1 ദിനവൃത്താന്തം 9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യിസ്രായേൽ മുഴുവനും വംശാവലിയായി രേഖപ്പെടുത്തിയിരുന്നു; അത് യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യം നിമിത്തം പ്രവാസികളായി ബാബേലിലേക്കു കൊണ്ടുപോയി. പ്രവാസത്തിൽനിന്നു മടങ്ങിവന്ന ജനം 2 അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു. 3 യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശെയരും താമസിച്ചു. 4 അവർ: യെഹൂദായുടെ മകനായ പേരെസ്സിന്‍റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്‍റെ മകൻ ഊഥായി; 5 ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്‍റെ പുത്രന്മാരും; 6 സേരെഹിന്‍റെ പുത്രന്മാരിൽ യെയീയേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690) 7 ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ സല്ലൂവും 8 യെരോഹാമിന്‍റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്‍റെ മകനായ രെയൂവേലിന്‍റെ മകനായ ശെഫത്യാവിന്‍റെ മകൻ മെശുല്ലാമും 9 തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തി അമ്പത്താറു (956) പേര്‍. ഈ പുരുഷന്മാരൊക്കെയും അവരവരുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു. 10 പുരോഹിതന്മാരായ യെദയാവും യെഹോയാരീബും യാഖീനും, 11 അഹീതൂബിന്‍റെ മകനായ മെരായോത്തിന്‍റെ മകനായ സാദോക്കിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ ഹില്ക്കീയാവിന്‍റെ മകനായി ദൈവാലയാധിപനായ 12 അസര്യാവും, മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരിന്‍റെ മകനായ യെരോഹാമിന്‍റെ മകൻ അദായാവും, ഇമ്മേരിന്‍റെ മകനായ മെശില്ലേമീത്തിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്‍റെ മകൻ മയശായിയും 13 പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തി എഴുനൂറ്റി അറുപതു (1,760) പേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷക്ക് അതിസമർത്ഥർ ആയിരുന്നു. 14 ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്‍റെ മകനായ അസ്രീക്കാമിന്‍റെ മകനായ ഹശ്ശൂബിന്‍റെ മകനായ ശെമയ്യാവും 15 ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്‍റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും 16 യെദൂഥൂന്‍റെ മകനായ ഗാലാലിന്‍റെ മകനായ ശെമയ്യാവിന്‍റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന എല്ക്കാനയുടെ മകനായ ആസയുടെ മകൻ ബെരെഖ്യാവും ആയിരുന്നു. 17 വാതിൽകാവല്ക്കാരായി ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും ഉണ്ടായിരുന്നു. ശല്ലൂമും അവരുടെ തലവനായിരുന്നു. 18 ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്ക് വശത്ത് രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു. 19 കോരഹിന്‍റെ മകനായ എബ്യാസാഫിന്‍റെ മകനായ കോരേയുടെ മകൻ ശല്ലൂമും, അവന്‍റെ പിതൃഭവനത്തിലെ അവന്‍റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്‍റെ വാതിൽകാവല്ക്കാരായി ശുശ്രൂഷയ്ക്ക് മേൽനോട്ടം വഹിക്കുന്നവരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന് പ്രവേശനപാലകരായി മേൽനോട്ടം വഹിക്കുന്നവരായിരുന്നു. 20 എലെയാസാരിന്‍റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. 21 മെശേലെമ്യാവിന്‍റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു. 22 വാതിൽകാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ (212). അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം രേഖപ്പെടുത്തിയിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ നിയമിച്ചത്. 23 ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവയുടെ ആലയത്തിന്‍റെ വാതിലുകൾക്കു മുറപ്രകാരം കാവല്ക്കാരായിരുന്നു. 24 കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും ആലയത്തിന് കാവല്ക്കാരുണ്ടായിരുന്നു. 25 ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴു ദിവസം കൂടുംതോറും മാറി മാറി വന്നു അവരോടുകൂടെ കാവല്ക്കാരായിരുന്നു. 26 വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലു ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ മുറികൾക്കും ഭണ്ഡാരത്തിന്നും മേൽനോട്ടം നടത്തിയിരുന്നു. 27 കാവൽ നിൽക്കുന്നതും രാവിലെതോറും വാതിൽ തുറക്കുന്ന ജോലിയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്‍റെ ചുറ്റും താമസിച്ചുവന്നു. 28 അവരിൽ ചിലർക്കു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ ചുമതല ഉണ്ടായിരുന്നു; അവയെ എണ്ണി അകത്ത് കൊണ്ടുപോകുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും. 29 അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും, മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവയ്ക്കും മേൽനോട്ടക്കാരായി നിയമിച്ചിരുന്നു. 30 പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും. 31 ലേവ്യരിൽ ഒരുവനായ കോരഹ്യനായ ശല്ലൂമിന്‍റെ ആദ്യജാതൻ മത്ഥിഥ്യാവിനു ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു. 32 കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലർക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു. 33 ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനികളായ ഇവർ സംഗീതക്കാരായി അവിടെ താമസിച്ചിരുന്നു. അവർ രാവും പകലും തങ്ങളുടെ വേല ചെയ്യേണ്ടിയിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു. 34 ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ താമസിച്ചിരുന്നു. ശൗലിന്‍റെ വംശാവലി 35 ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും ഭാര്യ മാഖായും 36 അവന്‍റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ, നാദാബ്, 37 ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും താമസിച്ചിരുന്നു. 38 മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചിരുന്നു 39 നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു. 40 യോനാഥാന്‍റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. 41 മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്. 42 ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; 43 മോസ ബിനെയയെ ജനിപ്പിച്ചു; അവന്‍റെ മകൻ രെഫയാവു; അവന്‍റെ മകൻ എലാസാ; അവന്‍റെ മകൻ ആസേൽ. 44 ആസേലിന് ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ; ഇവർ ആസേലിന്‍റെ മക്കൾ. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.