2 രാജാക്കന്മാർ 16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയെഹൂദാ രാജാവായ ആഹാസ് 1 രെമല്യാവിന്‍റെ മകനായ പേക്കഹിന്‍റെ പതിനേഴാം ആണ്ടിൽ യെഹൂദാ രാജാവായ യോഥാമിന്‍റെ മകൻ ആഹാസ് രാജാവായി. 2 ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു വര്‍ഷം വാണു; തന്‍റെ പിതാവായ ദാവീദിനെപ്പോലെ തന്‍റെ ദൈവമായ യഹോവയ്ക്കു പ്രസാദമുള്ളത് ചെയ്തില്ല. 3 അവൻ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്‍റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു. 4 അവൻ പൂജാഗിരികളിലും കുന്നുകളിലും ഓരോ പച്ചവൃക്ഷത്തിന്‍റെ കീഴിലും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു. 5 അക്കാലത്ത് അരാം രാജാവായ രെസീനും യിസ്രായേൽ രാജാവായ രെമല്യാവിന്‍റെ മകൻ പേക്കഹും യെരൂശലേമിന് നേരെ യുദ്ധത്തിന് പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. 6 അന്നു അരാം രാജാവായ രെസീൻ ഏലത്ത് പിടിച്ചെടുത്ത് അരാമിനോട് ചേർക്കുകയും യെഹൂദന്മാരെ ഏലത്തിൽ നിന്നു നീക്കിക്കളയുകയും ചെയ്തു; പകരം അരാമ്യർ ഏലത്തിൽ വന്നു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു. 7 ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഞാൻ നിന്‍റെ ദാസനും നിന്‍റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിർത്തിരിക്കുന്ന അരാം രാജാവിന്‍റെയും യിസ്രായേൽ രാജാവിന്‍റെയും കയ്യിൽനിന്ന് എന്നെ രക്ഷിക്കേണം” എന്നു പറയിച്ചു. 8 അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർ രാജാവിനു സമ്മാനമായി കൊടുത്തയച്ചു. 9 അശ്ശൂർ രാജാവ് അവന്‍റെ അപേക്ഷ കേട്ടു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു. 10 ആഹാസ് രാജാവ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേൽക്കുവാൻ ദമ്മേശെക്കിൽ ചെന്നപ്പോൾ, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ് രാജാവ് ആ ബലിപീഠത്തിന്‍റെ ഒരു പ്രതിമയും അതിന്‍റെ എല്ലാപണികളുടെയും ഒരു മാതൃകയും ഊരീയാപുരോഹിതനു കൊടുത്തയച്ചു. 11 ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ച മാതൃകപ്രകാരം രാജാവ് ദമ്മേശെക്കിൽനിന്നു മടങ്ങി വരുമ്പോഴെക്ക് ഊരീയാപുരോഹിതൻ അത് പണിതിരുന്നു. 12 രാജാവ് വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്നു അതിന്മേൽ കയറി. 13 ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ച്, പാനീയയാഗവും പകർന്ന്, സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു. 14 യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്‍റെ മുൻവശത്ത് തന്‍റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മദ്ധ്യേ നിന്നു നീക്കി, തന്‍റെ യാഗപീഠത്തിന്‍റെ വടക്കുവശത്ത് കൊണ്ടു പോയി വച്ചു. 15 ആഹാസ് രാജാവ് ഊരീയാപുരോഹിതനോട് കല്പിച്ചത്: “മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്‍റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്‍റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കുകയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമെല്ലാം തളിക്കയും ചെയ്യേണം; താമ്രയാഗപീഠമോ, എനിക്ക് ദൈവഹിതം അറിയാനായി മാറ്റിവയ്ക്കേണം.” 16 ആഹാസ് രാജാവ് കല്പിച്ചതെല്ലാം ഊരീയാപുരോഹിതൻ ചെയ്തു. 17 ആഹാസ് രാജാവ് പീഠങ്ങളുടെ ചട്ടപ്പലക മുറിച്ച് തൊട്ടികൾ അവയുടെ മേലിൽനിന്നു നീക്കി; താമ്രക്കടൽ താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിൽ വച്ചു. 18 ശബ്ബത്ത് ദിവസം രാജാവിനു പ്രവേശിക്കുവാനുള്ള മേൽക്കൂരയോടുകൂടിയ പുറത്തെ പാതയും അശ്ശൂർ രാജാവിനെ പ്രീതിപ്പെടുത്താനായി യഹോവയുടെ ആലയത്തിൽ നിന്നു മാറ്റിക്കളഞ്ഞു. 19 ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 20 ആഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകൻ ഹിസ്കീയാവ് അവനു പകരം രാജാവായി. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.