പുറപ്പാട് 37 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംഉടമ്പടിപ്പെട്ടകം 1 ബെസലേൽ ഖദിരമരംകൊണ്ട് പെട്ടകം ഉണ്ടാക്കി. അതിന് രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു. 2 അതിന്‍റെ അകവും പുറവും പൊന്നുകൊണ്ട് പൊതിഞ്ഞു, അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി. 3 അതിന്‍റെ നാലു കാലിനും ഇപ്പുറത്ത് രണ്ടു വളയങ്ങൾ അപ്പുറത്ത് രണ്ടു വളയങ്ങൾ ഇങ്ങനെ നാലു പൊൻവളയങ്ങൾ വാർപ്പിച്ചു. 4 അവൻ ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു. 5 പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്‍റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി. 6 അവൻ തങ്കംകൊണ്ട് കൃപാസനം ഉണ്ടാക്കി; അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു. 7 അവൻ പൊന്നുകൊണ്ട് രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിൻ്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി. 8 ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിൻ്റെ രണ്ടു അറ്റത്തും അതിൽനിന്ന് തന്നെ ഉള്ളവയായി ഉണ്ടാക്കി. 9 കെരൂബുകൾ മുകളിലേക്ക് ചിറക് വിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ആയിരുന്നു. 10 അവൻ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിന് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു. 11 അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി. 12 അതിന് ചുറ്റും നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി. 13 അതിന് നാലു പൊൻവളയം വാർത്ത് നാലു കാലിൻ്റെയും ഓരോ പാർശ്വത്തിൽ തറച്ചു. 14 മേശ ചുമക്കേണ്ടതിന് തണ്ടുകൾ ഇടുവാൻ വളയങ്ങൾ ചട്ടത്തോട് ചേർന്നിരുന്നു. 15 മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു. 16 മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി. 17 അവൻ തങ്കംകൊണ്ട് നിലവിളക്ക് ഉണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരുന്നു. 18 നിലവിളക്കിൻ്റെ ഒരു വശത്തുനിന്ന് മൂന്നു ശാഖകൾ, അതിന്‍റെ മറ്റെ വശത്ത് നിന്നും മൂന്നു ശാഖകൾ, ഇങ്ങനെ ആറു ശാഖകൾ അതിന്‍റെ വശങ്ങളിൽനിന്ന് പുറപ്പെട്ടു. 19 ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടങ്ങളും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെട്ട ആറു ശാഖകളിലും ഉണ്ടായിരുന്നു. 20 വിളക്കുതണ്ടിൽ മൊട്ടുകളും പൂക്കളുമായി ബദാംപൂപോലെ നാലു പുഷ്പപുടങ്ങളും ഉണ്ടായിരുന്നു. 21 അതിൽനിന്നുള്ള രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും, അതിൽനിന്നുള്ള മറ്റെ രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും, അതിൽനിന്നുള്ള ശേഷം രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും, ഇങ്ങനെ അതിൽനിന്ന് പുറപ്പെടുന്ന ആറു ശാഖകളിലും ഉണ്ടായിരുന്നു. 22 മൊട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരുന്നു; അത് മുഴുവനും തങ്കംകൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു. 23 അവൻ അതിന്‍റെ ഏഴു ദീപങ്ങളും അതിന്‍റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി. 24 ഒരു താലന്തു തങ്കംകൊണ്ട് അവൻ അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി. 25 അവൻ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്‍റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു. 26 അവൻ അതും അതിന്‍റെ മേല്പലകയും അതിന്‍റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിഞ്ഞു; അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്ക് ഉണ്ടാക്കി. 27 അത് ചുമക്കേണ്ടതിന് തണ്ട് ചെലുത്തുവാൻ വക്കിന് കീഴെ രണ്ടു പാർശ്വത്തിലുള്ള ഓരോ കോണിലും ഓരോ പൊൻവളയം ഉണ്ടാക്കി. 28 ഖദിരമരംകൊണ്ട് തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു. 29 അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്‍റെ വിദ്യപ്രകാരം ഉണ്ടാക്കി. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.