2 രാജാക്കന്മാർ 20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംഹിസ്കീയാവിന്റെ രോഗം 1 ആ കാലത്ത് ഹിസ്കീയാവിന് മാരകമായ രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകൻ അവന്‍റെ അടുക്കൽവന്ന് അവനോട്: “നിന്‍റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; ‘നീ മരിച്ചുപോകും, ജീവിച്ചിരിക്കയില്ല’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. 2 അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്‍റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: 3 “അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ” എന്നു പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു. 4 എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകും മുമ്പേ അവനു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: 5 “നീ മടങ്ങിച്ചെന്ന് എന്‍റെ ജനത്തിന്‍റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്‍റെ പ്രാർത്ഥന കേട്ടു; നിന്‍റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. 6 ഞാൻ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു വര്‍ഷം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർ രാജാവിന്‍റെ കയ്യിൽനിന്നു വിടുവിക്കും. എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും ഈ നഗരം ഞാൻ കാത്തുരക്ഷിക്കും.” 7 പിന്നെ യെശയ്യാവ്: “ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു ഹിസ്കീയാവിന്‍റെ പരുവിന്മേൽ ഇട്ടു; അവനു സൗഖ്യമായി. 8 ഹിസ്കീയാവ് യെശയ്യാവിനോട്: “യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാംദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത്?” എന്നു ചോദിച്ചു. 9 അതിന് യെശയ്യാവ്: “യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് നിനക്കു അടയാളം ഇതു ആയിരിക്കും: സൂര്യ ഘടികാരത്തിലെ നിഴൽ പത്തു പടി മുമ്പോട്ടു പോകണമോ? പത്തു പടി പിന്നോക്കം തിരിയണമോ?” എന്നു ചോദിച്ചു. 10 അതിനു ഹിസ്കീയാവ്: “നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അതുകൊണ്ട് നിഴൽ പത്തു പടി പിന്നോക്കം തിരിയട്ടെ” എന്നു പറഞ്ഞു. 11 അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്‍റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി. ബാബേലിൽ നിന്നുള്ള രാജദൂതന്മാർ 12 ആ കാലത്ത് ബലദാന്‍റെ മകനായ മെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് രോഗിയായി കിടന്നിരുന്നു എന്നു കേട്ടിട്ടു അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു. 13 ഹിസ്കീയാവ് അവരുടെ വാക്കുകേട്ട്, തന്‍റെ ഭണ്ഡാരഗൃഹം മുഴുവനും - പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്‍റെ ആയുധശാലയും-അങ്ങനെ തന്‍റെ ഭണ്ഡാരങ്ങളിൽ ഉള്ളതെല്ലാം അവരെ കാണിച്ചു. രാജധാനിയിലും തന്‍റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു. 14 എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്‍റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെ നിന്നു നിന്‍റെ അടുക്കൽ വന്നു?” എന്നു ചോദിച്ചു. അതിന് ഹിസ്കീയാവ്: “അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്നു വന്നു” എന്നു പറഞ്ഞു. 15 “അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു?” എന്നു ചോദിച്ചു. അതിന് ഹിസ്കീയാവ്: “രാജധാനിയിലുള്ളതെല്ലാം അവർ കണ്ടു; എന്‍റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല” എന്നു പറഞ്ഞു. 16 യെശയ്യാവ് ഹിസ്കീയാവിനോട് പറഞ്ഞത്: “യഹോവയുടെ വചനം കേൾക്കുക: 17 ഇപ്പോൾ രാജധാനിയിലുള്ളതും നിന്‍റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു. 18 നീ ജനിപ്പിക്കുന്നവരായ, നിന്നിൽ നിന്നുത്ഭവിക്കുന്ന, നിന്‍റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്‍റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 19 അതിന് ഹിസ്കീയാവ് യെശയ്യാവിനോട്: “നീ പറഞ്ഞ യഹോവയുടെ വചനം നല്ലത്; എന്‍റെ ജീവകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ?” എന്നു അവൻ പറഞ്ഞു. 20 ഹിസ്കീയാവിന്‍റെ മറ്റ് വൃത്താന്തങ്ങളും അവന്‍റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്ത് വരുത്തിയതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 21 ഹിസ്കീയാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ മനശ്ശെ അവനു പകരം രാജാവായി. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.