2 രാജാക്കന്മാർ 13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയിസ്രായേൽ രാജാവായ യെഹോവാഹാസ് 1 യെഹൂദാ രാജാവായ അഹസ്യാവിന്‍റെ മകനായ യോവാശിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്‍റെ മകനായ യെഹോവാഹാസ് യിസ്രായേലിനു രാജാവായി. ശമര്യയിൽ അവൻ പതിനേഴു വര്‍ഷം വാണു. 2 അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങൾ ഉപേക്ഷിക്കാതെ അവയിൽ തന്നെ നടന്നു. 3 ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാം രാജാവായ ഹസായേലിന്‍റെ കയ്യിലും ഹസായേലിന്‍റെ മകനായ ബെൻ-ഹദദിന്‍റെ കയ്യിലും നിരന്തരം ഏൽപ്പിച്ചുകൊടുത്തു. 4 എന്നാൽ യെഹോവാഹാസ് യഹോവയോട് കരുണയ്ക്കായി അപേക്ഷിച്ചു; അരാം രാജാവ് യിസ്രായേലിനെ പീഡിപ്പിച്ച് ഞെരുക്കിയത് യഹോവ കണ്ടു അവന്‍റെ അപേക്ഷ കേട്ടു. 5 യഹോവ യിസ്രായേലിനു ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് രക്ഷപെട്ടു; യിസ്രായേൽ മക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു. 6 എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാം ഗൃഹത്തിന്‍റെ പാപങ്ങൾ അവർ വിട്ടുമാറാതെ അവയിൽ തന്നെ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കംവന്നില്ല. 7 യഹോവയായ ദൈവം യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരും പത്തു രഥങ്ങളും പതിനായിരം കാലാളുകളും അല്ലാതെ മറ്റ് യാതൊരു സൈന്യത്തെയും ശേഷിപ്പിച്ചില്ല; അരാം രാജാവ് അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു. 8 യെഹോവാഹാസിന്‍റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്‍റെ പരാക്രമപ്രവൃത്തിയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 9 യെഹോവാഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്‍റെ മകനായ യോവാശ് അവനു പകരം രാജാവായി. യിസ്രായേൽ രാജാവായ യെഹോവാശ് 10 യെഹൂദാ രാജാവായ യോവാശിന്‍റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്‍റെ മകനായ യോവാശ് യിസ്രായേലിനു രാജാവായി ശമര്യയിൽ പതിനൊന്നു വര്‍ഷം വാണു. 11 അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ സകലപാപങ്ങളും അവൻ ഉപേക്ഷിക്കാതെ അവയിൽ തന്നെ നടന്നു. 12 യോവാശിന്‍റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാവായ അമസ്യാവിനോട് യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 13 യോവാശ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം അവന്‍റെ സിംഹാസനത്തിൽ ഭരണം തുടങ്ങി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു. 14 ആ കാലത്ത് എലീശാ മരണകരമായ രോഗം പിടിച്ചു കിടപ്പിലായി; അപ്പോൾ യിസ്രായേൽ രാജാവായ യോവാശ് അവന്‍റെ അടുക്കൽ ചെന്നു അവന്‍റെ മുഖത്തിനു മീതേ കുനിഞ്ഞ് കരഞ്ഞു; “എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളുമായുള്ളോവേ” എന്നു പറഞ്ഞു. 15 എലീശാ അവനോട്: “അമ്പും വില്ലും എടുക്ക” എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു. 16 അപ്പോൾ അവൻ യിസ്രായേൽ രാജാവിനോട്: “നിന്‍റെ കൈ വില്ലിന്മേൽവെക്കുക” എന്നു പറഞ്ഞു. അവൻ കൈവച്ചപ്പോൾ എലീശാ തന്‍റെ കൈ രാജാവിന്‍റെ കൈമേൽ വച്ചു. 17 “കിഴക്കെ കിളിവാതിൽ തുറക്കുക” എന്നു അവൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ: “അമ്പ് എയ്യുക” എന്നു എലീശാ പറഞ്ഞു. എയ്തപ്പോൾ അവൻ: “അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്ക് നേരെയുള്ള ജയാസ്ത്രം തന്നെ; നീ അഫേക്കിൽവച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും” എന്നു പറഞ്ഞു. 18 “അമ്പ് എടുക്കുക” എന്നു അവൻ പറഞ്ഞു. അവൻ എടുത്തു; “നിലത്തടിക്കുക” എന്നു അവൻ യിസ്രായേൽ രാജാവിനോട് പറഞ്ഞു. അവൻ മൂന്നുപ്രാവശ്യം അടിച്ചുനിർത്തി. 19 അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; “നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും” എന്നു പറഞ്ഞു. 20 അതിന് ശേഷം എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു. 21 ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടു മൃതശരീരം എലീശായുടെ കല്ലറയിൽ ഇട്ടു; മൃതശരീരം അതിൽ വീണ് എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു എഴുന്നേറ്റുനിന്നു. 22 എന്നാൽ യെഹോവാഹാസിന്‍റെ ഭരണകാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു. 23 യഹോവയ്ക്ക് അവരോട് കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടുള്ള തന്‍റെ നിയമം നിമിത്തം അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന് മനസ്സായില്ല; തന്‍റെ സന്നിധിയിൽനിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല. 24 അരാം രാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്‍റെ മകനായ ബെൻ-ഹദദ് അവനു പകരം രാജാവായി. 25 യെഹോവാഹാസിന്‍റെ മകനായ യെഹോവാശ്, തന്‍റെ അപ്പനായ യെഹോവാഹാസിനോട് ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്‍റെ മകനായ ബെൻ-ഹദദിന്‍റെ കാലത്ത് തിരികെ പിടിച്ചു. മൂന്നുപ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്‍റെ പട്ടണങ്ങളെ വീണ്ടെടുക്കുകയും ചെയ്തു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.