Biblia Todo Logo
Bìoball air-loidhne

- Sanasan -

പ്രവൃത്തികൾ 27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


പൗലോസിന്‍റെ റോമിലേക്കുള്ള കപ്പൽയാത്ര

1 ഞങ്ങൾ കപ്പൽ കയറി ഇതല്യയ്ക്ക് പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റ് ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.

2 അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലോനീക്യയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.

3 പിറ്റേന്ന് ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോട് ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.

4 അവിടെനിന്ന് ഞങ്ങൾ കപ്പൽ നീക്കി, കാറ്റ് പ്രതികൂലമാകയാൽ കാറ്റിന്‍റെ മറയുള്ള കുപ്രൊസ് ദ്വീപിൻ്റെ അരികത്തുകൂടി ഓടി;

5 കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.

6 അവിടെ ശതാധിപൻ ഇതല്യയ്ക്ക് പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.

7 പിന്നെ ഞങ്ങൾ വളരെദിവസം പതുക്കെ ഓടി, ക്നീദൊസിന് സമീപത്ത് പ്രയാസത്തോടെ എത്തി, കാറ്റ് പ്രതികൂലമാകയാൽ ക്രേത്തദ്വീപിൻ്റെ മറപറ്റി ശല്മോനയ്ക്ക് എതിരെ ഓടി,

8 പ്രയാസത്തോടെ കരപറ്റി ലസയ്യപട്ടണത്തിൻ്റെ സമീപത്ത് ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി.

9 ഇങ്ങനെ വളരെനാൾ ചെന്നശേഷം യഹൂദന്മാരുടെ നോമ്പുകാലവും കഴിഞ്ഞിരിക്കെ കപ്പലോട്ടം അപകടകരമാകകൊണ്ട് പൗലൊസ്:

10 “പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു” എന്നു അവർക്ക് മുന്നറിയിപ്പ് നൽകി.

11 ശതാധിപനോ പൗലൊസ് പറഞ്ഞതിനേക്കാൾ കപ്പിത്താൻ്റെയും കപ്പലുടമസ്ഥൻ്റെയും വാക്ക് അധികം വിശ്വസിച്ചു.

12 ആ തുറമുഖം ശീതകാലം കഴിക്കുവാൻ നല്ലതല്ലായ്കയാൽ അവിടെനിന്ന് നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നുകിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്ത് കഴിയുമെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.

13 തെക്കൻ കാറ്റ് മന്ദമായി ഊതുകയാൽ, വിചാരിച്ചതുപോലെ യാത്ര ചെയ്യാം എന്നു തോന്നി, അവർ അവിടെനിന്ന് നങ്കൂരം എടുത്ത് ക്രേത്തദ്വീപിൻ്റെ തീരംചേർന്ന് ഓടി.

14 എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അതിനുനേരേ ദ്വീപിൽനിന്ന് വടക്കുകിഴക്കൻ എന്ന കൊടുങ്കാറ്റ് അടിക്കുവാൻ തുടങ്ങി.

15 കപ്പലിന് കാറ്റിന്‍റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കാറ്റിന് വഴങ്ങി അതിന്‍റെ വഴിക്കുതന്നെ പോയി.

16 ക്ലൗദ എന്ന ചെറിയ ദ്വീപിൻ്റെ മറപറ്റി ഓടീട്ട് പ്രയാസത്തോടെ തോണി കൈവശമാക്കി.

17 അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പലിന്‍റെ വശത്തോട് ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണൽത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായ് ഇറക്കി, അങ്ങനെ കാറ്റിന്‍റെ ദിശയ്ക്ക് നീക്കി.

18 ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ട് പിറ്റേന്ന് അവർ ചരക്ക് പുറത്തുകളഞ്ഞു.

19 മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.

20 വളരെ നാളായിട്ട് സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.

21 അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: “പുരുഷന്മാരേ, എന്‍റെ വാക്ക് അനുസരിച്ചു ക്രേത്തയിൽനിന്ന് നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ ഉണ്ടാകാതെയും ഇരിക്കേണ്ടതായിരുന്നു.

22 എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനി വരികയില്ല.

23 എന്‍റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്‍റെ ദൂതൻ കഴിഞ്ഞ രാത്രിയിൽ എന്‍റെ അടുക്കൽനിന്ന്:

24 ‘പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞു.

25 അതുകൊണ്ട് പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.

26 എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.”


കപ്പൽ തകരുന്നു

27 പതിനാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരയ്ക്ക് സമീപിക്കുന്നു എന്നു കപ്പൽക്കാർക്ക് തോന്നി.

28 അവർ ഈയം ഇട്ടു ഇരുപതു മാറെന്ന് കണ്ടു; കുറച്ച് അപ്പുറം പോയിട്ട് വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്ന് കണ്ടു.

29 പാറ സ്ഥലങ്ങളിൽ ഇടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാലു നങ്കൂരം ഇട്ടു, വേഗം നേരം വെളുപ്പാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

30 എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്ന് നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.

31 അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്ക് രക്ഷപെടുവാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു.

32 പടയാളികൾ തോണിയുടെ കയറ് അറുത്ത് അത് വീഴിച്ചുകളഞ്ഞു.

33 നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: “നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ട് പട്ടിണി കിടക്കുന്നത് ഇന്ന് പതിനാലാം ദിവസം ആകുന്നുവല്ലോ.

34 അതുകൊണ്ട് ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുവന്‍റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം” എന്നു പറഞ്ഞു.

35 ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ട് നുറുക്കി തിന്നുതുടങ്ങി.

36 അപ്പോൾ എല്ലാവരും ധൈര്യപ്പെട്ട് ഭക്ഷണം കഴിച്ചു.

37 കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു.

38 അവർ തിന്ന് തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്‍റെ ഭാരം കുറച്ചു.

39 വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്ക് ഓടിക്കേണം എന്നു ഭാവിച്ചു.

40 നങ്കൂരം അറുത്ത് കടലിൽ വിട്ട് ചുക്കാൻ്റെ കെട്ടും അഴിച്ച് പെരുമ്പായ് കാറ്റുമുഖമായി ഉയർത്തിക്കെട്ടി കരയ്ക്ക് നേരെ ഓടി.

41 ഇരുകടൽ കൂടിയൊരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞ്, അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ ശക്തിയാൽ ഉടഞ്ഞുപോയി.

42 തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.

43 ശതാധിപനോ പൗലൊസിനെ രക്ഷിക്കാൻ ആഗ്രഹിച്ചിട്ട് അവരുടെ ആലോചനയെ തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരയ്ക്ക് പറ്റുവാനും

44 ശേഷമുള്ളവർ പലകമേലും കപ്പലിന്‍റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിൽ എത്തി.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan