Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ശമൂവേൽ 22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ദാവീദിന്‍റെ സ്തോത്രഗാനം

1 യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്‍റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവയ്ക്ക് ചൊല്ലിയ കീർത്തനം:

2 “യഹോവ എന്‍റെ പാറയും എന്‍റെ കോട്ടയും എന്‍റെ രക്ഷകനും ആകുന്നു.

3 എന്‍റെ ബലമായ ദൈവം; അങ്ങയിൽ ഞാൻ ആശ്രയിക്കും; എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും എന്‍റെ അഭയസ്ഥാനവും എന്‍റെ കോട്ടയും തന്നെ. എന്‍റെ രക്ഷിതാവേ, അങ്ങ് എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നു.

4 സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്‍റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിക്കും.

5 മരണത്തിന്‍റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ കുത്തൊഴുക്കുകൾ എന്നെ ഭയപ്പെടുത്തി;

6 പാതാളപാശങ്ങൾ എന്നെ ചുറ്റി; മരണത്തിന്‍റെ കെണികൾ എന്‍റെ മേൽ വീണു.

7 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്‍റെ ദൈവത്തോടുതന്നെ നിലവിളിച്ചു, അവിടുന്ന് അവിടുത്തെ ആലയത്തിൽനിന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവിടുത്തെ ചെവികളിൽ എത്തി.

8 അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടിവിറച്ചു, ആകാശത്തിന്‍റെ അടിസ്ഥാനങ്ങൾ ഇളകി, അവ കുലുങ്ങിപ്പോയി.

9 അവിടുത്തെ മൂക്കിൽനിന്നു പുകപൊങ്ങി, അവിടുത്തെ വായിൽനിന്നു ദഹിപ്പിക്കുന്ന തീ പുറപ്പെട്ടു, തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു.

10 അവിടുന്ന് ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവിടുത്തെ കാല്ക്കീഴുണ്ടായിരുന്നു.

11 അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു, കാറ്റിൻ ചിറകിന്മേൽ അവിടുന്ന് പ്രത്യക്ഷനായി.

12 അവിടുന്ന് അന്ധകാരത്തെ ചുറ്റും മറയാക്കി; ആകാശത്തിലെ ഇരുണ്ട വെള്ളങ്ങളും കനത്ത മേഘങ്ങളും കൂടെ.

13 അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.

14 യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു.

15 അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു, മിന്നൽ അയച്ച് അവരെ തോല്പിച്ചു.

16 യഹോവയുടെ ശാസനയാൽ, തിരുമൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാൽ കടലിന്‍റെ ചാലുകൾ കാണപ്പെട്ടു ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

17 അവിടുന്ന് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.

18 അവിടുന്ന് എന്‍റെ ബലമുള്ള ശത്രുവിൽനിന്നും എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു.

19 എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.

20 അവിടുന്ന് എന്നെ അപകടത്തില്‍ നിന്ന് വിടുവിച്ചു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.

21 യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്ക് പ്രതിഫലം നല്കി, എന്‍റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്ക് പകരം തന്നു.

22 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.

23 അവിടുത്തെ വിധികൾ ഒക്കെയും എന്‍റെ മുമ്പിലുണ്ട്; അവിടുത്തെ ചട്ടങ്ങളിൽനിന്ന് ഞാൻ വിട്ടുനടന്നിട്ടുമില്ല.

24 ഞാൻ അങ്ങേയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ ഞാൻ എന്നെ തന്നെ കാത്തു.

25 യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും അങ്ങേയുടെ കാഴ്ചയിൽ എന്‍റെ നിർമ്മലതക്കൊത്തവണ്ണവും അവിടുന്ന് എനിക്ക് പകരം നല്കി.

26 ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ.

27 നിർമ്മലനോട് അങ്ങ് നിർമ്മലനാകുന്നു; വക്രനോട് അങ്ങ് വക്രത കാണിക്കുന്നു.

28 താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെ മേൽ ദൃഷ്ടിവക്കുന്നു.

29 യഹോവേ, അങ്ങ് എന്‍റെ ദീപം ആകുന്നു; യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും.

30 അങ്ങേയുടെ ശക്തിയാൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും; എന്‍റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.

31 ദൈവത്തിന്‍റെ വഴി പൂർണ്ണതയുള്ളത്, യഹോവയുടെ വചനം ഊതിക്കഴിച്ചത്; അവിടുത്തെ ശരണമാക്കുന്ന ഏവർക്കും അവിടുന്ന് പരിച ആകുന്നു.

32 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?

33 ദൈവം എന്‍റെ ബലവും ശക്തിയും ആകുന്നു, അവിടുന്ന് എന്‍റെ വഴി കുറ്റമറ്റതാക്കുന്നു.

34 അവിടുന്ന് എന്‍റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി ഉയരങ്ങളിൽ എന്നെ നില്‍ക്കുമാറാക്കുന്നു.

35 അവിടുന്ന് എന്‍റെ കൈകൾക്ക് യുദ്ധ പരിശീലനം നൽകുന്നു; അതുകൊണ്ട് എന്‍റെ കൈകൾക്ക് താമ്രംകൊണ്ടുള്ള വില്ല് കുലക്കാം.

36 അങ്ങേയുടെ രക്ഷ എന്ന പരിചയും അങ്ങ് എനിക്ക് തന്നിരിക്കുന്നു; അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

37 ഞാൻ കാലടിവെക്കേണ്ടതിനു അങ്ങ് വിശാലത വരുത്തി; എന്‍റെ പാദങ്ങൾ വഴുതിപ്പോയതുമില്ല.

38 ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് നശിപ്പിച്ചു അവർ നശിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.

39 അവർ എഴുന്നേല്ക്കാതിരിക്കേണ്ടതിന് ഞാൻ അവരെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു, അവർ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു.

40 യുദ്ധത്തിനായി അങ്ങ് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എനിക്കെതിരെ എഴുന്നേറ്റവരെ അങ്ങ് എനിക്ക് കീഴടക്കിയിരിക്കുന്നു.

41 എന്നെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കേണ്ടതിന് അങ്ങ് എന്‍റെ ശത്രുക്കളുടെ കഴുത്തും എനിക്ക് തന്നിരിക്കുന്നു.

42 അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവിടുന്ന് അവർക്ക് ഉത്തരം അരുളിയതുമില്ല.

43 ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.

44 എന്‍റെ ജനത്തിന്‍റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു, ജനതകൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കും.

45 അന്യജാതിക്കാർ എനിക്ക് കീഴ്പെടും; കേട്ട ഉടൻ തന്നെ അവർ എന്നെ അനുസരിക്കും.

46 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ട് വരുന്നു.

47 യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ. എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ.

48 എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും ജനതകളെ എനിക്ക് കീഴാക്കുന്നവനും ദൈവം തന്നെ.

49 അവിടുന്ന് എന്‍റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു; എനിക്കെതിരെ എഴുന്നേല്ക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു; അക്രമിയിൽനിന്ന് അങ്ങ് എന്നെ വിടുവിക്കുന്നു.

50 അതുകൊണ്ട്, യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യേ അങ്ങേയ്ക്ക് സ്തോത്രം ചെയ്യും, അങ്ങേയുടെ നാമത്തെ ഞാൻ കീർത്തിക്കും.

51 അവിടുന്ന് തന്‍റെ രാജാവിന് രക്ഷാഗോപുരം ആകുന്നു; അവിടുത്തെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്‍റെ സന്തതിക്കും എന്നെന്നേക്കും തന്നെ.”

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan