2 കൊരിന്ത്യർ 4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംസുവിശേഷത്തിന്റെ വെളിച്ചം 1 അതുകൊണ്ട് ഞങ്ങൾക്ക് കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ലഭിക്കുകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ 2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായത്തോടെയോ, ദൈവവചനത്തിൽ കൂട്ട് ചേർക്കുകയോ ചെയ്യാതെ, സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്ക് ഞങ്ങളെത്തന്നെ ബോദ്ധ്യമാക്കുന്നു. 3 എന്നാൽ ഞങ്ങളുടെ സുവിശേഷം മറയപ്പെട്ടിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നത്. 4 ദൈവപ്രതിച്ഛായ ആയ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശം ശോഭിക്കാതിരിക്കുവാൻ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി. 5 ഞങ്ങളെത്തന്നെ അല്ല, ക്രിസ്തുയേശുവിനെ കർത്താവ് എന്നും ഞങ്ങളെയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്. 6 എന്തെന്നാൽ, ഇരുളിൽ നിന്നും വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തുള്ള ദൈവതേജസ്സിൻ്റെ പരിജ്ഞാനത്തിന്‍റെ വെളിച്ചം തരേണ്ടതിന്, ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. മൺപാത്രങ്ങളിലെ നിക്ഷേപം 7 എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെതത്രേ എന്നു വരേണ്ടതിന്, ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്. 8 ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഞെരുങ്ങിപ്പോകുന്നില്ല; കുഴങ്ങിയിരിക്കുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; 9 ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; അടിയേറ്റ് വീണവർ എങ്കിലും നശിച്ചുപോകുന്നില്ല; 10 യേശുവിന്‍റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന് യേശുവിന്‍റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു. 11 ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്‍റെ ജീവൻ വെളിപ്പെടേണ്ടതിന് ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്‌പ്പോഴും യേശു നിമിത്തം മരണത്തിന് ഏല്പിക്കപ്പെടുന്നു. 12 അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു. 13 അതുകൊണ്ട് വിശ്വാസത്തിന്‍റെ അതേ ആത്മാവ് ഞങ്ങൾക്കുള്ളതിനാൽ “ഞാൻ വിശ്വസിച്ചു അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ ഞങ്ങളും വിശ്വസിക്കുന്നു; അതുകൊണ്ട് സംസാരിക്കുന്നു. 14 കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ഉയിർപ്പിച്ച് നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിർത്തും എന്നു ഞങ്ങൾ അറിയുന്നു. 15 കൃപ അനേകരിലേക്ക് വ്യാപിച്ച്, ദൈവത്തിന്‍റെ മഹിമയ്ക്കായി സ്തോത്രാർപ്പണം വർദ്ധിപ്പിക്കേണ്ടതിന് സകലവും നിങ്ങൾ നിമിത്തമല്ലോ ആകുന്നത്. വിശ്വാസത്താലുള്ള ജീവിതം 16 അതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടാതെ, ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപ്പോകുന്നു എങ്കിലും, ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. 17 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായ തേജസ്സിൻ്റെ നിത്യഘനത്തിനുവേണ്ടി ഞങ്ങളെ ഒരുക്കുന്നു. 18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; എന്തെന്നാൽ, കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.