Biblia Todo Logo
Bìoball air-loidhne

- Sanasan -

1 പത്രൊസ് 3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ഭാര്യമാരുടെയും ഭർത്താക്കന്മാരുടെയും കർത്തവ്യം

1 അതുപോലെ, ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ പെരുമാറ്റം കണ്ടറിഞ്ഞ്

2 വചനം കൂടാതെ ഭാര്യമാരുടെ പെരുമാറ്റത്താൽ അവരെ നേടിയെടുക്കുവാൻ ഇടയാകും.

3 നിങ്ങളുടെ അലങ്കാരമാക്കേണ്ടത് തലമുടി പിന്നുന്നതും, പൊന്നണിയുന്നതും, മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

4 മറിച്ച് സൗമ്യതയും പ്രശാന്തവുമായ മനസ്സ് എന്ന നശിക്കാത്ത ആഭരണമായ അന്തരാത്മാവ് തന്നെ ആയിരിക്കട്ടെ; അത് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.

5 ഇങ്ങനെയല്ലോ പണ്ട് ദൈവത്തിൽ പ്രത്യാശ വച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ച് തങ്ങളുടെ സ്വന്തം ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരുന്നത്.

6 അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ച് അനുസരിച്ചിരുന്നു; നന്മ ചെയ്യുകയും, യാതൊരുവിധ ബുദ്ധിമുട്ടുകളേയും ഭയപ്പെടാതെയും ഇരുന്നാൽ നിങ്ങളും അവളുടെ മക്കൾ ആയിത്തീരുന്നു.

7 അങ്ങനെ തന്നെ ഭർത്താക്കന്മാരേ, പ്രാർത്ഥനയ്ക്ക് മുടക്കം വരാതിരിക്കേണ്ടതിന് വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച്, സ്ത്രീപങ്കാളി ബലഹീനപാത്രം എന്നും അവർ ജീവന്‍റെ കൃപയ്ക്ക് കൂട്ടവകാശികൾ എന്നും ഓർത്തു അവർക്ക് ബഹുമാനം കൊടുക്കുവിൻ.


നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവരായിരിപ്പിൻ

8 ഒടുവിൽ എല്ലാവരോടും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയവുമുള്ളവരായിരിപ്പിൻ.

9 ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ.

10 “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്‍റെ നാവിനേയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.

11 അവൻ ദോഷം വിട്ടകന്ന് ഗുണം ചെയ്കയും സമാധാനം അന്വേഷിച്ച് പിന്തുടരുകയും ചെയ്യട്ടെ.

12 കർത്താവിന്‍റെ കണ്ണ് നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്‍റെ മുഖം ദുഷ്പ്രവൃത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു.”

13 നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്ക് ദോഷം ചെയ്യുന്നവൻ ആർ?

14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ അനുഗ്രഹീതർ. അവർ ഭയപ്പെടുന്നതിനെ ഭയപ്പെടുകയും, കലങ്ങുകയുമരുത്;

15 പകരം ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയങ്ങളിൽ വേർതിരിപ്പിൻ. നിങ്ങൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നത് എന്ത് എന്നു ചോദിക്കുന്ന ഏവരോടും സൗമ്യതയോടും ബഹുമാനത്തോടുംകൂടി മറുപടി പറയുവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.

16 ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല ജീവിതത്തെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ച് പറയുന്നതിൽ ലജ്ജിക്കേണ്ടതിന് നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.

17 നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവം ഇച്ഛിക്കുന്നു എങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ട് സഹിക്കുന്നത് ഏറ്റവും നന്ന്.

18 നീതിമാനായ ക്രിസ്തുവും ഒരിക്കൽ നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നമ്മുടെ പാപംനിമിത്തം കഷ്ടം അനുഭവിക്കുകയും, ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

19 ആത്മാവിൽ അവൻ ചെന്നു, പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു.

20 ആ പെട്ടകത്തിൽ കുറച്ച് ജനം, എന്നുവച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷപ്രാപിച്ചു.

21 അത് സ്നാനത്തിന് ഒരു പ്രതീകം. സ്നാനമോ ഇപ്പോൾ ശരീരത്തിന്‍റെ അഴുക്ക് നീക്കുന്നതിനായിട്ടല്ല, ദൈവത്തോട് നല്ല മനസ്സാക്ഷിയ്ക്കായുള്ള അപേക്ഷയത്രെ. അത് മുഖാന്തരം യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ നാം രക്ഷപ്രാപിക്കുന്നു.

22 അവൻ സ്വർഗ്ഗത്തിലേക്ക് പോയി ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പെട്ടുമിരിക്കുന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan