Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ദാവീദും ഗൊല്യാത്തും

1 അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദായിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.

2 ശൗലും യിസ്രായേല്യരും ഒരുമിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടക്ക് അണിനിരന്നു.

3 താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു.

4 അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗഥ്യയനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും ഉയരമുള്ളവൻ ആയിരുന്നു.

5 അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.

6 അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു.

7 അവന്‍റെ കുന്തത്തിന്‍റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്‍റെ അലക് അറുനൂറ് ശേക്കൽ ഇരുമ്പ് ആയിരുന്നു. ഒരു പരിചക്കാരൻ അവന്‍റെ മുമ്പെ നടന്നു.

8 അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്‍റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്‍റെ അടുക്കൽ ഇറങ്ങിവരട്ടെ.

9 അവൻ എന്നോട് യുദ്ധം ചെയ്തു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം.”

10 ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.

11 ഫെലിസ്ത്യന്‍റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.


ദാവീദ് ശൗലിന്‍റെ പാളയത്തിൽ

12 യെഹൂദായിലെ ബേത്‍ലേഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്‍റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.

13 യിശ്ശായിയുടെ മൂത്ത മക്കൾ മൂന്നു പേരും ശൗലിന്‍റെ കൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്‍റെ പേര് എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.

14 ദാവീദ് എല്ലാവരിലും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്‍റെകൂടെ പോയിരുന്നു.

15 ദാവീദ് ശൗലിന്‍റെ അടുക്കൽനിന്ന് തന്‍റെ അപ്പന്‍റെ ആടുകളെ മേയിക്കുവാൻ ബേത്‍ലേഹേമിൽ പോയിവരുക പതിവായിരുന്നു.

16 ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.

17 യിശ്ശായി തന്‍റെ മകനായ ദാവീദിനോട് പറഞ്ഞത്: “ഈ ഒരു പറ മലരും, പത്തു അപ്പവും എടുത്ത് പാളയത്തിൽ നിന്‍റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്കുക.

18 ഈ പത്തു പാൽക്കട്ട സഹസ്രാധിപന് കൊടുക്കുക; നിന്‍റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.”

19 ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്.

20 അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്‍റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തുകൊണ്ട് ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.

21 യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു.

22 ദാവീദ് തന്‍റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്‍റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്‍റെ അടുക്കൽ ഓടിച്ചെന്ന് തന്‍റെ സഹോദരന്മാരോട് കുശലം ചോദിച്ചു.

23 അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു.

24 അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്‍റെ മുമ്പിൽനിന്ന് ഓടി.

25 അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്‍റെ മകളെ അവന് വിവാഹം ചെയ്തു കൊടുക്കുകയും അവന്‍റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു.

26 അപ്പോൾ ദാവീദ് തന്‍റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്‍റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ?” എന്നു പറഞ്ഞു.

27 അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്നു അവനോട് ഉത്തരം പറഞ്ഞു.

28 അവരോട് അവൻ സംസാരിക്കുന്നത് അവന്‍റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്‍റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്?” എന്നു പറഞ്ഞു.

29 അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?” എന്നു പറഞ്ഞു.

30 ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.

31 ദാവീദ് പറഞ്ഞവാക്ക് കേട്ടവർ അത് ശൗലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി.

32 ദാവീദ് ശൗലിനോട്: “ഗൊല്യാത്തിന്‍റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു.

33 ശൗല്‍ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്നു യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു.

34 ദാവീദ് ശൗലിനോട് പറഞ്ഞത്: “അടിയൻ അപ്പന്‍റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു.

35 ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്‍റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്‍റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചുകൊന്നു.

36 ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.”

37 ദാവീദ് പിന്നെയും: “സിംഹത്തിന്‍റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്‍റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൗല്‍ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.

38 ശൗല്‍ തന്‍റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്‍റെ തലയിൽ താമ്രതൊപ്പി വച്ചു; തന്‍റെ കവചവും അവനെ ഇടുവിച്ചു.

39 പടയങ്കിയുടെമേൽ അവന്‍റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു. ദാവീദ് ശൗലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല. അതുകൊണ്ട് ഇവ ധരിച്ചുകൊണ്ട് നടപ്പാൻ എനിക്ക് കഴിയുകയില്ല” എന്നു പറഞ്ഞു, അവയെ ഊരിവച്ചു.

40 പിന്നെ അവൻ തന്‍റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് തന്‍റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു.

41 ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്‍റെ മുമ്പിൽ നടന്നു.

42 ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.

43 ഫെലിസ്ത്യൻ ദാവീദിനോട്: “നീ വടികളുമായി എന്‍റെ നേരെ വരുവാൻ ഞാൻ നായ് ആണോ?” എന്നു ചോദിച്ചു. തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.

44 ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്‍റെ അടുക്കൽ വന്നാൽ ഞാൻ നിന്‍റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു.

45 ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്‍റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്‍റെ നേരെ വരുന്നു.

46 യഹോവ ഇന്ന് നിന്നെ എന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.

47 യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്നു ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.”

48 പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി.

49 ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്‍റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്‍റെ നെറ്റിയിൽ പതിച്ചു; അവൻ കവിണ്ണുവീണു.

50 ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്‍റെ കയ്യിൽ വാൾ ഇല്ലായിരുന്നു.

51 അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്‍റെ പുറത്ത് കയറിനിന്ന്, അവന്‍റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്‍റെ തലവെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി.

52 യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളുംവരെ വീണുകിടന്നു.

53 ഇങ്ങനെ യിസ്രായേൽ മക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.

54 എന്നാൽ ദാവീദ് ഫെലിസ്ത്യന്‍റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്‍റെ ആയുധങ്ങൾ തന്‍റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.

55 ദാവീദ് ഫെലിസ്ത്യന്‍റെ നേരേ ചെല്ലുന്നത് ശൗല്‍ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ?” എന്നു ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞു.

56 “ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കണം” എന്നു രാജാവ് കല്പിച്ചു.

57 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൗലിന്‍റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്‍റെ തലയും അവന്‍റെ കയ്യിൽ ഉണ്ടായിരുന്നു.

58 ശൗല്‍ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ?” എന്നു ചോദിച്ചു. “ഞാൻ ബേത്-ലേഹേമ്യനായ നിന്‍റെ ദാസൻ യിശ്ശായിയുടെ മകൻ” എന്നു ദാവീദ് പറഞ്ഞു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan