പ്രവൃത്തികൾ 26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംപൗലോസിന്റെ പ്രതിവാദം. 1 അഗ്രിപ്പാവ് പൗലൊസിനോട്: “നിന്‍റെ കാര്യം പറയുവാൻ അനുവാദം ഉണ്ട്” എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാൽ. 2 “അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്‍റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ച് ഇന്ന് തിരുമുമ്പാകെ പ്രതിവാദിക്കുവാൻ ഇടവന്നതുകൊണ്ട്, 3 വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് നിനക്കു നന്നായി അറിയാമെന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. അതുകൊണ്ട് എന്‍റെ പ്രതിവാദം ക്ഷമയോടെ കേൾക്കേണമെന്ന് ഞാൻ അപേക്ഷിക്കുന്നു. 4 എന്‍റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാൻ ബാല്യംമുതൽ ജീവിച്ചതെങ്ങനെയെന്ന് യെഹൂദന്മാർക്ക് എല്ലാവർക്കും അറിയാം. 5 ഞാൻ നമ്മുടെ മതാനുഷ്ഠാനങ്ങൾ ഏറ്റവും കർക്കശമായി പ്രമാണിക്കുന്ന പരീശവിഭാഗത്തിൽ ഒരുവനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അത് അവർ അംഗീകരിക്കേണ്ടതുമാകുന്നു. 6 എന്നാൽ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത് ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്ക് ലഭിച്ച വാഗ്ദത്തത്തിൽ പ്രത്യാശ വെച്ചത് കൊണ്ടത്രേ. 7 നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ദൈവത്തെ സേവിച്ചുംകൊണ്ട്, എത്തിപ്പിടിക്കുവാൻ ആശിക്കുന്നതായ അതേ വാഗ്ദത്തത്തിലുള്ള പ്രത്യാശയെച്ചൊല്ലി ആകുന്നു, രാജാവേ, യെഹൂദന്മാർ എന്‍റെ മേൽ കുറ്റം ചുമത്തുന്നത്. 8 ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്നു നിങ്ങൾക്ക് തോന്നുന്നത് എന്ത്? 9 “നസറായനായ യേശുവിന്‍റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം. 10 അത് ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ കൊല്ലുന്ന സമയത്ത് ഞാനും സമ്മതം കൊടുത്തു. 11 ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ട് യേശുവിനെ ദുഷിച്ചുപറവാൻ നിര്‍ബ്ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കുകയും ചെയ്തു. 12 “ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ, 13 രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്‍റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ടു. 14 ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിൻ്റെ നേരെ എതിരിടുന്നത് നിനക്കു പ്രയാസം ആകുന്നു’ എന്നു എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. 15 ‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ; 16 എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്കു പ്രത്യക്ഷനായി. 17 യെഹൂദാജനത്തിൻ്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും. 18 അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു. 19 “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാതെ 20 ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിഞ്ഞ് മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു. 21 ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു. 22 എന്നാൽ ദൈവത്തിന്‍റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞ് പോരുകയും ചെയ്യുന്നു. 23 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി, യഹൂദജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കുകയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ച് പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.” 24 പൗലോസ് ഇങ്ങനെ പ്രതിവാദിച്ചപ്പോൾ ഫെസ്തൊസ്: “പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു” എന്നു ഉറക്കെ പറഞ്ഞു. 25 അതിന് പൗലൊസ്: “അതിവിശിഷ്ടനായ ഫെസ്തൊസേ, എനിക്ക് ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്. 26 രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവനു ഇത് ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്ക് നിശ്ചയമുണ്ട്; കാരണം അത് രഹസ്യമായി നടന്നതല്ല. 27 അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു” എന്നു പറഞ്ഞു. 28 അഗ്രിപ്പാ പൗലൊസിനോട്: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പസമയംകൊണ്ട് സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു. 29 അതിന് പൗലൊസ്: “നീ മാത്രമല്ല, ഇന്ന് എന്‍റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. 30 അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റ് മാറിനിന്നു. 31 അവർ ആ മുറിവിട്ട് പോകുമ്പോൾ: “ഈ മനുഷ്യൻ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല” എന്നു തമ്മിൽ പറഞ്ഞു. 32 “കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു” എന്നു അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.