Biblia Todo Logo
Bìoball air-loidhne

- Sanasan -

ആവർത്തനം 7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


യിസ്രായേലും ഇതര ജനതകളും

1 “നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തേക്ക് യഹോവ നിന്നെ കൊണ്ടുപോകുകയും നിന്നെക്കാൾ എണ്ണവും ബലവുമുള്ള ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുകയും ചെയ്യും.

2 നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യിൽ ഏല്പിക്കുയും നീ അവരെ തോല്പിക്കുകയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്യുകയോ കൃപ കാണിക്കുകയോ അരുത്.

3 അവരുമായി വിവാഹബന്ധം അരുത്; നിന്‍റെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കുകയോ അവരുടെ പുത്രിമാരെ നിന്‍റെ പുത്രന്മാർക്ക് എടുക്കുകയോ ചെയ്യരുത്.

4 അന്യദൈവങ്ങളെ സേവിക്കുവാൻ തക്കവണ്ണം അവർ നിന്‍റെ മക്കളെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്ക് വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.

5 ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങൾ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകൾ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയേണം.

6 നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജനതകളിലും വച്ച് നിന്നെ സ്വന്തജനമായിരിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

7 “നിങ്ങൾ എണ്ണത്തിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരായതു കൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകലജാതികളെക്കാളും എണ്ണത്തിൽ കുറഞ്ഞവരായിരുന്നുവല്ലോ.

8 യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ച് നിങ്ങള്‍ അടിമകളായിരുന്ന മിസ്രയീമിലെ രാജാവായ ഫറവോന്‍റെ കയ്യിൽനിന്ന് വീണ്ടെടുത്തത്.

9 ആകയാൽ നിന്‍റെ ദൈവമായ യഹോവ തന്നെ ദൈവം; അവൻ തന്നെ സത്യദൈവം എന്നു നീ അറിയണം; അവൻ, തന്നെ സ്നേഹിച്ച് തന്‍റെ കല്പനകളെ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.

10 തന്നെ പകയ്ക്കുന്നവരെ നശിപ്പിക്കുവാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകക്കുന്ന ഏവനും അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും.

11 ആകയാൽ ഞാൻ ഇന്ന് നിനക്കു നൽകുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ച് നടക്കേണം.

12 “നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചാൽ നിന്‍റെ ദൈവമായ യഹോവ നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത ഉടമ്പടിയും ദയയും നിന്നോട് പാലിക്കും.

13 അവൻ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ച് വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്ന് നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്ത് നിന്‍റെ ഗർഭഫലവും കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും കന്നുകാലികളും ആടുകളും അനുഗ്രഹിക്കപ്പെട്ടിരിക്കും.

14 നീ സകല ജനതകളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും, വന്ധ്യയും നിങ്ങളിലോ നിങ്ങളുടെ കന്നുകാലികളിലോ ഉണ്ടാകുകയില്ല.

15 യഹോവ സകലരോഗവും നിന്നിൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ വ്യാധികളിൽ ഒന്നും അവൻ നിനക്കു വരുത്താതെ, നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവ കൊടുക്കും.

16 “നിന്‍റെ ദൈവമായ യഹോവ നിന്‍റെ കയ്യിൽ ഏല്പിക്കുന്ന സകലജനതകളെയും നീ നശിപ്പിച്ചുകളയും; നിനക്കു അവരോട് കനിവ് തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അത് നിനക്കു കെണിയായിത്തീരും.

17 “ഈ ജനതകൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളയുവാൻ എനിക്ക് എങ്ങനെ കഴിയും?” എന്നു നീ നിന്‍റെ ഹൃദയത്തിൽ പറയുമായിരിക്കും; എന്നാൽ അവരെ ഭയപ്പെടരുത്;

18 നിന്‍റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതും,

19 നിന്‍റെ കണ്ണ് കൊണ്ടു കണ്ടതുമായ വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും, നിന്നെ പുറപ്പെടുവിച്ച യഹോവയുടെ ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജനതകളോടും നിന്‍റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.

20 അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്‍റെ മുമ്പിൽ ഒളിച്ചിരിക്കുന്നവരും നശിച്ചുപോകുംവരെ നിന്‍റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ അയയ്ക്കും.

21 “നീ അവരെ കണ്ടു ഭ്രമിക്കരുത്; നിന്‍റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധൃത്തിൽ ഉണ്ട്.

22 നിന്‍റെ ദൈവമായ യഹോവ, ആ ജനതകളെ ഘട്ടം ഘട്ടമായി നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിക്കുവാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.

23 നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യിൽ ഏല്പിക്കുകയും അവർ നശിച്ചുപോകുംവരെ അവർക്ക് മഹാപരിഭ്രമം വരുത്തുകയും ചെയ്യും.

24 അവരുടെ രാജാക്കന്മാരെ നിന്‍റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേരുകൾ ആകാശത്തിൻ കീഴിൽനിന്ന് ഇല്ലാതെയാക്കേണം. അവരെ സംഹരിച്ചു തീരുവോളം ഒരു മനുഷ്യനും നിന്‍റെ മുമ്പിൽ നില്‍ക്കുകയില്ല.

25 “അവരുടെ ദേവപ്രതിമകൾ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിക്കുവാൻ അവയുടെമേൽ ഉള്ള വെള്ളിയും പൊന്നും മോഹിച്ച് എടുക്കരുത്; അത് നിന്‍റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

26 നീയും അതുപോലെ ശാപപാത്രം ആകാതിരിക്കേണ്ടതിന് അറപ്പായുള്ളത് ഒന്നും നിന്‍റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്കു അറപ്പും വെറുപ്പും ആയിരിക്കേണം; അത് ശാപഗ്രസ്തമാകുന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan