1 ശമൂവേൽ 20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംയോനാഥാൻ ദാവീദിനെ സഹായിക്കുന്നു 1 അതിനുശേഷം ദാവീദ് രാമയിലെ നയ്യോത്തിൽനിന്നും ഓടി യോനാഥാന്‍റെ അടുക്കൽ ചെന്നു: “ഞാൻ എന്ത് ചെയ്തു? എന്‍റെ കുറ്റം എന്ത്? നിന്‍റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോട് ഞാൻ ചെയ്ത പാപം എന്ത്?” എന്നു ചോദിച്ചു 2 യോനാഥാൻ അവനോട്: “അങ്ങനെ സംഭവിക്കുകയില്ല; എന്‍റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ ആയ യാതൊരു കാര്യവും ചെയ്‌കയില്ല; പിന്നെ ഈ കാര്യം എന്നെ മറച്ചുവയ്ക്കുവാൻ കാരണം എന്ത്? അങ്ങനെ സംഭവിക്കുകയില്ല” എന്നു പറഞ്ഞു. 3 ദാവീദ് പിന്നെയും അവനോട്: “എന്നോട് നിനക്ക് പ്രിയമാകുന്നുവെന്ന് നിന്‍റെ പിതാവിന് നല്ലവണ്ണം അറിയാം. അതുകൊണ്ട് യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് നീ ഇത് അറിയരുത് എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലം മാത്രമേയുള്ളു” എന്നു സത്യംചെയ്തു പറഞ്ഞു. 4 അപ്പോൾ യോനാഥാൻ ദാവീദിനോട്: “നിന്‍റെ ആഗ്രഹം എന്ത്? ഞാൻ അത് ചെയ്തുതരും” എന്നു പറഞ്ഞു. 5 ദാവീദ് യോനാഥാനോട് പറഞ്ഞത്: “നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാംദിവസം വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിക്കുവാൻ എനിക്ക് അനുവാദം തരേണം. 6 നിന്‍റെ പിതാവ് എന്നെ അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലഹേമിലേക്ക് ഒന്ന് പോയിവരേണ്ടതിന് എന്നോട് താല്പര്യമായി അനുവാദം ചോദിച്ചു; അവന്‍റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വാർഷികയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം. 7 ശരി എന്നു അവൻ പറഞ്ഞാൽ അടിയൻ സുരക്ഷിതനാണ്; എന്നാൽ കോപിച്ചാൽ, അവൻ ദോഷം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളണം. 8 എന്നാൽ അങ്ങ് അടിയനോട് ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിൽ അങ്ങ് തന്നെ എന്നെ കൊല്ലുക; പിതാവിന്‍റെ അടുക്കൽ എന്നെ കൊണ്ടുപോകുന്നത് എന്തിന്?” 9 അതിന് യോനാഥാൻ: “അങ്ങനെ നിനക്ക് ഭവിക്കാതിരിക്കട്ടെ; എന്‍റെ പിതാവ് നിനക്ക് ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ” എന്നു പറഞ്ഞു. 10 ദാവീദ് യോനാഥാനോട്: “നിന്‍റെ അപ്പൻ നിന്നോട് കഠിനമായി ഉത്തരം പറഞ്ഞാൽ അത് ആർ എന്നെ അറിയിക്കും?” എന്നു ചോദിച്ചു. 11 യോനാഥാൻ ദാവീദിനോട്: “നമുക്ക് വയലിലേക്ക് പോകാം” എന്നു പറഞ്ഞു. അവർ വയലിലേക്ക് പോയി. 12 പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത്: “യിസ്രായേലിന്‍റെ ദൈവമായ യഹോവ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ എന്‍റെ അപ്പന്‍റെ ഹിതമറിഞ്ഞ് നിനക്ക് ഗുണമെന്ന് കണ്ടാൽ ഞാൻ ആളയച്ച് നിന്നെ അറിയിക്കും. 13 എന്നാൽ നിന്നോട് ദോഷം ചെയ്‌വാനാകുന്നു എന്‍റെ പിതാവിന്‍റെ ഭാവമെങ്കിൽ ഞാൻ അത് നിന്നെ അറിയിച്ച് നിന്നെ സുരക്ഷിതനായി പറഞ്ഞയക്കും. ഞാനത് ചെയ്യുന്നില്ലെങ്കിൽ യഹോവ എന്നെ ശിക്ഷിക്കട്ടെ. യഹോവ എന്‍റെ പിതാവിനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ. 14 ഞാൻ ഇനി ജീവനോടിരിക്കുന്നു എങ്കിൽ ഞാൻ മരിക്കാതിരിക്കേണ്ടതിന് നീ എന്നോടും എന്‍റെ ഭവനത്തോടും യഹോവയുടെ ദയ കാണിക്കേണം. 15 നിന്‍റെ ദയ ഒരിക്കലും ഇല്ലാതെയാകരുത്; യഹോവ ദാവീദിന്‍റെ ശത്രുക്കളെയെല്ലാം ഭൂമിയിൽനിന്ന് നീക്കിക്കളയുന്ന സമയത്തും നീ ദയ കാണിക്കേണം.” 16 ഇങ്ങനെ യോനാഥാൻ ദാവീദിന്‍റെ ഗൃഹത്തോട് ഉടമ്പടിചെയ്തു. ദാവീദിന്‍റെ ശത്രുക്കളോട് യഹോവ പകരം ചോദിക്കും. 17 യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കുകയാൽ അവനെക്കൊണ്ട് പിന്നെയും സത്യംചെയ്യിച്ചു. 18 പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത്: “നാളെ അമാവാസ്യയാകുന്നു; നിന്‍റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്ന് മനസ്സിലാകും. 19 മൂന്നു ദിവസം കഴിഞ്ഞിട്ട് അന്ന് നീ ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് വേഗത്തിൽ ഇറങ്ങിവന്ന് ഏസെൽ കല്ലിന്‍റെ സമീപം താമസിക്കേണം. 20 അപ്പോൾ ഞാൻ അതിന്‍റെ ഒരു വശത്ത് ഉന്നം നോക്കി മൂന്നു അമ്പ് എയ്യും. 21 നീ ചെന്നു അമ്പ് നോക്കി എടുത്തുകൊണ്ട് വരിക എന്നു പറഞ്ഞ് ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്‍റെ ഇപ്പുറത്ത് ഇതാ, എടുത്തുകൊണ്ട് വരിക എന്നു ഞാൻ ബാല്യക്കാരനോട് പറഞ്ഞാൽ നീ അവ എടുത്തുകൊണ്ട് വരിക; യഹോവയാണ, നീ സുരക്ഷിതനാണ്. നിനക്ക് യാതൊരു ആപത്തും വരുകയില്ല. 22 എന്നാൽ ഞാൻ ബാല്യക്കാരനോട്: 'അമ്പ് നിന്‍റെ അപ്പുറത്ത്' എന്നു പറഞ്ഞാൽ നീ നിന്‍റെ വഴിക്കു പൊയ്ക്കൊള്ളുക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു. 23 ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.” 24 ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവ് പന്തിഭോജനത്തിന് ഇരുന്നു. 25 രാജാവ് പതിവുപോലെ ചുവരിന്നരികെയുള്ള തന്‍റെ പീഠത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൗലിന്‍റെ അരികെ ഇരുന്നു; ദാവീദിന്‍റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു. 26 അന്ന് ശൗല്‍ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു, അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവന് ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു. 27 അമാവാസ്യയുടെ അടുത്ത ദിവസവും ദാവീദിന്‍റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗല്‍ തന്‍റെ മകനായ യോനാഥാനോട്: “യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന് വരാതെയിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. 28 യോനാഥാൻ ശൗലിനോട്: “ദാവീദ് ബേത്‍ലേഹേമിൽ പോകുവാൻ എന്നോട് അനുവാദം ചോദിച്ചു: 29 ഞങ്ങളുടെ കുടുംബത്തിന് പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയക്കണമേ; എന്‍റെ ജ്യേഷ്ഠൻ എന്നോട് കല്പിച്ചിരിക്കുന്നു; അതുകൊണ്ട് നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്‍റെ സഹോദരന്മാരെ ചെന്നുകാണുവാൻ അനുവദിക്കേണമേ” എന്നു പറഞ്ഞു. അതുകൊണ്ടാണ് അവൻ രാജാവിന്‍റെ പന്തിഭോജനത്തിന് വരാതിരിക്കുന്നത്” എന്നുത്തരം പറഞ്ഞു. 30 അപ്പോൾ ശൗലിന് യോനാഥാന്‍റെ നേരേ കോപം ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നീ നിനക്കും നിന്‍റെ അമ്മയ്ക്കും അപമാനം ഉണ്ടാകുവാൻ യിശ്ശായിയുടെ മകനോട് കൂടിയിരിക്കുന്നു എന്നു എനിക്ക് അറിയാം 31 യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നിനക്ക് രാജാവാകുവാനോ നിന്‍റെ രാജത്വം ഉറപ്പിക്കനോ സാധിക്കയില്ല. ഉടനെ ആളയച്ച് അവനെ എന്‍റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു. 32 യോനാഥാൻ തന്‍റെ അപ്പനായ ശൗലിനോട്: “അവനെ എന്തിനാണ് കൊല്ലുന്നത്? അവൻ എന്ത് ചെയ്തു?” എന്നു ചോദിച്ചു. 33 അപ്പോൾ ശൗല്‍ അവനെ കൊല്ലുവാൻ അവന്‍റെനേരെ കുന്തം എറിഞ്ഞു; അതുകൊണ്ട് തന്‍റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു. 34 യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്‍റെ പിതാവ് ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു. 35 പിറ്റെ ദിവസം രാവിലെ, ദാവീദിനെ കാണുവാൻ നിശ്ചയിച്ചിരുന്ന സമയത്ത്, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടി വയലിലേക്കു പോയി. 36 അവൻ തന്‍റെ ബാല്യക്കാരനോട്: “ഓടിച്ചെന്ന് ഞാൻ എയ്യുന്ന അമ്പ് എടുത്തുകൊണ്ടുവരണം” എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്‍റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. 37 യോനാഥാൻ എയ്ത അമ്പ് വീണ സ്ഥലത്ത് ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോട്: “അമ്പ് നിന്‍റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു പറഞ്ഞു. 38 പിന്നെയും യോനാഥാൻ ബാല്യക്കാരനോട്: “വേഗം ഓടിവരിക, നില്ക്കരുത്” എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്‍റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്‍റെ അടുക്കൽ കൊണ്ടുവന്നു. 39 എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല. 40 പിന്നെ യോനാഥാൻ തന്‍റെ ആയുധങ്ങൾ ബാല്യക്കാരന്‍റെ അടുക്കൽ കൊടുത്തു: “ഗിബയ പട്ടണത്തിലേക്ക് കൊണ്ടുപോകുക” എന്നു പറഞ്ഞു. 41 ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്ന് എഴുന്നേറ്റുവന്ന് മൂന്നുപ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനം ചെയ്തു കരഞ്ഞു; ദാവീദ് ഉച്ചത്തിൽ കരഞ്ഞുപോയി. 42 യോനാഥാൻ ദാവീദിനോട്: “യഹോവ എനിക്കും നിനക്കും, എന്‍റെ സന്തതിക്കും നിന്‍റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് സമാധാനത്തോടെ പോക” എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് പോയി; യോനാഥാൻ പട്ടണത്തിലേക്കു പോന്നു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.