ആവർത്തനം 8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയഹോവയെ മറക്കരുത് 1 “നിങ്ങൾ ജീവിച്ചിരിക്കുകയും വർദ്ധിക്കുകയും യഹോവ നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന സകല കല്പനകളും പ്രമാണിച്ച് നടക്കേണം. 2 നിന്‍റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്‍റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ച് നിന്‍റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനുമായി ഈ നാല്പത് വര്‍ഷം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം. 3 അവൻ നിന്നെ താഴ്ത്തുകയും വിശപ്പിക്കുകയും ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല യഹോവയുടെ വായിൽനിന്ന് പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു’ എന്നു നിന്നെ ഗ്രഹിപ്പിക്കുന്നതിനും നീയും നിന്‍റെ പൂര്‍വ്വ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന കൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്തു. 4 ഈ നാല്പത് വര്‍ഷം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്‍റെ കാൽ വീങ്ങിയതുമില്ല. 5 ഒരു മനുഷ്യൻ തന്‍റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്‍റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം. 6 “ആകയാൽ നിന്‍റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്‍റെ കല്പനകൾ പ്രമാണിക്കേണം. 7 നിന്‍റെ ദൈവമായ യഹോവ നല്ലൊരു ദേശത്തേക്കല്ലയോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം; 8 ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം; 9 ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിക്കുവാൻ തക്കവണ്ണം ഒന്നിനും കുറവില്ലാത്ത ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്ന് താമ്രം വെട്ടി എടുക്കുന്നതുമായ ദേശം. 10 നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം. 11 “നിന്‍റെ ദൈവമായ യഹോവയെ നീ മറക്കാതിരിക്കുവാനും, ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്‍റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിക്കുവാനും ശ്രദ്ധിക്കുക. 12 നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോഴും നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും 13 നിന്‍റെ ആടുമാടുകൾ പെരുകി, നിനക്കു വെള്ളിയും പൊന്നും ഏറി, നിനക്കുള്ളത് ഒക്കെയും വർദ്ധിക്കുമ്പോഴും നിന്‍റെ ഹൃദയം നിഗളിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. 14 നിന്നെ അടിമവീടായ മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുകയും 15 അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരുകയും, തീക്കൽ പാറയിൽനിന്ന് നിനക്കു വേണ്ടി വെള്ളം പുറപ്പെടുവിക്കയും 16 നിന്നെ താഴ്ത്തി പരീക്ഷിച്ച് ഭാവികാലത്ത് നിനക്കു നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ, നിന്‍റെ പൂര്‍വ്വ പിതാക്കന്മാർ അറിയാത്ത മന്ന കൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്‍റെ ദൈവമായ യഹോവയെ നീ മറക്കരുത്. 17 “എന്‍റെ ശക്തിയും എന്‍റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്നു നിന്‍റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളേണം. 18 നിന്‍റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്‍റെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത തന്‍റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്. 19 “നിന്‍റെ ദൈവമായ യഹോവയെ നീ മറക്കുകയും അന്യദൈവങ്ങളെ പിന്തുടർന്ന് അവയെ സേവിച്ച് നമസ്കരിക്കുകയും ചെയ്താൽ നീ നശിച്ചുപോകും” എന്നു ഞാൻ ഇന്ന് നിന്നോട് സാക്ഷീകരിക്കുന്നു. 20 നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ട് യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിക്കുന്ന ജാതികളെപ്പോലെ നിങ്ങളും നശിച്ചുപോകും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.