എസ്ഥേർ 1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംരാജാവിന്റെ വിരുന്ന് 1 അഹശ്വേരോശ് രാജാവിന്‍റെ ഭരണകാലത്ത് ഹിന്ദുദേശം മുതൽ കൂശ്‌വരെ നൂറ്റിയിരുപത്തിയേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു. 2 ആ കാലത്ത് അഹശ്വേരോശ് രാജാവ് ശൂശൻ രാജധാനിയിൽ തന്‍റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ 3 ഭരണത്തിന്‍റെ മൂന്നാം വർഷം തന്‍റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു. പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും അവന്‍റെ സന്നിധിയിൽ ഉണ്ടായിരുന്നു. 4 അങ്ങനെ അവൻ തന്‍റെ രാജകീയമഹത്വത്തിന്‍റെ ഐശ്വര്യവും, തന്‍റെ മഹിമാധിക്യത്തിന്‍റെ പ്രതാപവും കുറേനാൾ, നൂറ്റിയെൺപത് (180) ദിവസം പ്രദർശിപ്പിച്ചു. 5 ആ നാളുകൾ കഴിഞ്ഞശേഷം, രാജാവ് ശൂശൻ രാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകല ജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽ വച്ചു ഏഴു ദിവസം വിരുന്ന് നൽകി. 6 അവിടെ വെൺകൽ തൂണുകളിന്മേൽ, ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകൾകൊണ്ട്, വെള്ളയും പച്ചയും നീലയുമായ തിരശ്ശീലകൾ, വെള്ളിവളയങ്ങളിൽ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ല് പാകിയിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു. 7 വിവിധ ആകൃതിയിലുള്ള സ്വർണ്ണ പാത്രങ്ങളിലായിരുന്നു അവർക്ക് കുടിക്കുവാൻ കൊടുത്തത്; രാജപദവിക്ക് യോജിച്ചവിധം രാജവീഞ്ഞ് ധാരാളം ഉണ്ടായിരുന്നു. 8 എന്നാൽ രാജാവ് തന്‍റെ രാജധാനിവിചാരകന്മാരോട്: “ആരെയും നിർബ്ബന്ധിക്കരുത്; ഓരോരുത്തരും അവരവരുടെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ” എന്ന് കല്പിച്ചിരുന്നതിനാൽ എല്ലാവരും ഇഷ്ടംപോലെ കുടിച്ചു. 9 രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്‍റെ രാജധാനിയിൽ വച്ചു സ്ത്രീകൾക്ക് ഒരു വിരുന്ന് നൽകി. വസ്ഥിരാജ്ഞി സ്ഥാനഭ്രഷ്ടയായി 10 ഏഴാം ദിവസം വീഞ്ഞ് കുടിച്ച് സന്തുഷ്ടനായപ്പോൾ അഹശ്വേരോശ് രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന 11 ഏഴു ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുന്ദരിയായിരുന്നു. 12 എന്നാൽ ഷണ്ഡന്മാർ മുഖേന അയച്ച രാജകല്പന എതിർത്ത് വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്‍റെ കോപം അവന്‍റെ ഉള്ളിൽ ജ്വലിച്ചു. 13 ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തര്‍ശ്ശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു. 14 രാജ്യധർമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോട് രാജാവ്: 15 “ഷണ്ഡന്മാർ മുഖാന്തരം അഹശ്വേരോശ് രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കാതിരുന്നതിനാൽ രാജ്യധർമ്മപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത്” എന്ന് ചോദിച്ചു. 16 അതിന് മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞത്: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ്‌രാജാവിന്‍റെ സർവ്വസംസ്ഥാനങ്ങളിലുള്ള സകല പ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു. 17 രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ തന്‍റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചപ്പോൾ അവൾ ചെന്നില്ലല്ലോ എന്ന് പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും. 18 ഇന്ന് തന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്‍റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നെ പറയും; ഇങ്ങനെ നിന്ദയും നീരസവും വർദ്ധിക്കും. 19 രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‌രാജാവിന്‍റെ സന്നിധിയിൽ വരരുത് എന്നു തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അതിന് മാറ്റം വരാതിരിക്കുവാൻ പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമ്മത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുവൾക്ക് കൊടുക്കുകയും വേണം. 20 രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും (അത് മഹാരാജ്യമല്ലോ) പരസ്യമാകുമ്പോൾ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.” 21 ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടപ്പെട്ടു; രാജാവ് മെമൂഖാന്‍റെ വാക്കുപോലെ ചെയ്തു. 22 ഏത് പുരുഷനും തന്‍റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്‍റെ സകലസംസ്ഥാനങ്ങളിലേക്കും ഓരോ സംസ്ഥാനത്തേക്ക് അതതിന്‍റെ അക്ഷരത്തിലും ഓരോ ജാതിക്ക് അവരുടെ ഭാഷയിലും എഴുത്ത് അയച്ചു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.