Biblia Todo Logo
Bìoball air-loidhne

- Sanasan -

1 യോഹന്നാൻ 5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം


ദൈവപുത്രനിൽ ഉള്ള വിശ്വാസം

1 യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ ഏവനും ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവരെല്ലാം അവനാൽ ജനിച്ചവനെയും സ്നേഹിക്കുന്നു.

2 നാം ദൈവത്തെ സ്നേഹിക്കുകയും അവന്‍റെ കല്പനകളെ പ്രമാണിക്കുകയും ചെയ്യുന്നതിനാൽ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു നമുക്ക് അറിയാം.

3 അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകൾ ഭാരമുള്ളവയല്ല.

4 കാരണം, ദൈവത്തിൽനിന്ന് ജനിച്ചവരൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ.

5 എന്നാൽ യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?

6 ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ.

7 ആത്മാവ് സത്യമായതിനാൽ ആത്മാവും സാക്ഷ്യം പറയുന്നു.

8 സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിൻ്റെയും സാക്ഷ്യം ഒന്ന് തന്നെ.

9 നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലിയതാകുന്നു. എന്തെന്നാൽ, ദൈവത്തിന്‍റെ സാക്ഷ്യമോ, അവൻ തന്‍റെ പുത്രനെക്കുറിച്ച് സാക്ഷീകരിച്ചിരിക്കുന്നത് തന്നെ.

10 ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്‍റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു.

11 ആ സാക്ഷ്യമോ, ദൈവം നമുക്ക് നിത്യജീവൻ തന്നു; ആ ജീവൻ അവന്‍റെ പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ.

12 പുത്രനുള്ളവന് ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല.


ഉപസംഹാരം

13 ദൈവപുത്രൻ്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു.

14 അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ചോദിച്ചാൽ അവൻ നമ്മെ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനിലുള്ള ധൈര്യമാകുന്നു.

15 നമ്മൾ എന്ത് ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോട് ചോദിച്ച അപേക്ഷകൾ നമുക്ക് ലഭിച്ചു എന്നും അറിയുന്നു.

16 സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.

17 എല്ലാ അനീതിയും പാപം ആകുന്നു; എന്നാൽ മരണത്തിനല്ലാത്ത പാപവും ഉണ്ട്.

18 ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു; ദൈവത്തിൽനിന്ന് ജനിച്ചവൻ അവനെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.

19 നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്‍റെ അധീനതയിൽ കിടക്കുന്നു.

20 ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്‍റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

21 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സൂക്ഷിക്കുവിൻ.

MAL-IRV

Creative Commons License

Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.

Bridge Connectivity Solutions Pvt. Ltd.
Lean sinn:



Sanasan