാൻ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തിൽ വഹിക്കുന്നു.

18 സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan