Biblia Todo Logo
Bìoball air-loidhne

- Sanasan -

പ്രവൃത്തികൾ 3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


മുടന്തൻ സൗഖ്യമാകുന്നു

1 ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാംമണി നേരം ദൈവാലയത്തിലേക്ക് പോകുമ്പോൾ

2 അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്‍റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു.

3 അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു.

4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: “ഞങ്ങളെ നോക്കൂ” എന്നു പറഞ്ഞു.

5 അവൻ തനിക്കു വല്ലതും കിട്ടും എന്നു കരുതി അവരെ ശ്രദ്ധിച്ചുനോക്കി.

6 അപ്പോൾ പത്രൊസ്: “നിനക്കു നല്കാനായി വെളളിയും പൊന്നും എന്‍റെ പക്കൽ ഇല്ല; എന്നാൽ എന്‍റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നടക്ക” എന്നു പറഞ്ഞു.

7 അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്‍റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്;

8 നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു.

9 അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,

10 ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്നു അറിഞ്ഞ് അവനു സംഭവിച്ചതിനെക്കുറിച്ച് വിസ്മയവും ആശ്ചര്യവും നിറഞ്ഞവരായി തീർന്നു.

11 അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്ന് നില്ക്കുമ്പോൾ ജനം എല്ലാം അത്ഭുതപ്പെട്ട് ശലോമോന്‍റെ പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡപത്തിൽ, അവരുടെ അടുത്തേക്ക് ഒ‍ാടിയെത്തി.


പത്രൊസ് യേശുവിനെ മഹത്വപ്പെടുത്തി സംസാരിക്കുന്നു

12 അത് കണ്ടിട്ട് പത്രൊസ് കൂടിവന്ന ജനങ്ങളോട് പറഞ്ഞത്: “യിസ്രായേൽ പുരുഷന്മാരേ, ഈ സംഭവത്തിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്ത ശക്തിയും, ഭക്തിയും നിമിത്തം ഇവൻ നടക്കുവാൻ പ്രാപ്തനായി എന്ന നിലയിൽ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?

13 അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്‍റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; പക്ഷേ നിങ്ങൾ അവനെ കൊലചെയ്യുവാൻ ഏല്പിച്ചുകൊടുക്കുകയും, വിട്ടയപ്പാൻ വിധിച്ച പീലാത്തോസിന്‍റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു.

14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ആവശ്യപ്പെട്ടു,

15 ദൈവം മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേല്പിച്ച ജീവന്‍റെ അധിപനെ നിങ്ങൾ കൊന്നുകളഞ്ഞു. അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു.

16 അവന്‍റെ നാമത്തിലെ വിശ്വാസത്താൽ, അവന്‍റെ നാമംതന്നെ നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യന് ബലം പ്രാപിക്കുവാൻ കാരണമായി തീർന്നു; അതെ, അവനിലുള്ള വിശ്വാസം തന്നെ അവനു, നിങ്ങളുടെ മുന്നിൽവച്ചു തന്നെ, പൂർണ്ണമായ സൗഖ്യം ലഭിക്കുവാൻ കാരണമായി തീർന്നു.

17 “സഹോദരന്മാരേ, നിങ്ങളുടെ അധികാരികളെപ്പോലെ നിങ്ങളും അറിവില്ലായ്മകൊണ്ട് പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.

18 ദൈവമോ തന്‍റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാർ മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു.

19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്‍റെ സന്നിധിയിൽനിന്നും

20 ഉന്മേഷകാലങ്ങൾ വരികയും നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ ദൈവം അയയ്ക്കുകയും ചെയ്യും.

21 ദൈവം ലോകാരംഭം മുതൽ തന്‍റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.

22 ‘ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്‍റെ വാക്ക് കേൾക്കേണം.

23 ആ പ്രവാചകന്‍റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്‍റെ ഇടയിൽനിന്ന് ഛേദിക്കപ്പെടും’ എന്നു മോശെ പറഞ്ഞുവല്ലോ.

24 ”അത്രയുമല്ല ശമൂവേൽ മുതൽ സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ച് പ്രസ്താവിച്ചു.

25 ‘ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ എന്നു ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടിയുടേയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നെ.

26 ദൈവം തന്‍റെ പുത്രനായ യേശുവിനെ ഉയിർത്തെഴുന്നേല്പിച്ച്, ഓരോരുത്തനെ അനുഗ്രഹിക്കുവാനും അവനവന്‍റെ അകൃത്യങ്ങളിൽ നിന്ന് പിൻതിരിക്കുവാനുമായി ആദ്യമേ നിങ്ങൾക്കായി അവനെ അയച്ചിരിക്കുന്നു.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan