1 കൊരിന്ത്യർ 11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിൻ. മൂടുപടം ഇടുക 2 നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച നടപടിക്രമങ്ങൾ അപ്രകാരം തന്നെ പ്രമാണിക്കുകയും ചെയ്യുകയാൽ നിങ്ങളെ പുകഴ്ത്തുന്നു. 3 എന്നാൽ ഏതു പുരുഷൻ്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്‍റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. 4 മൂടുപടം ഇട്ടു പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് പുരുഷനും തന്‍റെ തലയെ അപമാനിക്കുന്നു. 5 എന്നാൽ മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്‍റെ തലയെ അപമാനിക്കുന്നു; അത് അവൾ ക്ഷൗരം ചെയ്യിച്ചതു പോലെയല്ലോ. 6 സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി മുറിച്ചുകളയട്ടെ. മുറിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ. 7 പുരുഷൻ ദൈവത്തിന്‍റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. എന്നാൽ സ്ത്രീ പുരുഷന്‍റെ തേജസ്സ് ആകുന്നു. 8 പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നത്രേ ഉണ്ടായത്. 9 പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്. 10 അതുകൊണ്ട് ദൂതന്മാർ നിമിത്തം അധികാരത്തിന്‍റെ പ്രതീകമായ മൂടുപടം സ്ത്രീക്ക് ഉണ്ടായിരിക്കേണം. 11 എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല. 12 എന്തെന്നാൽ സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉണ്ടാകുന്നു; എന്നാൽ സകലവും ദൈവത്തിൽ നിന്നാകുന്നു. 13 നിങ്ങൾതന്നെ വിധിക്കുവിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് യോഗ്യമോ? 14 പുരുഷൻ മുടി നീട്ടിയാൽ അത് അവനു അപമാനം എന്നും 15 സ്ത്രീ മുടി നീട്ടിയാലോ, അത് മൂടുപടമായി നല്കിയിരിക്കുകകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതി തന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? 16 ഒരുവൻ തർക്കിക്കുവാൻ ഭാവിച്ചാൽ ഇതല്ലാതെയുള്ള ഒരു മര്യാദ ഞങ്ങൾക്കില്ല, ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ. കർത്താവിന്‍റെ മേശ 17 ഇനിയും നിർദ്ദേശിക്കുവാൻ പോകുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല; കാരണം നിങ്ങൾ കൂടിവരുന്നത് നല്ലതിനായല്ല, ദോഷത്തിനായിട്ടത്രേ. 18 ഒന്നാമത്, നിങ്ങൾ സഭയായി ഒന്നിച്ചുകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്ന് ഞാൻ കേൾക്കുന്നു; അത് ഭാഗികമായി ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. 19 നിങ്ങളിൽ യോഗ്യരായവരെ തിരിച്ചറിയേണ്ടതിന് നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യം. 20 നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്‍റെ അത്താഴം ഭക്ഷിക്കുവാനല്ല വരുന്നത്. 21 എന്തെന്നാൽ, ഭക്ഷണം കഴിക്കുമ്പോൾ ഓരോരുത്തരും അവരവരുടെ അത്താഴം ആദ്യം കഴിക്കുന്നു. അങ്ങനെ ഒരുവൻ വിശന്നും മറ്റൊരുവൻ ലഹരിപിടിച്ചും ഇരിക്കുന്നു. 22 തിന്നുവാനും കുടിക്കുവാനും നിങ്ങൾക്ക് വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിന്‍റെ സഭയെ നിങ്ങൾ നിന്ദിക്കുകയും, ഇല്ലാത്തവരെ ലജ്ജിപ്പിക്കുകയും ചെയ്യുന്നുവോ? നിങ്ങളോട് എന്ത് പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല. 23 ഞാൻ കർത്താവിൽ നിന്നു പ്രാപിച്ച്, നിങ്ങൾക്ക് ഏല്പിക്കുന്നത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്ത് സ്തോത്രംചൊല്ലി നുറുക്കി: 24 ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്‍റെ ശരീരം; എന്‍റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്നു പറഞ്ഞു. 25 അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം, അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്‍റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇത് കുടിക്കുമ്പോഴൊക്കെയും എന്‍റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നു പറഞ്ഞു. 26 അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുന്നു. 27 അതുകൊണ്ട് അയോഗ്യമായ രീതിയിൽ അപ്പം തിന്നുകയോ കർത്താവിന്‍റെ പാനപാത്രം കുടിയ്ക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരൻ ആകും. 28 മനുഷ്യൻ തന്നെത്താൻ പരിശോധിച്ചിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുവാൻ. 29 അതുകൊണ്ട്, ശരീരത്തെ വിവേചിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ തനിക്കുതന്നെ ശിക്ഷാവിധി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു. 30 അത് കാരണം നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. 31 നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല. 32 എന്നാൽ നാം വിധിക്കപ്പെടുന്നു എങ്കിലോ ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന് കർത്താവ് നമുക്ക് ശിക്ഷണം നൽകുകയാകുന്നു. 33 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഭക്ഷണം കഴിക്കുവാൻ കൂടുമ്പോൾ അന്യോന്യം കാത്തിരിക്കുവിൻ. 34 വല്ലവനും വിശക്കുന്നു എങ്കിൽ നിങ്ങൾ ഒരുമിച്ച് കൂടുന്നത് ന്യായവിധിയ്ക്ക് കാരണം ആകാതിരിക്കേണ്ടതിന് അവൻ വീട്ടിൽവച്ച് ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാൻ വന്നിട്ട് ക്രമപ്പെടുത്തും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.