പുറപ്പാട് 1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയിസ്രായേല്യർ പീഡിപ്പിക്കപ്പെടുന്നു 1 യാക്കോബിനോടുകൂടെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ: 2 രൂബേൻ, ശിമെയോൻ, ലേവി, 3 യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ 4 ദാൻ, നഫ്താലി, ഗാദ്, ആശേർ. 5 യാക്കോബിന്‍റെ സന്താനപരമ്പരകൾ എല്ലാംകൂടി എഴുപത് പേർ ആയിരുന്നു; യോസേഫ് മുമ്പെ തന്നെ മിസ്രയീമിൽ ആയിരുന്നു. 6 പിന്നീട് യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു. 7 യിസ്രായേൽ മക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു. 8 അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് മിസ്രയീമിൽ ഉണ്ടായി. 9 അവൻ തന്‍റെ ജനത്തോട്: “യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു. 10 ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക.” 11 അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെ മേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, രമെസേസ് എന്ന ധാന്യസംഭരണനഗരങ്ങൾ ഫറവോന് പണിതു. 12 എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് മിസ്രയീമ്യർ യിസ്രായേൽ മക്കൾ നിമിത്തം പേടിച്ചു. 13 മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. 14 കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമ്മാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു. 15 എന്നാൽ മിസ്രയീമിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ സൂതികർമ്മിണികളോട്: 16 “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു. 17 എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവ് തങ്ങളോട് കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. 18 അപ്പോൾ മിസ്രയീമിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. 19 സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ മിസ്രയീമിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു. 20 അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു. 21 സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ടു അവൻ അവർക്ക് കുടുംബവർദ്ധന നല്കി. 22 പിന്നെ ഫറവോൻ തന്‍റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണം” എന്നും കല്പിച്ചു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.