Biblia Todo Logo
Bìoball air-loidhne

- Sanasan -

1 രാജാക്കന്മാർ 19 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ഏലീയാവ് ഹോരേബിലേക്കു രക്ഷപ്പെടുന്നു

1 ഏലീയാവ് ചെയ്ത സകല കാര്യങ്ങളും അവൻ സകലപ്രവാചകന്മാരെയും വാളാൽ കൊന്നതും ആഹാബ് ഈസേബെലിനോട് പറഞ്ഞു.

2 ഈസേബെൽ ഏലീയാവിന്‍റെ അടുക്കൽ ഒരു ദൂതനെ അയച്ചു: “നാളെ ഈ നേരത്തു ഞാൻ നിന്‍റെ ജീവനെ അവരിൽ ഒരുവന്‍റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറയിച്ചു.

3 അവൻ ഭയപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടി യെഹൂദായിലെ ബേർ-ശേബയിൽ ചെന്നു; അവിടെ തന്‍റെ ബാല്യക്കാരനെ താമസിപ്പിച്ചു.

4 പിന്നീട് താൻ മരുഭൂമിയിലേക്കു ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു: “ഇപ്പോൾ മതി, യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്‍റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ!” എന്നു പറഞ്ഞു.

5 അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി വിളിച്ചു അവനോട്: “എഴുന്നേറ്റ് തിന്നുക” എന്നു പറഞ്ഞു.

6 അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തന്‍റെ തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.

7 യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യവും വന്ന് അവനെ തട്ടി: ”എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ” എന്നു പറഞ്ഞു.

8 അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്‍റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്‍റെ പർവ്വതമായ ഹോരേബ് വരെ നടന്നു.

9 അവിടെ അവൻ ഒരു ഗുഹയിൽ രാപാർത്തു; അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം?” എന്നു യഹോവ ചോദിച്ചു.

10 അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽ മക്കൾ അങ്ങേയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ചു, അങ്ങേയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു പറഞ്ഞു.

11 “നീ പുറത്തു വന്നു പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക” എന്നു യഹോവ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്‍റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.

12 ഭൂകമ്പത്തിനു ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം ശാന്തമായ ഒരു മൃദുസ്വരം ഉണ്ടായി.

13 ഏലീയാവ് അത് കേട്ടിട്ടു തന്‍റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തു നിന്നു. “ഏലീയാവേ, ഇവിടെ നീ എന്തു ചെയ്യുന്നു?” എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.

14 അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽ മക്കൾ അങ്ങേയുടെ നിയമത്തെ ഉപേക്ഷിച്ചു യാഗപീഠങ്ങളെ ഇടിച്ചു, അങ്ങേയുടെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു പറഞ്ഞു.

15 യഹോവ അവനോട് അരുളിച്ചെയ്തത്: “നീ പുറപ്പെട്ടു ദമാസ്കസിലെ മരുഭൂമിവഴിയെ മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം ചെയ്ക.

16 നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലായിൽ നിന്നുള്ള ശാഫാത്തിന്‍റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്കയും വേണം.

17 ഹസായേലിന്‍റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്‍റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.

18 എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.”


എലീശയ്ക്കുള്ള വിളി

19 അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ടു ശാഫാത്തിന്‍റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നെ ആയിരുന്നു; ഏലീയാവ് അവന്‍റെ അരികെ ചെന്നു തന്‍റെ പുതപ്പ് അവന്‍റെമേൽ ഇട്ടു.

20 അവൻ കാളയെ വിട്ട് ഏലീയാവിന്‍റെ പിന്നാലെ ഓടി: ”ഞാൻ എന്‍റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്‍റെശേഷം ഞാൻ നിന്‍റെ പിന്നാലെ വരാം” എന്നു പറഞ്ഞു. അതിന് അവൻ: ”പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക” എന്നു പറഞ്ഞു.

21 അങ്ങനെ അവൻ അവനെ വിട്ട് ചെന്നു ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരത്തടി കൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്‍റെ പിന്നാലെ ചെന്നു അവനു ശുശ്രൂഷകനായ്തീർന്നു.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan