Biblia Todo Logo
Bìoball air-loidhne

- Sanasan -

യെഹെസ്കേൽ 36 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യിസ്രായേലിനെ അനുഗ്രഹം

1 “നീയോ, മനുഷ്യപുത്രാ, യിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചു പറയേണ്ടത്: ‘യിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേൾക്കുവിൻ!’

2 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ശത്രു നിങ്ങളെക്കുറിച്ച്: ‘നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു’ എന്നു പറയുന്നു.

3 അതുകൊണ്ട് നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവിധം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു വിഴുങ്ങിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാടികളുടെ അധരങ്ങളാൽ ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കുകകൊണ്ടും

4 യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്‍റെ വചനം കേൾക്കുവിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജ്ജനമായ പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ചുറ്റുമുള്ള ജനതകളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവുമായി ഭവിച്ചിരിക്കുന്നു.

5 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനതകളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാൻ നിശ്ചയമായി എന്‍റെ ജ്വലിക്കുന്ന തീക്ഷ്ണതയോടെ സംസാരിക്കും; അവർ എന്‍റെ ദേശത്തെ കവർച്ചയ്ക്കായി തള്ളിക്കളയുവാൻ തക്കവിധം അതിനെ പൂർണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടി അവർക്ക് അവകാശമായി നിയമിച്ചുവല്ലോ.”

6 അതുകൊണ്ട് നീ യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ച് മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജനതകളുടെ നിന്ദ വഹിച്ചതുകൊണ്ട് ഞാൻ എന്‍റെ തീക്ഷ്ണതയോടും എന്‍റെ ക്രോധത്തോടുംകൂടി സംസാരിക്കുന്നു.”

7 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ചുറ്റുമുള്ള ജനതകൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു.

8 നിങ്ങളോ, യിസ്രായേൽപർവ്വതങ്ങളേ, എന്‍റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കുകകൊണ്ട് കൊമ്പുകളെ നീട്ടി അവർക്ക് വേണ്ടി ഫലം കായിക്കുവിൻ.

9 ഞാൻ നിങ്ങൾക്ക് അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്ക് തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.

10 ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വർദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.

11 ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; കഴിഞ്ഞകാലത്ത് എന്നപോലെ ഞാൻ നിങ്ങളിൽ ജനവാസമുണ്ടാക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്ക് ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

12 ഞാൻ നിങ്ങളിൽക്കൂടി മനുഷ്യരെ, എന്‍റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ ഇനി അവരെ മക്കളില്ലാത്തവരാക്കുകയുമില്ല.”

13 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ നിന്നോട്: “നീ മനുഷ്യരെ തിന്നുകളയുകയും നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു’ എന്നു പറയുന്നതുകൊണ്ട്,

14 നീ ഇനി മേൽ മനുഷ്യരെ തിന്നുകളയുകയില്ല; നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

15 “ഞാൻ ഇനി നിന്നെ ജനതകളുടെ നിന്ദ കേൾപ്പിക്കുകയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കുകയില്ല; നീ ഇനി നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

16 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:

17 “മനുഷ്യപുത്രാ, യിസ്രായേൽഗൃഹം അവരുടെ ദേശത്തു വസിച്ചിരുന്നപ്പോൾ, അവർ അതിനെ അവരുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്‍റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.

18 അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ അവരുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞാൻ എന്‍റെ ക്രോധം അവരുടെ മേൽ പകർന്നു.

19 ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികൾക്കും തക്കവിധം ഞാൻ അവരെ ന്യായംവിധിച്ചു.

20 ജനതകളുടെ ഇടയിൽ അവർ എത്തുന്നയിടത്തെല്ലാം അവരെക്കുറിച്ച്: ‘ഇവർ യഹോവയുടെ ജനം, അവിടുത്തെ ദേശം വിട്ടുപോകേണ്ടിവന്നവർ’ എന്നു പറയുവാൻ ഇടയാക്കിയതിനാൽ അവർ എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.

21 എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേർന്ന ജനതകളുടെ ഇടയിൽ അശുദ്ധമാക്കിയ എന്‍റെ വിശുദ്ധനാമത്തെക്കുറിച്ച് എനിക്ക് ഹൃദയഭാരം ഉണ്ടായി.

22 അതുകൊണ്ട് നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്‍റെ വിശുദ്ധനാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നത്.

23 ജനതകളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായിത്തീർന്നിരിക്കുന്ന എന്‍റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജനതകളുടെ മുൻപിൽ ഞാൻ എന്നെത്തന്നെ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

24 ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് കൂട്ടിവരുത്തി, സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ച്, സ്വന്തദേശത്തേക്കു കൊണ്ടുവരും.

25 ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായിത്തീരും; ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.

26 ഞാൻ നിങ്ങൾക്ക് പുതിയ ഒരു ഹൃദയം തരും; പുതിയ ഒരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും.

27 ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.

28 ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും; നിങ്ങൾ എനിക്ക് ജനമായും ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും.

29 ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി അതിനെ വർദ്ധിപ്പിക്കും.

30 നിങ്ങൾ ഇനി ഒരിക്കലും ജനതകളുടെ ഇടയിൽ ക്ഷാമത്തിന്‍റെ നിന്ദ അനുഭവിക്കാതെയിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്‍റെ വിളവും വർദ്ധിപ്പിക്കും.

31 അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്ടപ്രവൃത്തികളെയും ഓർത്തു, നിങ്ങളുടെ അകൃത്യങ്ങളും മ്ലേച്ഛതകളും നിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.

32 ‘നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നത്’ എന്നു നിങ്ങൾ മനസ്സിലാക്കണമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിക്കുവിൻ.

33 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അകൃത്യങ്ങളെല്ലാം നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങൾ ജനവാസമുള്ളതാക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.

34 അതിലെ വഴിപോകുന്ന എല്ലാവരുടെയും കാഴ്ചക്ക് ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്ത് കൃഷി നടക്കും.

35 ‘ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ’ എന്നു അവർ പറയും.

36 ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിത്, ശൂന്യപ്രദേശത്ത് കൃഷി ചെയ്യുമെന്ന് നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകൾ അന്നു അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കുകയും ചെയ്യും.”

37 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്‍റെ അപേക്ഷ കേട്ടു, ഞാൻ ഒന്നുകൂടി ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻകൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.

38 ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻകൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻകൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിൻകൂട്ടം കൊണ്ടു നിറയും; ഞാൻ യഹോവ എന്നു അവർ അറിയും.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan