1 രാജാക്കന്മാർ 4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംശലോമോന്റെ ഭരണസംവിധാനം 1 അങ്ങനെ ശലോമോൻ രാജാവ് എല്ലാ യിസ്രായേലിനും രാജാവായി. 2 അവന്‍റെ ഉദ്യോഗസ്ഥന്മാർ: സാദോക്കിന്‍റെ മകൻ അസര്യാവ് പുരോഹിതൻ. 3 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും പകർപ്പെഴുത്തുകാർ; അഹീലൂദിന്‍റെ മകൻ യെഹോശാഫാത്ത് രാജകീയ ചരിത്രം എഴുതുന്നവനും; 4 യെഹോയാദയുടെ മകൻ ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ; 5 നാഥാന്‍റെ മകൻ അസര്യാവ് കാര്യവിചാരകന്മാരുടെ മേധാവി; നാഥാന്‍റെ മകൻ സാബൂദ് പുരോഹിതനും രാജാവിന്‍റെ സ്നേഹിതനുമായിരുന്നു; 6 അഹീശാർ കൊട്ടാരംവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം കഠിനവേല ചെയ്യുന്നവരുടെ മേധാവി. 7 രാജാവിനും കുടുംബത്തിനും ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോനു യിസ്രായേലിലൊക്കെയും പന്ത്രണ്ടു അധിപന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസം വീതം വേണ്ടുന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചുകൊടുത്തിരുന്നു. 8 അവരുടെ പേരുകൾ: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ; 9 മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ; 10 അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർ ദേശം മുഴുവനും അവന്‍റെ അധീനതയിൽ ആയിരുന്നു; 11 നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; ശലോമോന്‍റെ മകൾ താഫത്ത് അവന്‍റെ ഭാര്യയായിരുന്നു; 12 താനാക്ക്, മെഗിദ്ദോവ്, ബേത്ത് - ശെയാൻ ദേശം മുഴുവനും അഹീലൂദിന്‍റെ മകൻ ബാനയുടെ അധീനതയിൽ ആയിരുന്നു; ബേത്ത്-ശെയാൻ, യിസ്രായേലിനു താഴെ സാരെഥാന് അരികെ യൊക്ക്മെയാമിന്‍റെ അപ്പുറത്തുള്ള ബേത്ത്-ശെയാൻ മുതൽ ആബേൽ-മെഹോലാ വരെ വ്യാപിച്ചുകിടന്നു. 13 ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്‍റെ അധീനതയിൽ, ഗിലെയാദിൽ മനശ്ശെയുടെ മകൻ യായീരിന്‍റെ പട്ടണങ്ങളും, മതിലുകളും താമ്രഓടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു. 14 മഹനയീമിൽ ഇദ്ദോവിന്‍റെ മകൻ അഹീനാദാബ്; 15 നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്‍റെ മകൾ ബാശെമത്തിനെ ഭാര്യയായി സ്വീകരിച്ചു; 16 ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ; 17 യിസ്സാഖാരിൽ പാരൂഹിന്‍റെ മകൻ യെഹോശാഫാത്ത്; 18 ബെന്യാമീനിൽ ഏലയുടെ മകൻ ശിമെയി; 19 അമോര്യ രാജാവായ സീഹോന്‍റെയും ബാശാൻരാജാവായ ഓഗിന്‍റെയും രാജ്യമായിരുന്ന ഗിലെയാദ്‌ദേശത്ത് ഹൂരിന്‍റെ മകൻ ഗേബെർ; ആ ദേശത്ത് ഒരു അധിപതി മാത്രമേ ഉണ്ടായിരുന്നുള്ളു. ഐശ്വര്യസമൃദ്ധമായ ഭരണകാലം 20 യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നും കുടിച്ചും ആഹ്ളാദിച്ചും പോന്നിരുന്നു. 21 നദിമുതൽ, ഫെലിസ്ത്യനാടും മിസ്രയീമിന്‍റെ അതിർത്തിയും വരെയുള്ള സകലരാജ്യങ്ങളിലും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന്, ശലോമോനെ അവന്‍റെ ജീവപര്യന്തം സേവിച്ചു. 22 ശലോമോന്‍റെ നിത്യച്ചെലവ് മുപ്പതു പറ നേരിയ മാവ്, അറുപതു പറ സാധാരണമാവ്, 23 മാൻ, ഇളമാൻ, മ്ലാവ്, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളകൾ, മേച്ചൽപുറത്തെ ഇരുപതു കാളകൾ, നൂറ് ആടുകൾ എന്നിവ ആയിരുന്നു. 24 നദിക്ക് ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവനു സമാധാനം ഉണ്ടായിരുന്നു. 25 ശലോമോന്‍റെ കാലത്ത് ദാൻ മുതൽ ബേർ-ശേബ വരെയുള്ള യെഹൂദയും യിസ്രായേലും സുരക്ഷിതരായിരുന്നു; അവർ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും കീഴിൽ നിർഭയം വസിച്ചിരുന്നു. 26 ശലോമോനു തന്‍റെ രഥങ്ങൾക്ക് നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. 27 അധിപന്മാർ ഓരോരുത്തരും തങ്ങളുടെ തവണ അനുസരിച്ച് അതാത് മാസങ്ങളിൽ ശലോമോൻരാജാവിനും തന്‍റെ പന്തിഭോജനത്തിനു കൂടുന്ന എല്ലാവർക്കും വേണ്ടിയുള്ള ഭക്ഷ്യവിഭവങ്ങൾ കുറവു കൂടാതെ എത്തിച്ചുകൊടുക്കുമായിരിന്നു. 28 അവർ കുതിരകൾക്കും പടക്കുതിരകൾക്കും യവവും വയ്ക്കോലും അവരവരുടെ മുറപ്രകാരം, ആവശ്യമായ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തിരുന്നു. 29 ദൈവം ശലോമോനു ഏറ്റവും വളരെ ജ്ഞാനവും അതിമഹത്തായ വിവേകവും കടല്ക്കരയിലെ മണൽപോലെ അളവറ്റ ഹൃദയവിശാലതയും കൊടുത്തു. 30 കിഴക്കുനിന്നുള്ള സകലരുടെയും ജ്ഞാനത്തെക്കാളും, മിസ്രയീമിന്‍റെ സകലജ്ഞാനത്തെക്കാളും ശലോമോന്‍റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു. 31 സകലമനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്‍റെ പുത്രന്മാരായ ഹേമാൻ, കൽകോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്‍റെ കീർത്തി ചുറ്റുമുള്ള സകലരാജ്യങ്ങളിലും പരന്നു. 32 അവൻ മൂവായിരം സദൃശവാക്യങ്ങളും ആയിരത്തഞ്ച് ഗീതങ്ങളും രചിച്ചു 33 ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു. 34 ശലോമോന്‍റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലരാജാക്കന്മാരുടെയും അടുക്കൽനിന്ന്, അനേകർ അവന്‍റെ ജ്ഞാനം കേൾക്കുവാൻ വന്നു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.