Biblia Todo Logo
Bìoball air-loidhne

- Sanasan -

1 രാജാക്കന്മാർ 20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ബെൻ-ഹദദ് ശമര്യയെ ആക്രമിക്കുന്നു

1 അരാം രാജാവായ ബെൻ-ഹദദ് തന്‍റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്‍റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടു ശമര്യയെ ഉപരോധിച്ച്, അതിനോടു യുദ്ധംചെയ്തു.

2 അവൻ പട്ടണത്തിൽ ദൂതന്മാരെ അയച്ച് യിസ്രായേൽ രാജാവായ ആഹാബിനോട്:

3 “നിന്‍റെ വെള്ളിയും പൊന്നും സൗന്ദര്യമുള്ള ഭാര്യമാരും പുത്രന്മാരും എനിക്കുള്ളത്” എന്നു ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു.

4 അതിന് യിസ്രായേൽ രാജാവ്: “എന്‍റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങേയുടേതാകുന്നു” എന്നു മറുപടി പറഞ്ഞയച്ചു.

5 ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: “നിന്‍റെ വെള്ളിയും പൊന്നും ഭാര്യമാരെയും പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ;

6 നാളെ ഈ സമയത്ത് ഞാൻ എന്‍റെ ഭൃത്യന്മാരെ നിന്‍റെ അടുക്കൽ അയക്കും; അവർ നിന്‍റെ അരമനയും നിന്‍റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്കു ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും” എന്നു പറഞ്ഞു.

7 അപ്പോൾ യിസ്രായേൽ രാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വരുത്തി: “അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിൻ; എന്‍റെ ഭാര്യമാരെയും പുത്രന്മാരെയും വെള്ളിയും പൊന്നും അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ അതു നിരസ്സിച്ചില്ല” എന്നു പറഞ്ഞു.

8 എല്ലാ മൂപ്പന്മാരും സകലജനവും അവനോട്: “നീ കേൾക്കരുത്, സമ്മതിക്കുകയും അരുത്” എന്നു പറഞ്ഞു.

9 ആകയാൽ അവൻ ബെൻ-ഹദദിന്‍റെ ദൂതന്മാരോട്: “നീ ആദ്യം അടിയന്‍റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‌വാൻ കഴിവില്ല എന്നു എന്‍റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം” എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു.

10 ബെൻ-ഹദദ് അവന്‍റെ അടുക്കൽ ആളയച്ചു: “എന്‍റെ അനുയായികൾക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറയിച്ചു.

11 അതിന് യിസ്രായേൽ രാജാവ്: “വാൾ അരയ്ക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്നു അവനോടു പറയുക” എന്നു ഉത്തരം പറഞ്ഞു.

12 എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ടു തന്‍റെ ഭൃത്യന്മാരോട്: “ഒരുങ്ങിക്കൊൾവിൻ” എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി.


ആഹാബ് ബെൻ-ഹദദിനെ തോല്പിക്കുന്നു

13 എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽ രാജാവായ ആഹാബിന്‍റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്നു പറഞ്ഞു.

14 “ആരെക്കൊണ്ട്?“ എന്നു ആഹാബ് ചോദിച്ചു. അതിന് അവൻ: “ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട്” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. “ആര്‍ യുദ്ധം തുടങ്ങേണം?” എന്നു ചോദിച്ചു. അതിന്: “നീ തന്നെ” എന്നു ഉത്തരം പറഞ്ഞു.

15 അവൻ ദേശാധിപതികളുടെ ബാല്യക്കാരെ വിളിച്ചു എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അതിനുശേഷം അവൻ യിസ്രായേൽ മക്കളുടെ പടജ്ജനത്തെയും എണ്ണി അവർ ഏഴായിരം പേർ ആയിരുന്നു.

16 അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്‍റെ മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും കുടിച്ചു മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു.

17 ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽനിന്നു ആളുകൾ വരുന്നുണ്ടെന്ന് അറിവു കിട്ടി.

18 അപ്പോൾ അവൻ: “അവർ സമാധാനത്തിനു വരുന്നെങ്കിലും, യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ” എന്നു കല്പിച്ചു.

19 പട്ടണത്തിൽനിന്ന് പുറപ്പെട്ടത് ദേശാധിപതികളുടെ ബാല്യക്കാരും, അവരെ പിൻതുടർന്നത് സൈന്യവും ആയിരുന്നു.

20 അവർ ഓരോരുത്തൻ താന്താന്‍റെ നേരെ വന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാം രാജാവായ ബെൻ-ഹദദ് കുതിരപ്പുറത്ത് കയറി കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.

21 പിന്നെ യിസ്രായേൽ രാജാവ് പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചു.

22 അതിന്‍റെശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്‍റെ അടുക്കൽ ചെന്നു അവനോട്: “ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യേണ്ടത് കരുതിക്കൊൾക; അടുത്ത ആണ്ടിൽ അരാം രാജാവ് നിന്‍റെനേരെ പുറപ്പെട്ടുവരും” എന്നു പറഞ്ഞു.

23 അരാംരാജാവിനോട് അവന്‍റെ ഭൃത്യന്മാർ പറഞ്ഞത്: “അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടാകുന്നു അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോട് യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.

24 അതുകൊണ്ട് നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവരുടെ സ്ഥാനത്തുനിന്നു മാറ്റി അവർക്കു പകരം സൈന്യാധിപന്മാരെ നിയമിക്കേണം.

25 പിന്നെ നിനക്കു നഷ്ടപ്പെട്ട സൈന്യത്തിനും കുതിരപ്പടയ്ക്കും രഥങ്ങൾക്കും സമമായ സൈന്യത്തെയും കുതിരപ്പടയെയും രഥങ്ങളെയും ഒരുക്കി സമഭൂമിയിൽവച്ച് അവരോട് യുദ്ധം ചെയ്ക; നിശ്ചയമായും നാം അവരെക്കാൾ ശക്തരായിരിക്കും.” അവൻ അവരുടെ വാക്കു കേട്ട് അങ്ങനെ തന്നെ ചെയ്തു.

26 പിറ്റെ ആണ്ടിൽ വസന്തകാലത്ത് ബെൻ-ഹദദ് അരാമ്യരെ സമാഹരിച്ച് യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ അഫേക്കിലേക്കു വന്നു.

27 യിസ്രായേല്യരും ഒന്നിച്ചുകൂടി, ഭക്ഷണപദാർത്ഥങ്ങൾ ശേഖരിച്ച് അവരുടെ നേരെ പുറപ്പെട്ടു; അരാമ്യരുടെ നേരെ പാളയം ഇറങ്ങിയ യിസ്രായേല്യർ രണ്ടു ചെറിയ ആട്ടിൻകൂട്ടംപോലെ മാത്രം കാണപ്പെട്ടു; എന്നാൽ അരാമ്യരെക്കൊണ്ടു ദേശം നിറഞ്ഞിരുന്നു.

28 ഒരു ദൈവപുരുഷൻ വന്നു യിസ്രായേൽ രാജാവിനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല’ എന്നു അരാമ്യർ പറയുന്നതിനാൽ ഞാൻ ഈ മഹാസംഘത്തെ നിന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നെ എന്നു നിങ്ങൾ അറിയും” എന്നു പറഞ്ഞു.

29 എന്നാൽ അവർ അവരുടെ നേരെ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം യുദ്ധമുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒറ്റ ദിവസം കൊണ്ടു കൊന്നു.

30 ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്ക് ഓടിപ്പോയി; അവരിൽ ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു.

31 അവന്‍റെ ഭൃത്യന്മാർ അവനോട്: “യിസ്രായേൽരാജാക്കന്മാർ ദയയുള്ളവർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരയ്ക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽ രാജാവിന്‍റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിച്ചേക്കാം” എന്നു പറഞ്ഞു.

32 അങ്ങനെ അവർ അരയ്ക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽ രാജാവിന്‍റെ അടുക്കൽ ചെന്നു: “എന്‍റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്‍റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. അതിന് യിസ്രായേൽരാജാ‍ാവ്: ”അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്‍റെ സഹോദരൻ തന്നെ” എന്നു പറഞ്ഞു.

33 ആ പുരുഷന്മാർ അതു ശുഭലക്ഷണം എന്നു ധരിച്ചു അവനോട്: ”അതേ, നിന്‍റെ സഹോദരൻ ബെൻ-ഹദദ്” എന്നു പറഞ്ഞു. അതിന് രാജാവ്: “നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്‍റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.

34 ബെൻ-ഹദദ് അവനോട്: “എന്‍റെ അപ്പൻ നിന്‍റെ അപ്പനിൽ നിന്നു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്‍റെ അപ്പൻ ശമര്യയിൽ ചെയ്തതുപോലെ നീ ദമാസ്കസിൽ നിനക്കു കമ്പോളങ്ങൾ ഉണ്ടാക്കിക്കൊൾക” എന്നു പറഞ്ഞു. അതിന് ആഹാബ്: “ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം” എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോട് ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.


ആഹാബിനെതിരായുള്ള പ്രവചനം

35 എന്നാൽ പ്രവാചകഗണത്തിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്‍റെ സ്നേഹിതനോട്: ”എന്നെ അടിക്കേണമേ” എന്നു പറഞ്ഞു. എന്നാൽ അവന് അവനെ അടിക്കുവാൻ മനസ്സായില്ല.

36 അവൻ അവനോട്: “നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് നീ എന്നെവിട്ടു പോകുന്ന ഉടനെ ഒരു സിംഹം നിന്നെ കൊല്ലും” എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.

37 പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: “എന്നെ അടിക്കേണമേ“ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.

38 ആ പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണിലേക്ക് താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു.

39 രാജാവ് കടന്ന് പോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്: “അടിയൻ പടയുടെ മദ്ധ്യത്തിലേക്ക് ചെന്നിരുന്നു; അപ്പോൾ ഒരുത്തൻ എന്‍റെ അടുക്കൽ ഒരാളെ കൊണ്ടുവന്ന് ‘ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെ പോയാൽ നിന്‍റെ ജീവൻ അവന്‍റെ ജീവന് പകരം ഇരിക്കും; അല്ലെങ്കിൽ നീ ഏകദേശം മുപ്പത്തിനാല് കിലോഗ്രാം വെള്ളി തൂക്കി തരേണ്ടിവരും’ എന്നു പറഞ്ഞു.

40 എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടിലായിരിക്കുമ്പോൾ അവനെ കാണാതെപോയി.” അതിന് യിസ്രായേൽ രാജാവ് അവനോട്: “നിന്‍റെ വിധി അങ്ങനെ തന്നെ ആയിരിക്കട്ടെ; നീ തന്നെ തീർച്ചയാക്കിയല്ലോ” എന്നു പറഞ്ഞു.

41 തൽക്ഷണം അവൻ കണ്ണിന്മേൽനിന്നു തലപ്പാവ് നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽ രാജാവ് തിരിച്ചറിഞ്ഞു.

42 അവൻ അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാശത്തിന്നായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളയുകകൊണ്ടു നിന്‍റെ ജീവൻ അവന്‍റെ ജീവനും നിന്‍റെ ജനം അവന്‍റെ ജനത്തിനും പകരമായിരിക്കും’” എന്നു പറഞ്ഞു.

43 അതുകൊണ്ട് യിസ്രായേൽ രാജാവ് വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയിൽ എത്തി.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan