Biblia Todo Logo
Bìoball air-loidhne

- Sanasan -

യെഹെസ്കേൽ 41 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ദൈവാലയത്തിന്‍റെ കട്ടിളപ്പടികൾ

1 അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്ന്, കട്ടിളപ്പടികൾ അളന്നു; കട്ടിളപ്പടികളുടെ വീതി ഒരു വശത്ത് ആറു മുഴവും മറുവശത്ത് ആറു മുഴവും ആയിരുന്നു.

2 പ്രവേശനകവാടത്തിൻ്റെ വീതി പത്തു മുഴവും അതിന്‍റെ പാർശ്വഭിത്തികൾ ഒരു വശത്ത് അഞ്ചു മുഴവും മറുവശത്ത് അഞ്ചു മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്‍റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.

3 പിന്നെ അവൻ അകത്തേക്കു ചെന്നു, പ്രവേശനകവാടത്തിൻ്റെ കട്ടിളപ്പടികൾ അളന്നു: ഘനം രണ്ടു മുഴവും അതിന്‍റെ ഉയരം ആറു മുഴവും കട്ടിളപ്പടികളുടെ വീതി ഏഴു മുഴം വീതവുമായിരുന്നു.

4 അവൻ അതിന്‍റെ നീളം അളന്നു: ഇരുപതു മുഴം; വീതി മന്ദിരത്തിനൊത്തവിധം ഇരുപതു മുഴം; “ഇത് അതിവിശുദ്ധസ്ഥലം” എന്നു അവൻ എന്നോട് കല്പിച്ചു.

5 പിന്നെ അവൻ ആലയത്തിന്‍റെ ഭിത്തി അളന്നു: ഘനം ആറു മുഴം: ആലയത്തിന്‍റെ ചുറ്റുമുള്ള പാർശ്വമുറികളുടെ വീതി നാലു മുഴം.

6 എന്നാൽ പാർശ്വമുറികൾ ഒന്നിന്‍റെ മേൽ ഒന്നായി മൂന്നു നിലയായും, ഒരു നിലയിൽ മുപ്പതു വീതവും ആയിരുന്നു; പാർശ്വമുറികൾക്കു ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു; അവ ആലയത്തിനും പാർശ്വമുറികൾക്കും ഇടയിലുള്ള ഭിത്തിയെ താങ്ങിനിർത്തുവാൻ തക്കവിധം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്ത് എത്തിയിരുന്നില്ല.

7 ആലയത്തിന്‍റെ മുകളിലേക്കു പോകുന്തോറും ചുറ്റിനുമുള്ള പാർശ്വമുറികൾക്ക് വിസ്താരം ഏറിയിരുന്നു; ആലയത്തിന് ചുറ്റും മുറിക്കകത്ത്, മുകളിലേക്കു പോകുന്തോറും വീതി കൂടിയിരുന്നു; അതുകൊണ്ട്, മുകളിലേക്കു ചെല്ലുന്തോറും അതിന്‍റെ ഘടനയ്ക്ക് വിസ്താരം ഏറിയിരുന്നു; താഴത്തെ നിലയിൽനിന്ന് മദ്ധ്യനിലയിൽക്കൂടി മുകളിലത്തെ നിലയിൽ കയറാം.

8 ഞാൻ ആലയത്തിന്‍റെ ചുറ്റിലും പൊക്കമുള്ള ഒരു തറ കണ്ടു; പാർശ്വമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴുദണ്ഡായിരുന്നു; അതായത് ആറു മുഴം വീതി.

9 പാർശ്വമുറികളുടെ പുറംഭിത്തിയുടെ ഘനം അഞ്ചു മുഴമായിരുന്നു;

10 എന്നാൽ ആലയത്തിന്‍റെ പാർശ്വമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന് ചുറ്റും ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.

11 പാർശ്വമുറികളുടെ വാതിലുകൾ പുറംതിണ്ണയ്ക്കു നേരെ തുറന്നിരുന്നു; ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; പുറംതിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.

12 മുറ്റത്തിൻ്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപത് മുഴം വീതിയുള്ളതും കെട്ടിടത്തിൻ്റെ ചുറ്റുമുള്ള ഭിത്തി അഞ്ചു മുഴം ഘനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.

13 അവൻ ആലയം അളന്നു: നീളം നൂറുമുഴം; മുറ്റവും കെട്ടിടവും അതിന്‍റെ ഭിത്തികളും അളന്നു; അതിനും നൂറുമുഴം നീളം.

14 ആലയത്തിന്‍റെ മുൻഭാഗത്തിൻ്റെയും കിഴക്കുള്ള മുറ്റത്തിൻ്റെയും വീതിയും നൂറുമുഴമായിരുന്നു.

15 പിന്നെ അവൻ മുറ്റത്തിൻ്റെ പിൻഭാഗത്ത് അതിനെതിരെയുള്ള കെട്ടിടത്തിൻ്റെ നീളവും അതിന് ഇരുവശത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം. അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്‍റെ പൂമുഖങ്ങൾക്കും

16 ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലത്തുനിന്ന് ജാലകങ്ങൾ വരെ പലകയടിച്ചിരുന്നു; ജാലകങ്ങൾ മൂടിയിരുന്നു.

17 അകത്തെ ആലയത്തിന്‍റെ വാതിലിന്‍റെ മുകൾഭാഗം വരെയും, പുറമെയും, ചുറ്റും എല്ലാ ഭിത്തിമേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.

18 കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിനും ഈ രണ്ടു മുഖവും ഉണ്ടായിരുന്നു.

19 മനുഷ്യമുഖം ഒരു വശത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം മറുവശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്‍റെ ചുറ്റും എല്ലായിടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.

20 നിലംമുതൽ വാതിലിന്‍റെ മുകൾഭാഗംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്‍റെ ഭിത്തി.

21 മന്ദിരത്തിന് സമചതുരമായുള്ള കട്ടിളക്കാലുകളുണ്ടായിരുന്നു; അവ വിശുദ്ധമന്ദിരത്തിന്‍റെ മുമ്പിൽ യാഗപീഠംപോലെയുള്ളതായിരുന്നു.

22 യാഗപീഠം മരംകൊണ്ടുള്ളതും, മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും ഉള്ളതുമായിരുന്നു; അതിന്‍റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോട്: “ഇത് യഹോവയുടെ സന്നിധിയിലെ മേശയാകുന്നു” എന്നു കല്പിച്ചു.

23 മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈ രണ്ടു കതകുകൾ ഉണ്ടായിരുന്നു.

24 കതകുകൾക്ക് ഈ രണ്ടു മടക്കുപാളികൾ ഉണ്ടായിരുന്നു; ഒരു കതകിന് രണ്ടു മടക്കുപാളികൾ; മറ്റെ കതകിന് രണ്ടു മടക്കുപാളികൾ.

25 ഭിത്തികളിൽ എന്നപോലെ മന്ദിരത്തിന്‍റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിൻ്റെ മുമ്പിൽ മരംകൊണ്ടുള്ള ഒരു വിതാനം ഉണ്ടായിരുന്നു.

26 പൂമുഖത്തിൻ്റെ പാർശ്വങ്ങളിൽ ഇരുവശത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്‍റെ പാർശ്വമുറികളുടെയും തുലാങ്ങളുടെയും പണികൾ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan