Biblia Todo Logo
Bìoball air-loidhne

- Sanasan -

യെഹെസ്കേൽ 7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യിസ്രായേലിൻ്റെ അന്ത്യം അടുത്തിരിക്കുന്നു

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

2 “മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ അവസാനം! യിസ്രായേൽ ദേശത്തിന്‍റെ നാലുഭാഗത്തും അവസാനം വന്നെത്തിയിരിക്കുന്നു!

3 ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാൻ എന്‍റെ കോപം നിന്‍റെമേൽ അയച്ച് നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും.

4 എന്‍റെ കണ്ണ് നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും; നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”

5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു!

6 അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അത് നിന്‍റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു.

7 ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, സമയം അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്‍റെ ആർപ്പുവിളിയല്ല.

8 ഇപ്പോൾ ഞാൻ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകർന്ന്, എന്‍റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.

9 എന്‍റെ കണ്ണ് ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും; നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും.

10 “ഇതാ, നാൾ; ഇതാ, അത് വരുന്നു; നിന്‍റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു.

11 സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല.

12 കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്‍റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ വാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.

13 “അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്‍റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.

14 “അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്‍റെ ക്രോധം അതിന്‍റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽ ആരും യുദ്ധത്തിനു പോകുന്നില്ല,

15 പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.

16 എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും ഓരോരുത്തനും അവനവന്‍റെ അകൃത്യത്തെക്കുറിച്ച് താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.

17 എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും.

18 അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.

19 “അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, അവരുടെ വയറ് നിറയുകയും ഇല്ല; അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.

20 അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു; അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു.

21 ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും; അവർ അത് അശുദ്ധമാക്കും.

22 ഞാൻ എന്‍റെ മുഖം അവരിൽ നിന്നു തിരിക്കും. അവർ എന്‍റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും; കവർച്ചക്കാർ അതിനകത്ത് കടന്ന് അതിനെ അശുദ്ധമാക്കും.

23 “ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.

24 ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകൾ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.

25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.

26 അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്‍റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും.

27 രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും; ദേശത്തെ ജനത്തിന്‍റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.“

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan